മൃഗം 12 [Master]

Posted by

രുക്മിണി നെഞ്ചത്തടിച്ചു നിലവിളിച്ചു. ശങ്കരന്‍ എന്ത് ചെയ്യണമെന്നറിയാതെ അശക്തനായി നിലത്തു കുന്തിച്ചിരുന്നു. ഈ കനത്ത മഴയത്ത്, അര്‍ദ്ധരാത്രി ആരാണ് തങ്ങളെ സഹായിക്കുക. തൊട്ടടുത്ത് വീടുകള്‍ പോലുമില്ല. പെട്ടെന്ന് അയാള്‍ ചാടി എഴുന്നേറ്റു..

“രുക്മിണി..നീ കതക് ഉള്ളില്‍ നിന്നും അടയ്ക്ക്..ഞാന്‍ ഉടനെ വരാം..ഞാനോ ദിവ്യയോ അല്ലാതെ ആരു വന്നാലും കതക് തുറക്കരുത്…നീയൊരു വെട്ടുകത്തി എടുത്തു കൈയില്‍ വച്ചോ..ആരെങ്കിലും അതിക്രമിച്ചു കയറിയാല്‍ വെട്ടി അരിഞ്ഞെക്ക്..ഞാനെന്റെ മോളെ രക്ഷിക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കട്ടെ…” അയാള്‍ പറഞ്ഞു. രുക്മിണി കരഞ്ഞുകൊണ്ട് തലയാട്ടി. ശങ്കരന്‍ ഉള്ളില്‍ ചെന്നു ടോര്‍ച്ച് എടുത്ത് വേഗം മഴയത്തേക്കിറങ്ങി.

ഈ സമയത്ത് ദിവ്യ ഓടുകയായിരുന്നു. അവള്‍ക്ക് പിന്നാലെ വണ്ടിയില്‍ അറേബ്യന്‍ ഡെവിള്‍സും. റോഡിലൂടെ കുറെദൂരം ഓടിയ ദിവ്യയുടെ പിന്നാലെ രണ്ടു വശത്തേക്കും വെള്ളം തെറിപ്പിച്ചുകൊണ്ട് വണ്ടി കുതിച്ചെത്തുന്നുണ്ടായിരുന്നു. അത് അതിവേഗം തന്റെ സമീപത്തേക്ക് പാഞ്ഞടുക്കുന്നത് മനസിലാക്കിയ ദിവ്യ  വേഗം അടുത്തുകണ്ട ഒരു ഇടവഴിയിലേക്ക് ഓടിക്കയറി. ആ വഴിയിലൂടെ വണ്ടി കയറി വരില്ല എന്നവള്‍ക്ക് അറിയാമായിരുന്നു. ആ ഊടുവഴിയിലൂടെ ലക്ഷ്യമില്ലാതെ അവള്‍ ഓടി.

“നായിന്റെ മോളെ ഓടിച്ചിട്ട്‌ പിടിക്കടാ…” വണ്ടി ചവിടി നിര്‍ത്തി മാലിക്ക് അലറി.

“നിങ്ങള്‍ ഇവിടിരിക്ക്..ഞാനേറ്റു അവളുടെ കാര്യം”

