അമ്മ നല്ല കഴിവുള്ള സ്ത്രീയായിരുന്നു. പപ്പയുടെ വരുമാനം കൃത്യമായി വിനിയോഗിച്ചും മിച്ചം പിടിച്ചും അമ്മ പപ്പയ്ക്ക് തണലായി. അവർ മിച്ചം പിടിച്ച കാശുകൊണ്ട് ഒരാൾക്ക് നടക്കാൻ പാകത്തിനു അക്കരയിൽ നിന്ന് തുരുത്തിലേക്ക് അരക്കിലോമീറ്ററോളം അവർ ചേറുകുത്തി ബണ്ട് ഉണ്ടാക്കി. പിന്നെയും മിച്ചം വെച്ച പണവും സഹകരണബാങ്കിലെ ലോണും കൊണ്ട് ആ തുരുത്തിൽ ഒരു ചെറിയ വീടുണ്ടായി. അപ്പോഴേക്കും എനിക്ക് നാലുവയസ്സ് ആയിരുന്നു. പപ്പയും അമ്മയും അന്നൊക്കെ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പല സന്ധ്യകളിലും അവരുടെ പഴങ്കഥകൾ എന്നോട് പറഞ്ഞു.
മലഞ്ചെരിവിൽ ജീവിച്ച അമ്മയ്ക്ക് നാലുചുറ്റും വെള്ളക്കെട്ടിൽ കഴിയുന്നതുമായി പൊരുത്തപ്പെടാൻ ആദ്യമൊക്കെ വല്യ ബുദ്ധിമുട്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മഴക്കാലത്ത് മുറ്റത്തും ചിലപ്പോൾ പുരയ്ക്കകത്തും വലിഞ്ഞുകയറുന്ന വെള്ളമായിരുന്നു പ്രധാന പ്രശ്നം. പക്ഷേ ഏത് മനുഷ്യനെയും പോലെ ശ്രീജയും തന്റെ ചുറ്റുപാടുകളുമായി പതിയെ ഇണങ്ങി. ആലപ്പുഴയിൽ നിന്നു വന്ന പപ്പയ്ക്ക് വെള്ളക്കെട്ടൊന്നും അങ്ങനെ പ്രശ്നമൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയങ്ങനെ ജീവിതത്തോടും ജലത്തോടും മല്ലിട്ട് പപ്പയും അമ്മയും എന്നെ ഇതുവരെ എത്തിച്ചു. പഠിക്കാൻ ശരാശരിയിലും മിടുക്കനാണ് ഞാൻ. അത് തന്റെ ഗുണമെന്ന് അമ്മയും പപ്പയും ഒരുപോലെ വീമ്പ് പറഞ്ഞ് അവകാശപ്പെടാറുണ്ട്.
“ശ്രീ…, വന്ന് ചായ കുടിക്കെടാ..” അമ്മയുടെ വിളി.
ഡ്രസ്സ് മാറി ഒരു ബർമുഡയെടുത്തിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ അമ്മ ചായ ഗ്ലാസ്സിൽ പകരുകയാണ്. പെട്ടെന്ന് വെറുതെ സ്നേഹം തോന്നി. ഞാൻ അമ്മയെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചു.
“ആ പാട്ടയിൽ ബിസ്ക്കറ്റ് ഉണ്ട്, വേണമെങ്കിൽ എടുത്തോ.” അമ്മ ചായയിൽ പഞ്ചസാര കലക്കിക്കൊണ്ട് പറഞ്ഞു.
“ഉം”. ഞാൻ മൂളി. അമ്മ കുളിച്ചിട്ടേയുള്ളു എന്ന് തോന്നി. ലക്സ് സോപ്പിന്റെ വാസന അമ്മയുടെ തോളിൽ നിന്നും. തോളിൽ നിന്നെന്ന് പറയാൻ കാരണം എനിക്ക് അമ്മയുടെ തോൾ വരെയേ ഉയരമുള്ളു എന്നതാണ്. ക്ലാസ്സിലും അസംബ്ലിയിലും എന്നും മുൻ നിരയിൽ നിൽക്കാനായിരുന്നു എന്റെ യോഗം. കൂട്ടുകാർ പൊക്കം വയ്ക്കുന്നത് കണ്ട് വീട്ടിൽ വന്ന് സങ്കടപ്പെടുമ്പോൾ അമ്മ പറയും, “ കുറച്ചുനാൾ കൂടി കഴിയുമ്പോ എന്റെ ശ്രീമോൻ സുരേഷ് ഗോപീടത്രേം ആവൂല്ലേ..” അമ്മ വെറുതെ പറയുന്നതാണെന്നെനിക്കറിയാം. എന്നാലും ഞാനത് അംഗീകരിച്ചതായി നടിക്കും. അമ്മ വെറുതെ പറയുകയാണെന്ന് ഞാൻ വെറുതെ പറയുകയല്ല. പപ്പയ്ക്ക് അമ്മയുടെ അത്രയേ കഷ്ടിച്ച് പൊക്കമുള്ളു. അമ്മയാണെങ്കിൽ രാമന്റെ ഏദൻ തോട്ടം സിനിമയിലെ അനുസിത്താരയെ പോലെ കുള്ളിയും. കാഴ്ചയ്ക്കും ഏകദേശം അങ്ങനെതന്നെ, വെളുത്ത്, നേരിയ തടിയും, മുട്ടോളം നീണ്ട മുടിയും. മൊത്തത്തിൽ ഒരു ചെറിയ ഫാമിലി.