നേദ്യം കഴിയുമ്പോള്‍ ബാക്കിവരുന്നത് തിരുമേനി അവര്‍ക്ക് കൊടുക്കും അതാണ് അവരുടെ പ്രാതല്‍… ഉച്ചഭക്ഷണവും, അത്താഴവും ശ്രീമംഗലത്ത് നിന്നാണ്.. അത്താഴം കഴിഞ്ഞ് വീണ്ടും അമ്പലത്തിലെ നേദ്യപ്പുരയ്ക്ക് അടുത്ത് കിടന്നുറങ്ങും… എല്ലാ വിശേഷദിവസങ്ങളിലും ശ്രീമംഗലത്ത് നിന്നും അവര്‍ക്ക് സെറ്റ്മുണ്ടും നേര്യതും മറ്റ് വസ്ത്രങ്ങളും കൊടുക്കാറുണ്ട്… ഇന്നും അതിലൊന്നാണ് അവരുടെ വേഷം..
പട്ടമ്മാള്‍ കുഴഞ്ഞു വീഴുന്നത് കണ്ട് ഞാന്‍ ഓടിച്ചെന്ന്‍ അവരെ എടുത്തു…. അവര്‍ വിയര്‍ത്ത് കുളിച്ചിരുന്നു… ശരീരത്തിനു ഒട്ടും ചൂടില്ല.. വേഗം മുത്ത് ഓടിവന്നു.. അവരുടെ പള്‍സ് നോക്കി..
“…ഏട്ടാ… ബി.പി. ലോ ആയതാ വേഗം ഹോസ്പിറ്റലില്‍ എത്തിക്കണം…”
“…മാണിക്യാ….!!!” എന്റെ ഉറക്കെയുള്ള വിളികേട്ട് അമ്പലമുറ്റം നിശബ്ദമായി.. മാണിക്യന്‍ ഓടിവന്നു..
“..മാണിക്യാ… പട്ടമ്മാളെ ആശുപത്രിയില്‍ എത്തിക്കണം…” മാണിക്യന്‍ പുറത്തേയ്ക്ക് ഓടി.. അവന്റെ പുറകേ ഞാന്‍ പട്ടമ്മാളെ താങ്ങി എടുത്ത് പുറത്തേയ്ക്ക് ഓടുകയായിരുന്നു… ഓരോ നിമിഷവും വിലപ്പെട്ടതാണ്… ഞാന്‍ നടയിറങ്ങി ചെല്ലുമ്പോള്‍ മണവാട്ടിമാര്‍ ആരോ വന്ന ഒരു ഇന്നോവയില്‍ മാണിക്യന്‍ റെഡിയായി നില്‍പ്പുണ്ടായിരുന്നു… അടുത്ത് നിന്ന ഒരാള്‍ ഡോര്‍ തുറന്നു തന്നു… എന്റെ പുറകേ വന്ന പഞ്ചമി സീറ്റിലേയ്ക്ക് കയറി ഇരുന്നു.. ഞാന്‍ പട്ടമ്മാളെ അവളുടെ മടിയിലേയ്ക്ക് കിടത്തി ഞാനും ഒപ്പം കയറി… ഡോര്‍ അടഞ്ഞതും മാണിക്യന്റെ കാല്‍ ആക്സിലറേറ്ററില്‍ അമര്‍ന്നു.. ഇന്നോവ കുതിച്ചു പാഞ്ഞു…
കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ പട്ടമ്മാളെ രക്ഷിക്കാന്‍ കഴിഞ്ഞു… പക്ഷേ അവര്‍ക്ക് ബോധം തെളിയുന്നത് വരെ ഞങ്ങള്‍ക്ക് അവിടെ നില്‍ക്കേണ്ടി വന്നു… ഡ്രിപ്പ് തീര്‍ന്ന്‍ അവരെ മാണിക്യന്റെ വീട്ടില്‍ എത്തിക്കുമ്പോഴേക്കും ഉച്ചകഴിഞ്ഞിരുന്നു…
ഞാന്‍ വേഗം വീട്ടിലെത്തി ഡ്രസ്സ് മാറി കണ്‍വെന്‍ഷന്‍ സെന്‍ററിലേയ്ക്ക് പോയി… അവിടെ അജുവും സഞ്ജുവും ഉള്‍പ്പടെയുള്ള മണവാളന്മാരും അവരുടെ ബന്ധുക്കളും എത്തിയിട്ടുണ്ടായിരുന്നു… ഒപ്പം അച്ഛനും ചെറിയച്ഛനും പാര്‍ട്ട്നേഴ്സും എല്ലാവരും ഉണ്ട്… പിന്നീട് മൈലാഞ്ചി ഇടലും…, ഇടയ്ക്ക് വെള്ളമടിയും ഒക്കെയായി ഉത്സവമേളമായി… ആഘോഷങ്ങള്‍ക്ക് കൊഴുപ്പ് പകരാന്‍ ഡി.ജെ പാര്‍ട്ടിയും ഒരുക്കിയിരുന്നു… ശ്രീമംഗലത്തെ കുട്ടികളേക്കാള്‍ എല്ലാവരും പ്രാധാന്യം നല്‍കിയത് മറ്റ് മൂന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെയും ചെക്കന്മാരുടെയും വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും ഒക്കെ ആയിരുന്നു…