“എടി പെണ്ണെ..നീ കഴിക്കാന്‍ വരുന്നോ..”
“എനിക്ക് വേണ്ട..സാന്ഡ്വിച്ച് ഉണ്ടാക്കിയാല്‍ എന്താ ഈ മമ്മിക്ക്..ഹും..” അവള്‍ തിരിഞ്ഞു കിടന്നു.
“ശരി..മോള് സാന്ഡ്വിച്ച് കഴിച്ചാല്‍ മതി…”
ചാക്കോ നേരെ മുറിയിലെത്തി ഉടുപ്പിട്ട ശേഷം ഡൈനിംഗ് മുറിയില്‍ എത്തി.
“എടീ..നീ വച്ചതെല്ലാം പത്രങ്ങളില്‍ എടുക്ക്..മൊത്തം..” അയാള്‍ ഭാര്യയോട് പറഞ്ഞു.
“എന്തിനാ മനുഷ്യാ..കഴിക്കണ്ടേ..” മേരി കാര്യം മനസിലാകാതെ ചോദിച്ചു.
“പറഞ്ഞത് കേള്‍ക്കടി….”
അവള്‍ അപ്പവും കറിയും കേക്കും പഴവും എല്ലാം പാത്രങ്ങളില്‍ ആക്കി. രാവിലെ തന്നെ ക്രിസ്മസ് പ്രമാണിച്ച് രണ്ടെണ്ണം വീശിയിട്ട് നില്‍ക്കുന്ന കണവന്‍ ഇനി പറഞ്ഞതുപോലെ ചെയ്തില്ലെങ്കില്‍ അത് മതി പുകിലുണ്ടാക്കാന്‍. മൊത്തം സാധനങ്ങളും അവള്‍ നാല് പത്രങ്ങളില്‍ ആക്കി അടച്ചു. അതില്‍ രണ്ടെണ്ണം ചാക്കോ എടുത്തു.
“ബാക്കി നീയും എടുക്ക്..എന്നിട്ട് വാ….”
മേരി കാര്യം മനസിലാകാതെ അയാളുടെ പിന്നാലെ ഇറങ്ങി.
“ഇതെങ്ങോട്ടാ..കളയാന്‍ പോവ്വാണോ?’ മേരി എന്താണ് ചാക്കോയുടെ പരിപാടി എന്ന് മനസിലാകാതെ ചോദിച്ചു.
“നീ വാടി..”
അയാള്‍ നേരെ ഗോപാലന്റെ വീട്ടിലേക്ക് നടന്നു. മേരിക്ക് കാര്യത്തിന്റെ പോക്ക് മനസിലായി. അവളുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു. ഗോപാലന് സുഖമില്ലാതെ കിടക്കുകയാണ് എന്നുള്ള കാര്യം അവള്‍ സത്യത്തില്‍ മറന്ന് പോയിരുന്നു. അവര്‍ ചെല്ലുമ്പോള്‍ കുഞ്ഞുങ്ങളുടെ മുന്‍പില്‍ വച്ച സ്റ്റീല്‍ പാത്രത്തില്‍ പഴങ്കഞ്ഞി വിളമ്പുകയാണ് സുമതി. എത്ര നിയന്ത്രിക്കാന്‍ ശ്രമിച്ചിട്ടും സ്വന്തം കണ്ണുനീര്‍ തടയാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. മനസ് തകര്‍ന്നിരിക്കുന്ന ആ അമ്മയുടെ കണ്ണീര്‍ ആ പഴങ്കഞ്ഞി പാത്രങ്ങളിലേക്ക് വീഴുന്നത് കണ്ടുകൊണ്ടാണ് ചാക്കോ ഉള്ളിലേക്ക് കയറിയത്.
“ഹിതെന്നാ പണിയാടി സുമതി..ക്രിസ്മസ് ആയിക്കൊണ്ട് കൊച്ചുങ്ങള്‍ക്ക് പഴങ്കഞ്ഞിയോ..അതങ്ങോട്ട് മാറ്റടി..”