മൃഗം 11
Mrigam Part 11 Crime Thriller Novel | Author : Master
Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 | Part 10 |
പുന്നൂസും റോസിലിനും കണ്ണില്‍ എണ്ണയൊഴിച്ച് വാസുവിനെയും ഡോണയെയും കാത്തിരിക്കുകയായിരുന്നു. ബുള്ളറ്റിന്റെ ശബ്ദം പുറത്ത് മുഴങ്ങുന്നത് കേട്ടു പുന്നൂസ് വേഗം പുറത്തേക്ക് ഇറങ്ങി. ബൈക്ക് വന്നു നിന്നപ്പോള്‍ ഡോണ പിന്നില്‍ നിന്നും ഇറങ്ങി ഉള്ളിലേക്ക് വേഗം ഓടിക്കയറി. അവളുടെ മുഖഭാവവും പോക്കും കണ്ടു പുന്നൂസ് അവളെയും പിന്നെ വാസുവിനെയും നോക്കി. അവളുടെ ആ പോക്കില്‍ എന്തോ പ്രശ്നം ഉള്ളതുപോലെ അയാള്‍ക്ക് തോന്നി.
“വാടാ..ഞാന്‍ നിങ്ങളെ കാത്തിരിക്കുകയായിരുന്നു…”
അയാള്‍ വാസുവിനെ ഉള്ളിലേക്ക് ക്ഷണിച്ചു. അവന്‍ ബൈക്ക് സ്റ്റാന്റില്‍ വച്ച ശേഷം ഇറങ്ങി ചെന്നു. ലൈറ്റിന്റെ പ്രകാശത്തിലേക്ക് അവന്‍ വന്നപ്പോള്‍ പുന്നൂസ് അവന്റെ ഷര്‍ട്ടില്‍ തെറിച്ചിരുന്ന രക്തത്തുള്ളികള്‍ കണ്ടു ഞെട്ടി. അവന്റെ മുഖത്ത് ചെറിയ ഒരു മുറിവും ഉണ്ടായിരുന്നു.
“വാസു..എന്ത് പറ്റി..നിന്റെ ദേഹത്ത് ചോര എങ്ങനെ പറ്റി..ഈ മുറിവ് എങ്ങനെ ഉണ്ടായി?” മൊത്തത്തില്‍ ഒരു പന്തികേട് മണത്ത അയാള്‍ ഞെട്ടലോടെ ചോദിച്ചു.
“തിരിച്ചു വരുന്ന വഴി ചെറിയ ഒരു ചെറിയ ഉരസല്‍ ഉണ്ടായി സാറെ….അതിന്റെ ബാക്കിയാ ഇതൊക്കെ” അവന്‍ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്.
“എടാ നീ കാര്യം പറ..എന്താണ് സംഭവിച്ചത്..”
“ഒന്നുമില്ല സാറെ..ചെറിയ ഒരു ഈശാപോശ…മോളോട് ചോദിച്ചാല്‍ മതി എല്ലാം വിശദമായി പറഞ്ഞു തരും…ഞാന്‍ പോട്ടെ സാറേ…വല്ലാതെ വിശക്കുന്നു….” വാസു അയാളുടെ അനുമതിക്കായി കാത്തു.
“ഒന്നിങ്ങു വന്നെ..” ഉള്ളില്‍ നിന്നും റോസ്‌ലിന്‍ വിളിക്കുന്നത് കേട്ടു പുന്നൂസ് അവനെ നോക്കി.
“നീ പോകാന്‍ വരട്ടെ..ഞാനിപ്പോള്‍ വരാം”
അങ്ങനെ പറഞ്ഞിട്ട് അയാള്‍ ഉള്ളിലേക്ക് പോയി. സോഫയില്‍ ഇരുന്നു വിറയ്ക്കുന്ന മകളെ കണ്ടപ്പോള്‍ പുന്നൂസ് ചോദ്യഭാവത്തില്‍ റോസിലിനെ നോക്കി..
“എന്താടി..എന്ത് പറ്റി?” അയാള്‍ ഭാര്യയോട് ചോദിച്ചു.
“ഇവള്‍ ഒരക്ഷരം മിണ്ടുന്നില്ല..എന്തോ വല്ലാതെ ഭയന്ന മട്ടാണ്…ഇത്ര ധൈര്യമുള്ള ഇവള്‍ ഇങ്ങനെ ഭയന്നു കാണുന്നത് ഇതാദ്യമായാണ്…”
റോസ്‌ലിന്‍ മകളുടെ അടുത്തിരുന്ന് പറഞ്ഞു. പുന്നൂസും ഡോണയുടെ ഒപ്പം ഇരുന്ന് അവളെ തഴുകി.
“മോളെ..എന്ത് സംഭവിച്ചു? നീ എന്താ ഇങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? വഴിക്ക് എന്താണ് സംഭവിച്ചത്? ടെല്‍ മി..”
അയാള്‍ അവളെ കുലുക്കി വിളിച്ചുകൊണ്ട് പറഞ്ഞു. ഡോണ ഭീതിയോടെ മുഖം ഉയര്‍ത്തി. അവള്‍ വെള്ളം വേണം എന്ന് ആംഗ്യം കാട്ടി. റോസ്‌ലിന്‍ വേഗം ഒരു ഗ്ലാസില്‍ അവള്‍ക്ക് വെള്ളം കൊണ്ടുക്കൊടുത്തു. അത് കുടിച്ച ശേഷം ഗ്ലാസ് തിരികെ നല്‍കിയ ഡോണ നോക്കുമ്പോള്‍ ഉള്ളിലേക്ക് വരുന്ന വാസുവിനെ കണ്ടു.
“എന്താ സാറേ.. ഈ കൊച്ചിന് എന്ത് പറ്റി?” അവന്‍ വാതില്‍ക്കല്‍ത്തന്നെ നിന്നു ചോദിച്ചു.
“പപ്പാ..ഹി ഈസ് നോട്ട് എ ഹ്യുമന്‍..ഹി ഈസ് എ ബീസ്റ്റ്..എ ടെറിബിള്‍ ബീസ്റ്റ്….” അവന്റെ നേരെ വിരല്‍ ചൂണ്ടി ഡോണ ഭയത്തോടെ പറഞ്ഞു; അവള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. പുന്നൂസ് ഞെട്ടിത്തരിച്ച് അവനെ നോക്കി.
“വാസു..എന്താണ് സംഭവിച്ചത്? നീ എന്റെ മോളെ എന്ത് ചെയ്തു?” പുന്നൂസിന്റെ സ്വരത്തില്‍ കോപം നിഴലിച്ചിരുന്നു.
“സാറ് മോളോട് തന്നെ ചോദിക്ക്..അവളുടെ നാവ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടല്ലോ….ഒന്ന് വേഗം വേണേ കൊച്ചെ..എനിക്ക് നല്ല വിശപ്പുണ്ട്..പോണം..” അവന്‍ പറഞ്ഞു.
“മോളെ നീ കാര്യം പറ..കമോണ്‍”