ഗോകുൽ അമ്മയുടെയും ബന്ധുക്കളുടെയും അടുത്തെത്തി. അജിത് പറഞ്ഞപോലെ തന്നെ അവന്റെ അമ്മ ജലജച്ചേച്ചിയും അനിയനും അച്ഛമ്മയുമെല്ലാം അവിടെയുണ്ട്. അവനെക്കണ്ടതും ജലജ, “ഡാ അജിത്തെവിടെ?”
“അവൻ താമസിക്കും ചേച്ചീ അവിടെ ഒരുപാടു ജോലി ബാക്കിയുണ്ട്. നിങ്ങൾ പൊയ്ക്കോളാൻ പറഞ്ഞു.”
അവരെല്ലാവരും കൂടി വീട്ടിലേക്കു നടന്നു. ഗോകുലിന്റെ വീടും കുടുംബവീടും കഴിഞാണു അജിത്തിന്റെ വീട്. ഗോകുലിന്റെ വീടിനടുത്തെത്തിയപ്പോൾ അവന്റെ ‘അമ്മ ഗിരിജടീച്ചർ പറഞ്ഞു “മോനെ നീ ഇവരെ വീട്ടി കൊണ്ട് വിട്ടിട്ടു വാ, നല്ല ഇരുട്ടല്ലേ”.
അങ്ങനെ അവൻ മറ്റുള്ളവരോടൊപ്പം പോയി. മാമിയെയും മറ്റും വീട്ടിലാക്കി അവൻ അജിത്തിന്റെ വീട്ടിലേക്കു അവരോടൊപ്പം നടന്നു.
“മോനെ ഗോകുലേ നീ വരണമെന്നില്ല ഞങ്ങൾ മൂന്നുപേരില്ലേ പേടിയൊന്നും ഇല്ല.” ജലജ പറഞ്ഞു.
“അത് സാരമില്ല ചേച്ചീ ഞാൻ കൂടി വരാം ”
“എനിക്കൊരു പുത്രനുണ്ട് അവനിതൊന്നും ബാധകമേ അല്ല നേരം വെളുത്തു വീട്ടിൽ നിന്ന് പോയാൽ എപ്പോഴാ വരിക എന്ന് ദൈവത്തിനു പോലും അറിയില്ല.”
“അത് ഉത്സവം ആയോണ്ടല്ലേ ചേച്ചീ അല്ലെങ്കിൽ അവൻ രാത്രി എങ്ങും പോകാറില്ലല്ലോ.”
“രാത്രി എങ്ങും പോകാറില്ല പക്ഷെ സമയത്തു വീട്ടിൽ വരാറില്ല, അതാണ് ഞാൻ പറഞ്ഞത്. നീയൊക്കെ ഒറ്റക്കെട്ടല്ലേ” “എല്ലാം ഞാൻ ശരിയാക്കി കൊടുക്കുന്നുണ്ട്, ഞാൻ വെറും പൊട്ടിയാണെന്ന അവന്റെ വിചാരം”.
“ചേച്ചി എന്താ മനസ്സിൽ വച്ച് സംസാരിക്കുന്നത് ?”
“എന്ത് മനസ്സിൽ വയ്ക്കാൻ ? അല്പം സ്വാതന്ത്ര്യം കൊടുത്തപ്പോൾ ഇപ്പോൾ അനുസരണ തീരെയില്ല. ഇനി ഇതൊന്നും പോയി അവനോടു പറയണ്ട.”
“ഇല്ല ചേച്ചി ഞാനൊന്നും പറയില്ല.”
” മ് ”
അവർ നടന്നു വീടിന്റെ മുറ്റത്തെത്തി.
“എടാ ചെറുക്കാ പോയി പെടുത്തിട്ടു കിടന്നുറങ്ങാൻ നോക്ക് . ഓടി മുറിയിൽ കയറിയിട്ട് കുറച്ചു കഴിഞ്ഞു എന്നെ വിളിക്കരുത്.” അജിത്തിന്റെ അനുജനോടായി ചേച്ചി പറഞ്ഞു.
“ഗോകുലേ അവനെ കാണുന്നെങ്കിൽ നാളെ നേരം വെളുത്തിട് വന്നാൽ മതിയെന്ന് പറ. അല്ലെങ്കിൽ കണ്ണിൽ ഉറക്കം പിടിക്കുമ്പോൾ വന്നു വിളിക്കും. പിന്നെ ഉറങ്ങാനും കഴിയില്ല രാവിലെ തലവേദനയും തുടങ്ങും.”
“ഞാൻ പറയാം ചേച്ചീ, എന്നാൽ ഞാനിറങ്ങട്ടെ.” അവൻ യാത്ര പറഞ്ഞു വീട്ടിൽ നിന്നും വെളിയിൽ ഇറങ്ങി. അവന്റെ മനസ്സ് നിറയെ ജലജയുടെ വാക്കുകൾ ആയിരുന്നു.