എന്നിട്ട് വേഗം സ്വീകരണ മുറിയുടെ വശത്തുള്ള ജനലിന് സമീപമെത്തി ഉള്ളിലേക്ക് നോക്കി. അവള്‍ ഭയം കൊണ്ട് കിടുകിടാ വിറയ്ക്കുകയായിരുന്നു. അച്ഛനെ അവര്‍ വായില്‍ തുണിതിരുകി ബന്ധിച്ചിരിക്കുന്നത് അവള്‍ കണ്ടു. അമ്മ വിറച്ചുകൊണ്ട് അവന്റെ തോക്കിന്‍ മുനയില്‍ നില്‍ക്കുകയാണ്. അമ്മയ്ക്ക് ശബ്ദിക്കാന്‍ പോലും സാധിക്കുന്നില്ല എന്നവള്‍ക്ക് മനസിലായി.
“അവളെവിടെ? കിട്ടിയോ?” തോക്ക് പിടിച്ചിരുന്നവന്‍ ചോദിച്ചു.
“ഇല്ലടാ..അവള്‍ ഒരിടത്തുമില്ല…”
ഒരാള്‍ ശങ്കരന്റെ വായില്‍ നിന്നും തുണി ഊരിയ ശേഷം അയാളുടെ ചെകിട്ടത്ത് ആഞ്ഞടിച്ചു.
“എവിടെടാ നിന്റെ മോള്‍?”
“ആരാ നിങ്ങള്‍..എന്തിനാണ് ഈ അതിക്രമം ഞങ്ങളോട് കാണിക്കുന്നത്..ദയവായി പോകൂ..ഞങ്ങളെ ഉപദ്രവിക്കല്ലേ..പാവങ്ങളാണ് ഞങ്ങള്‍..” അയാള്‍ അനങ്ങാനാകാതെ നിലവിളിച്ചു. മറുപടി നെഞ്ചിനൊരു ചവിട്ടായിരുന്നു. ശങ്കരന്‍ വേദന കൊണ്ട് അലറി. അവന്‍ വീണ്ടും അയാളുടെ വായില്‍ തുണിതിരുകി.
“അയ്യോ അദ്ദേഹത്തെ ഒന്നും ചെയ്യല്ലേ..ഒന്നും ചെയ്യല്ലേ” രുക്മിണി ശങ്കരന്‍ അലറുന്നത് കണ്ടു കരഞ്ഞുകൊണ്ട് പറഞ്ഞു. തോക്ക് പിടിച്ചിരുന്നവന്‍ അവളുടെ കരണത്ത് തന്നെ പ്രഹരിച്ചു.
“എവിടെടി നിന്റെ മോള്‍?” അവന്‍ മൃഗത്തെപ്പോലെ മുരണ്ടു.
രുക്മിണിയും ശങ്കരനും ഉള്ളിന്റെ ഉള്ളില്‍ ആലോചിച്ചിരുന്നതും അത് തന്നെയായിരുന്നു! ദിവ്യ എവിടെപ്പോയി? കിടക്കാന്‍ നേരം അവളിവിടെ ഉണ്ടായിരുന്നതാണല്ലോ?
ഈ സമയത്ത് ഭയന്നു വിറച്ചു പുറത്ത് നിന്നിരുന്ന ദിവ്യ അല്പം മാറി നിന്നു പോലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തു. രണ്ടു തവണ ശ്രമിച്ചപ്പോള്‍ ആണ് മറുഭാഗത്ത് ഫോണെടുത്തത്. മുസ്തഫ പറഞ്ഞുറപ്പിച്ചത് പോലെ രവീന്ദ്രനായിരുന്നു രാത്രി ചാര്‍ജ്ജ് ഉണ്ടായിരുന്ന പോലീസുകാരന്‍.
“ഹലോ പോലീസ് സ്റ്റേഷന്‍” അയാള്‍ ഫോണെടുത്ത് പറഞ്ഞു.
“സാറേ..സഹായിക്കണം..ഞങ്ങളുടെ വീട്ടില്‍ ആരോ അതിക്രമിച്ചു കയറി അച്ഛനെ പിടിച്ചു കെട്ടി..ഉടനെ വരണം സര്‍..” ദിവ്യ വിറയലോടെ പറഞ്ഞു. ശക്തമായ മഴയില്‍ അവള്‍ കുറെയൊക്കെ നനഞ്ഞിരുന്നു. വീടിനോട് ചേര്‍ന്നുള്ള വരാന്തയില്‍ ആയിരുന്നു അവള്‍.
“നിങ്ങള്‍ ആരാണ്…എവിടെയാണ് പ്രശ്നം?”
രവീന്ദ്രന്‍ ചോദിച്ചു. ദിവ്യ വീടും സ്ഥലവും എല്ലാം പറഞ്ഞു.
“ശരി..ഞങ്ങള്‍ ഉടനെത്താം..ഇവിടെ വണ്ടി ഇല്ല..നോക്കട്ടെ”
അയാള്‍ ഫോണ്‍ കട്ട് ചെയ്തു. രവീന്ദ്രന്റെ മനസ് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി. അപ്പോള്‍ അറേബ്യന്‍ ഡെവിള്‍സ് ശങ്കരന്റെ വീട്ടില്‍ കയറിയിരിക്കുന്നു. പക്ഷെ ഇവള്‍ക്ക് എങ്ങനെ ഫോണ്‍ ചെയ്യാന്‍ പറ്റി? അതിനര്‍ത്ഥം അവളെ അവര് കണ്ടിട്ടില്ല എന്നല്ലേ. അയാള്‍ വേഗം മൊബൈല്‍ എടുത്ത് മുസ്തഫയ്ക്ക് ഫോണ്‍ ചെയ്തു.
“എടാ മുസ്തഫെ അവന്മാര്‍ അവിടെ കയറി..പെണ്ണ് ഇപ്പോള്‍ ഫോണ്‍ ചെയ്തിരുന്നു..അവളെ അവര്‍ക്ക് കിട്ടിയില്ലെടാ…അവള് ചിലപ്പോള്‍ വീടിനു പുറത്തോ മറ്റോ കാണും..നീ അവരെ വിളിച്ചു വിവരം പറ….”
“ശരി സാറേ..ഞാന്‍ വിളിക്കാം” മുസ്തഫ പറഞ്ഞു.
ദിവ്യ ഫോണ്‍ ചെയ്തശേഷം ജനലിലൂടെ നോക്കി. അമ്മയുടെ കരണത്ത് അടി വീഴുന്നത് കണ്ട് അവള്‍ ഞെട്ടി. അച്ഛന്റെ വായില്‍ അവര്‍ വീണ്ടും തുണി തിരുകിക്കയറ്റിയിരിക്കുന്നു.
“എവിടെടി നിന്റെ മോള്‍…പറയടി…” ഒരുവന്‍ വന്നു രുക്മിണിയുടെ കഴുത്തിനു പിടിച്ചുകൊണ്ടു പറഞ്ഞു.
“അറിയില്ല..അവളിവിടെ ഇല്ല” രുക്മിണി കൈകള്‍ കൂപ്പിക്കൊണ്ടാണ് അത് പറഞ്ഞത്.
“രണ്ടിനെയും ഞങ്ങള്‍ ചുട്ടുകളയും…കള്ളം പറയുന്നോടി കഴുവര്‍ട മോളെ..അവളെ സന്ധ്യക്ക് ഞങ്ങള്‍ കണ്ടതാണല്ലോടി..”
“അറിയില്ല”