മുകളിലേക്ക് നോക്കി നെഞ്ചില്‍ കൈവച്ച് അങ്ങനെ പറഞ്ഞ രുക്മിണി, നിലത്ത് കുമ്പിട്ടു കിടന്ന മകളെ പിടിച്ചുയര്‍ത്തി. അവളുടെ മുഖത്തെ ഭാവം വിവേചിക്കാന്‍ അവള്‍ക്ക് സാധിച്ചില്ല; ഭക്തിയാണോ അതോ സ്നേഹമാണോ നിര്‍വൃതി ആണോ അതോ എല്ലാം കൂടിക്കലര്‍ന്നതാണോ എന്ന് മനസിലാക്കാന്‍ കഴിയാതെ രുക്മിണി നിറകണ്ണുകളോടെ പുഞ്ചിരിച്ചു.
“നിന്റെ പ്രാര്‍ത്ഥന ഈശ്വരന്‍ വളരെ വേഗം തന്നെ കേട്ടു മോളെ.. അത്ഭുതമായിരിക്കുന്നു ഇത്..” അവള്‍ പറഞ്ഞു.
“ഭഗവാന്‍ എന്റെ വാസുവേട്ടനെ കൈവിടില്ല അമ്മെ…..” ദിവ്യ എഴുന്നേറ്റ് മുടിവാരിക്കെട്ടിക്കൊണ്ട് പറഞ്ഞു.
“മോള് വാ..ഇനി വല്ലതും കഴിക്ക്..എന്റെ കുഞ്ഞു ചേമ്പില പോലെ വാടി ഒരൊറ്റ ദിവസം കൊണ്ട്” മകളുടെ നിറുകയില്‍ ചുംബിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“അച്ഛന്‍ കഴിച്ച ശേഷം കഴിച്ചോളാം അമ്മെ..എന്തായാലും ഇത്ര ആയില്ലേ” ദിവ്യ പറഞ്ഞു.
“മോള്‍ടെ ഇഷ്ടം”
രുക്മിണിയുടെ കൂടെ അവള്‍ അടുക്കളയിലേക്കു കയറി.
——————
“ചിയേഴ്സ്………”
മദ്യഗ്ലാസുകള്‍ കൂട്ടിമുട്ടിച്ച് അവര്‍ നാലുപേരും കൂടി പറഞ്ഞു. നാല്‍വരും വലിയ സന്തോഷത്തിലായിരുന്നു.
“എടാ മുസ്തഫെ..നീ ഇത് വിളിച്ചു പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ നമ്മുടെ പോക്കറിനെ വിളിച്ചു പറഞ്ഞാണ് ഈ രണ്ടു കുപ്പി സ്കോച്ച് വാങ്ങിയത്. അവന്റെ തന്നെ കെയറോഫില്‍ വരുത്തിയതാണ് ഈ നാടന്‍ മട്ടന്‍ ഫ്രൈ..ഇത് ശരിക്കും ആഘോഷിക്കേണ്ട വാര്‍ത്ത അല്ലേടാ….”
രവീന്ദ്രന്‍ മദ്യം ഒരല്‍പം കുടിച്ച ശേഷം മുസ്തഫയോടായി പറഞ്ഞു. അയാളുടെ വീടിന്റെ ടെറസില്‍ സന്ധ്യക്ക് കൂടിയിരിക്കുകയായിരുന്നു അയാളും മൊയ്തീനും ദിവാകരനും മുസ്തഫയും. പൌലോസിന്റെ ട്രാന്‍സ്ഫര്‍ ഉറപ്പാക്കിയ മുസ്തഫയുടെ വിജയം ആഘോഷിക്കുകയായിരുന്നു അവര്‍.
“എനിക്ക് ഒരാഗ്രഹം ഉണ്ട് രവീന്ദ്രന്‍ സാറെ..” മുസ്തഫ പറഞ്ഞു.
“പറയടാ..നിന്റെ ഏതാഗ്രഹവും ഞാന്‍ സാധിച്ചു തരാം. ആ പന്ന നായിന്റെ മോന്‍ എസ് ഐ വന്ന ശേഷം ഒരു നയാപൈസ ഉണ്ടാക്കാനോ പറ്റുന്നില്ലെന്നത് പോട്ടെ..നമ്മള്‍ എന്ത് ചെയ്താലും അതില്‍ ഇടങ്കോലിടാന്‍ അവന്‍ മുന്‍പില്‍ തന്നെ വരിക എന്നുകൂടി ആയാല്‍? ..അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാന്‍ വേണ്ടത് ചെയ്ത നിനക്ക് എന്നെക്കൊണ്ട് പറ്റുന്ന എന്തും ഞാന്‍ ചെയ്ത് തരും..എന്തും..ഞാന്‍ മാത്രമല്ലടാ..സ്റ്റേഷനിലെ മിക്കവര്‍ക്കും അവനങ്ങ് പോയിക്കിട്ടിയാല്‍ മതി എന്നാ ആഗ്രഹം..”
“ആ ആഗ്രഹം ഞാന്‍ സാധിച്ചല്ലോ..സാറേ മുസ്തഫയുടെ കൂടെ നിന്നാല്‍ അതിന്റെ ഗുണം എന്നായാലും ഉണ്ടാകും”
മൃഗം 11 [Master]
Posted by