എന്ത് കലോ…കലോ? എവടാടാ നീ? മീൻ വാങ്ങാൻ പറഞ്ഞതു മറന്നോടാ? ചേച്ചിയുടെ ഇത്തിരി കലിപ്പു കലർന്ന ഒച്ചകേട്ടപ്പോളവന്റെ ചവിട്ടിന്റെ സ്പീഡു കൂടി.
വാങ്ങാൻ പോവുകാ ചേച്ചീ. ദേ പോയി… ദാ വന്നു.
ഓഹോ മറന്നതും പോരാ ഇനി സുരേഷ് ഗോപിയും… നിന്നെ ഞാനെന്താ ചെയ്യണ്ടേ ഭഗവതീ…
ഒന്നു കെട്ടിപ്പിടിച്ചാ മതി …. അവൻ മനസ്സിലോർത്തു… പക്ഷേ വെളിയിൽ പറഞ്ഞില്ല! ശരി. കാർത്തു ഫോൺ വെച്ചു.
ബാലന്റെയച്ഛൻ കൈമൾ വക്കീൽ, വലിയ നഗരത്തിൽ നിന്നും പുള്ളീടെ സീനിയർ വക്കീൽ പണി മതിയാക്കിയപ്പോൾ അടുത്തുള്ള കൊച്ചു പട്ടണത്തിലേക്ക് പത്തു പന്ത്രണ്ടു വർഷം മുൻപ് പ്രാക്റ്റീസു മാറ്റിയതായിരുന്നു. ഇപ്പോൾ കോടതിയിലെ നമ്പർ വൺ സിവിൽ വക്കീലാണ്. മൂത്ത മൂന്നാൺമക്കളും അച്ഛന്റെ വഴിയിൽത്തന്നെ. അതിലൊരുത്തൻ മജിസ്ട്രേറ്റ്, ബാക്കിരണ്ടും തന്തേടെ വാലീത്തൂങ്ങി ജീവിക്കുന്നു. എല്ലാം കെട്ടി പെണ്ണും പരാധീനവുമായി. പിന്നെ ബാലനൊരു ചേച്ചിയുണ്ട്. കെട്ടിയവനൊരു കിഴങ്ങനായതോണ്ട് അവളവനെ ഭരിച്ചു മടുക്കുമ്പോൾ വീട്ടിൽ വന്നു സുഖവാസം നയിക്കും…
ഏതായാലും ഏറ്റവുമിളയളവനായ ബാലൻ ഇള്ളേ വിളിച്ചു വരവറിയിച്ചപ്പോഴേക്കും പണിയെടുത്തു പാവം അവന്റെയമ്മേടെ നടുവൊടിഞ്ഞിരുന്നു. അവനാണെങ്കിൽ ഒരു മാതിരി പിരുത്ത ചെക്കനായിരുന്നു. ഈ നാട്ടിലേക്ക് താമസം മാറ്റിയപ്പോൾ പെറ്റമ്മേടെ പ്രാർത്ഥന കൊണ്ടവനു പുതിയൊരമ്മയെക്കിട്ടി.
സാത്വികനായൊരു മനുഷ്യനാണ് ഹൈസ്കൂളിൽ സംസ്കൃതം പഠിപ്പിക്കുന്ന മാധവൻ സാറ്. വെളുത്തു മെലിഞ്ഞു കുള്ളനായ മനുഷ്യൻ. അമ്മ മരിച്ചപ്പോൾ ഒറ്റയ്ക്കായ സാറ് മുപ്പത്തിയഞ്ചാം വയസ്സിൽ കെട്ടിക്കൊണ്ടുവന്നതാണ് പതിനെട്ടുകാരിയായ കാർത്ത്യായനിയെ…ഒരകന്ന ബന്ധത്തിലുള്ള അധികം സാമ്പത്തികമില്ലാത്ത കുടുംബത്തിൽ നിന്നും.