ഓട്ടത്തില്‍ വിദഗ്ധനായ സ്റ്റാന്‍ലി ശക്തിയേറിയ വെളിച്ചമുള്ള ടോര്‍ച്ചുമായി പുറത്തിറങ്ങി പറഞ്ഞു. ദിവ്യ ഇടവഴിയിലൂടെ ജീവനും കൊണ്ട് പായുകയായിരുന്നു. പിന്നാലെ ശക്തിയേറിയ വെളിച്ചം തന്റെ മേല്‍ അടിക്കുന്നത് അവള്‍ കണ്ടു. സകല ശക്തിയും എടുത്ത് അവള്‍ ഓടി. വെള്ളം കെട്ടിനിന്നിരുന്ന ആ വഴിയിലൂടെയുള്ള ഓട്ടം ദുസ്സഹമായിരുന്നു. പക്ഷെ നിന്നാല്‍ തന്നെ അവര്‍ പിച്ചിച്ചീന്തും എന്ന ചിന്ത അവള്‍ക്ക് ഊര്‍ജ്ജം നല്‍കി. അമ്മയെ വിട്ടിട്ട് തന്റെ പിന്നാലെ അവര്‍ വന്നതില്‍ അവള്‍ക്ക് സന്തോഷമേ ഉള്ളായിരുന്നു. തന്നെ അവന്മാര്‍ പിടിച്ചു കൊന്നാലും പാവം അമ്മയെ തനിക്ക് രക്ഷിക്കാന്‍ കഴിഞ്ഞല്ലോ. ഈ ജന്മം കൊണ്ട് തന്റെ അമ്മയ്ക്ക് അങ്ങനെയെങ്കിലും ഒരു സഹായം ചെയ്യാന്‍ തനിക്ക് സാധിച്ചല്ലോ എന്ന സന്തോഷത്തോടെ താന്‍ മരിക്കും. മനസ്സില്‍ ശുഭാപ്തി വിശ്വാസത്തോടെ മരണത്തെ നേരിടാന്‍ പോലും തയ്യാറായിത്തന്നെ ദിവ്യ ഇരുട്ടിലൂടെ, പിന്നില്‍ നിന്നും വരുന്ന വെളിച്ചത്തെ ഭയന്ന് ഓടി.

എങ്കിലും അവള്‍ ഏറെക്കുറെ തളര്‍ന്നു തുടങ്ങിയിരുന്നു. പക്ഷെ നിന്നാല്‍ താന്‍ പിച്ചി ചീന്തപ്പെടും..അവള്‍ സകല ശക്തിയും സംഭരിച്ച് ഓട്ടത്തിന്റെ വേഗത കൂട്ടി. ഒരു പുള്ളിപ്പുലിയെപ്പോലെ, കരട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ്‌ നേടിയ സ്റ്റാന്‍ലി അവള്‍ക്ക് പിന്നാലെ മിന്നല്‍ പോലെ പാഞ്ഞടുക്കുകയായിരുന്നു. തന്റെ പിന്നാലെയുള്ള വെളിച്ചം തന്നോട് വളരെ സമീപിക്കുന്നത് കണ്ട ദിവ്യ ഉറക്കെ കരഞ്ഞുകൊണ്ട് ഓടി. രക്ഷിക്കണേ ദൈവമേ എന്നവള്‍ ഉറക്കെ നിലവിളിക്കുന്നുണ്ടായിരുന്നു. താന്‍ എവിടെക്കാണ്‌ ഓടുന്നത് എന്നുപോലും അവള്‍ക്ക് നിശ്ചയമുണ്ടായിരുന്നില്ല. തനിക്ക് പിന്നാലെ വരുന്നയാള്‍ ഏതാണ്ട് തൊട്ടടുത്തെത്തി എന്ന് ദിവ്യ ഞെട്ടലോടെ അറിഞ്ഞു. അവള്‍ക്ക് ശരീരവും മനസും തളരുന്നതുപോലെ തോന്നി.

“എന്റെ ഭഗവാനെ..എന്നെ അവന്റെ കൈയില്‍ ഇട്ടുകൊടുക്കല്ലേ” എന്ന് ഉറക്കെ കരഞ്ഞു വിളിച്ചുകൊണ്ട് തന്റെ അവസാനത്തെ ഊര്‍ജ്ജത്തിന്റെ കണികയും സ്വരുക്കൂട്ടി അവള്‍ മുന്‍പോട്ടു കുതിച്ചു. സ്റ്റാന്‍ലി അവളുടെ തൊട്ടടുത്ത് എത്തിക്കഴിഞ്ഞിരുന്നു. ദിവ്യയ്ക്ക് തന്റെ കാലുകള്‍ കുഴയുന്നത് മനസിലായി. തന്റെ കൈകളില്‍ അവന്റെ വിരലുകള്‍ സ്പര്‍ശിക്കുന്നത് ദിവ്യ അറിഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *