ഗോപാലന്റെ ക്രിസ്മസ് –ചാക്കോയുടെയും!
Gopalante Christmass Chakkoyudeyum Author : Master
(സുനിലിന്റെ ആരാധന എന്ന കഥ വായിച്ചതില്‍ നിന്നുണ്ടായ പ്രചോദനം ആണ് ഈ കഥ; നന്ദി സുനില്‍)
“ചേട്ടാ..നാളെ ക്രിസ്മസ് ആണ്..പിള്ളേര്‍ക്ക് ഇറച്ചി വേണമെന്ന് ഒരേ നിര്‍ബന്ധം..നാളെ ഉച്ചയ്ക്ക് വയ്ക്കാന്‍ അരി പോലും ഇവിടില്ല..നമ്മളെന്ത് ചെയ്യും?”
പായയില്‍ അവശനായി കിടക്കുന്ന ഗോപാലന്റെ അരികിലിരുന്ന് സുമതി ദുഖത്തോടെ ചോദിച്ചു. ഒമ്പതും ഏഴും വയസുള്ള മകളും മകനും പുറത്ത് കളിക്കുകയാണ്; എന്നത്തേയും പോലെ രാവിലെ പഴങ്കഞ്ഞി കുടിച്ച ശേഷം. അരവയര്‍ കഞ്ഞി പോലും കുടിക്കാന്‍ തനിക്ക് കിട്ടുന്നില്ലെങ്കിലും കിടപ്പിലായ ഭര്‍ത്താവിന്റെ ആരോഗ്യം തിരികെ കിട്ടാനായി അവള്‍ ഉള്ളത് കൊണ്ട് അയാളെയും മക്കളെയും തൃപ്തിപ്പെടുത്താന്‍ പെടാപ്പാട് പെടുകയാണ്. ഗോപാലന് അതറിയാം.
കൂലിപ്പണിക്കാരനായ അയാള്‍ കിടപ്പിലാകാന്‍ കാരണം ഒരു പുതുതലമുറക്കാരന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ആയിരുന്നു. സൈക്കിളില്‍ വീട്ടിലേക്ക് വേണ്ട അരിയും പച്ചക്കറികളും വാങ്ങി വരുകയായിരുന്ന ഗോപാലനെ വണ്ടി ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച അബു എന്ന യുവാവിന്റെ കാര്‍ തട്ടിത്തെറിപ്പിച്ചു. അവന്‍ വണ്ടി നിര്‍ത്താതെ സ്ഥലം വിട്ടുപോകുകയും ചെയ്തു. ഗോപാലന്റെ സൈക്കിള്‍ രണ്ടായി ഒടിഞ്ഞുപോയി. ദൈവാധീനം മൂലം ഒടിവോ മറ്റു വലിയ പരുക്കുകളോ അയാള്‍ക്ക് സംഭവിച്ചില്ല. പക്ഷെ വീഴ്ചയില്‍ നടുവിന് ചതവ് സംഭവിച്ചിരുന്നു. രണ്ടു മാസം എങ്കിലും റസ്റ്റ് എടുക്കണം എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്.
അന്നന്നത്തെ വരുമാനം കൊണ്ട് ഓരോ ദിവസവും മുന്‍പോട്ടു നീക്കിയിരുന്ന ആ കുടുംബത്തിന് ഇതുമൂലം നിത്യവൃത്തിക്ക് പോലും മാര്‍ഗ്ഗമില്ലാതായി. ഗോപാലന്‍ കിടപ്പിലായതോടെ കടം വാങ്ങിയാണ് ചികിത്സ തുടര്‍ന്നതും വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നതും. ഇപ്പോള്‍ കടം വാങ്ങാനും നിവൃത്തിയില്ലാതയിരിക്കുന്നു. എല്ലാ ക്രിസ്മസിനും മക്കള്‍ക്ക് പടക്കവും പൂത്തിരിയും ഇറച്ചിയും മീനും കൂട്ടിയുള്ള ഊണും ഒരുക്കുന്ന ഗോപാലന്‍ ഇത്തവണ തന്റെ പരിതാപകരമായ അവസ്ഥ ഓര്‍ത്ത് ദുഖത്തോടെ കിടന്നു. ഒരു നേരത്തെ അരി മാത്രമാണ് ഇനി ബാക്കിയുള്ളത്. നാളിതുവരെ ആരുടെ മുന്‍പിലും കെഞ്ചിയിട്ടില്ലാത്ത തനിക്ക് ഇപ്പോള്‍ എഴുന്നേറ്റ് നടക്കാന്‍ പോലും മറ്റൊരാളുടെ സഹായം വേണം. താന്‍ കിടപ്പിലായതോടെ അടുത്ത സുഹൃത്തുക്കള്‍ പോലും വീട്ടില്‍ വരാതായി. വന്നാല്‍ തന്‍റെ ഈ സ്ഥിതി കണ്ടു വല്ലതും തരേണ്ടി വരുമോ എന്ന പേടിയാകും അവര്‍ക്ക്.