മൃഗം 11 [Master]

Posted by

“അമ്മെ..അമ്മെ വേഗം വാ..” കണ്ണുകള്‍ തുടച്ച് വര്‍ദ്ധിച്ച ഉത്സാഹത്തോടെ ദിവ്യ അമ്മയെ വിളിച്ചു. രുക്മിണി അടുക്കളയില്‍ ചെയ്തുകൊണ്ടിരുന്ന ജോലി അവിടെ ഉപേക്ഷിച്ചിട്ട് ലിവിംഗ് റൂമിലെത്തി.
“എന്താ മോളെ..എന്തെങ്കിലും നല്ല വാര്‍ത്തയുണ്ടോ” അവള്‍ ചോദിച്ചു.
“നോക്കമ്മേ..” ആനന്ദാശ്രുക്കള്‍ പൊഴിച്ചുകൊണ്ട്‌ ദിവ്യ ടിവിയിലേക്ക് വിരല്‍ ചൂണ്ടി. രുക്മിണി ആകാംക്ഷയോടെ നോക്കി.
“….പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ അയാളോട് ഞാന്‍ അല്പം പരുഷമായി സംസാരിച്ചു പോയി..അറിയാതെ സംഭവിച്ചതാണ്..അങ്ങനെ പറയരുതായിരുന്നു.. അതില്‍ പ്രകോപിതനായാണ് അയാള്‍ എന്നെ ആക്രമിച്ചത്…തെറ്റ് എന്റെ ഭാഗത്ത് തന്നെ ആയതുകൊണ്ട് ഇക്കാര്യത്തില്‍ അയാള്‍ നിരപരാധി ആണ് എന്ന് പറയാന്‍ വേണ്ടിയാണ് ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നത്..അയാള്‍ക്കെതിരെ യാതൊരു നിയമനടപടിയും ആവശ്യമില്ല എന്ന് ഞാന്‍ പോലീസിനോടും എനിക്ക് പിന്തുണ പ്രഖ്യാപിച്ച സകല സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നു..”
നമ്മള്‍ കേട്ടത് അഞ്ജനയുടെ വാക്കുകള്‍ ആണ്. സ്വന്തം തെറ്റ് തിരിച്ചറിഞ്ഞു അത് ഏറ്റു പറഞ്ഞുകൊണ്ട് നമുക്കേവര്‍ക്കും മാതൃക ആയിരിക്കുകയാണ് ഈ പെണ്‍കുട്ടി. ഇങ്ങനെ ഒരു തീരുമാനമെടുക്കാന്‍ മകളെ പ്രേരിപ്പിച്ച ശ്രീ ഗൌരീകാന്തിന്റെ വാക്കുകള്‍ കൂടി നമുക്ക് കേള്‍ക്കാം.
“സര്‍..എന്തുകൊണ്ടാണ് അങ്ങ് മകളെ ആക്രമിച്ച വ്യക്തിയോട് നിരുപാധികം ക്ഷമിക്കാന്‍ തീരുമാനിച്ചത്?”
“സീ..തെറ്റ് ചെയ്തയാള്‍ അത് എന്തുകൊണ്ട് ചെയ്തു എന്ന് നോക്കുന്ന ഒരു ശീലം എനിക്കുണ്ട്. ഇന്നലെ മാധ്യമങ്ങള്‍ വഴിയാണ് എന്റെ മകളെ ഏതോ ഒരു വ്യക്തി മര്‍ദ്ദിച്ച വിവരം ഞാനറിയുന്നത്. അയാളെ എനിക്കറിയില്ല; അറിയുമായിരുന്നു എങ്കില്‍ എന്റെ മകളോടല്ല, അയാളോട് തന്നെ ഞാന്‍ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞേനെ..കാരണം എന്റെ മകള്‍ അവളുടെ ഭാഗം ന്യായീകരിക്കാന്‍ അല്ലെ നോക്കൂ..പക്ഷെ അതുണ്ടായില്ല..തനിക്ക് പറ്റിയ തെറ്റ് അവള്‍ അല്പം വൈകി ആണെങ്കിലും തിരിച്ചറിഞ്ഞു..ഞാന്‍ പ്രേരിപ്പിച്ചത് കൊണ്ടല്ല അവളിതു മാധ്യമങ്ങളോട് പറഞ്ഞത്..എന്നോട് പറഞ്ഞ സത്യം മറ്റുള്ളവരും അറിഞ്ഞോട്ടെ എന്നുള്ളത് അവളുടെ തീരുമാനം തന്നെ ആയിരുന്നു അത്…എനിക്ക് എന്റെ മകളുടെ ഈ സന്മനസില്‍ വളരെ സന്തോഷവും അഭിമാനവും തോന്നുന്നു…ഇതിനു കാരണക്കാരന്‍ ആയ ആ ചെറുപ്പക്കാരനതിരെ യാതൊരു നടപടിയും വേണ്ട എന്ന് ഞാനും അയാള്‍ക്ക് വേണ്ടി ആവശ്യപ്പെടുന്നു…”
വളരെ നന്ദി സര്‍…
ദിവ്യ നിറഞ്ഞ കണ്ണുകളോടെ, സന്തോഷത്തോടെ പുഞ്ചിരിച്ചുകൊണ്ട് അമ്മയെ നോക്കി; പിന്നെ നിലത്ത് കുമ്പിട്ട് ദൈവത്തെ നമസ്കരിച്ചു.
“ഈശ്വരാ..നീ കാത്തു..”

Leave a Reply

Your email address will not be published. Required fields are marked *