“…ഇങ്ങനെ നമുക്ക് എന്നും ജീവിക്കാന്‍ സാധിക്കില്ലേ ദേവട്ടാ…” എന്റെ ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഇട്ടുതരുന്നതിനിടയില്‍ അവള്‍ വീണ്ടും ചോദിച്ചു..
“…ആദീ… പരസ്പ്പരം സ്നേഹിച്ചു പിരിഞ്ഞ ഏതൊരു കാമുകനും കാമുകിയും ആഗ്രഹിക്കും എല്ലാം മറന്ന്‍ ഒരിക്കല്‍ മാത്രമെങ്കിലും ഒന്നാവാന്‍ കഴിഞ്ഞെങ്കിലെന്ന്… ആ കാര്യത്തില്‍ നമ്മള് ഭാഗ്യം ചെയ്തവരല്ലേ… നിന്നോടൊപ്പമുള്ള ഈ നിമിഷങ്ങളത്രയും ഞാന്‍ ആസ്വദിക്കുവാ…”
“…ഞാനും… ഒരിക്കലും ഇതൊക്കെ തിരിച്ചു കിട്ടുമെന്ന് ഞാനും കരുതിയതല്ല…”
“…ഇപ്പോഴും നിന്നോട് ക്ഷമിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നെനിക്കറിയില്ല… പക്ഷേ ഈ നിമിഷം അതൊന്നും എന്റെ മനസ്സിലില്ല… നീ ഇനി പഴയതൊന്നും എന്നെ ഓര്‍മ്മിപ്പിക്കാതിരുന്നാ മതി…”
“…ഇല്ല…” അവളെന്റെ കവിളില്‍ ചുംബിച്ചു..
ഒരുപാട് നാളുകള്‍ക്ക് ശേഷം പിരിമുരുക്കങ്ങിളില്ലാതെ കൈകള്‍ കോര്‍ത്ത് പിടിച്ചു ഞങ്ങള്‍ അമ്പലത്തിലേയ്ക്ക് നടന്നു..
ആല്‍ത്തറയ്ക്ക് അടുത്തെത്തിയപ്പോള്‍ കൈകള്‍ വിട്ട് ഞങ്ങള്‍ അകന്നു നടന്നു… അതിനിടയ്ക്ക് വിശേഷങ്ങള്‍ അറിയാനായി അച്ഛന്‍ എന്റെ ഫോണിലേയ്ക്ക് വിളിച്ചതുകൊണ്ട് ആദിയോട് അകത്തേയ്ക്ക് പൊക്കോളാന്‍ പറഞ്ഞിട്ട് ഞാന്‍ ഫോണെടുത്ത് സംസാരിച്ചു.. അച്ഛനും ചെറിയച്ഛനും എസ്റ്റേറ്റില്‍ നിന്നും വന്നിട്ടുണ്ടായിരുന്നില്ല.. അവര്‍ ഗസ്റ്റുകള്‍ക്കൊപ്പം ഉച്ച കഴിഞ്ഞേ വരൂ..
ഫോണ്‍വിളി കഴിഞ്ഞ് ഞാന്‍ നടകള്‍ കയറി വലിയ നടപ്പന്തലിലേയ്ക്ക് ചെല്ലുമ്പോള്‍ അമ്പലത്തില്‍ നേദ്യം നടക്കുന്നതിനാല്‍ എല്ലാവരും ചുറ്റമ്പലത്തിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു…
കല്യാണത്തിനു മുന്‍പ് മണവാട്ടികള്‍ ദേവിയെ വന്ദിക്കുന്ന ഒരു ചടങ്ങാണ് കന്യാവന്ദനം.. അതിന് പെണ്‍കുട്ടികളും അവരുടെ ബന്ധുക്കളും മാത്രമേ പങ്കെടുക്കാറുള്ളൂ… അതുകൊണ്ട് മണവാളന്മാരും അവരുടെ ബന്ധുക്കളും വന്നിരുന്നില്ല.. ഏതാണ്ട് ഇരുന്നൂറ്റിഅന്‍പതില്‍ കുറയാത്ത എണ്ണം ആളുകളുണ്ടെന്ന് എനിക്ക് തോന്നി.. ഇരുവശത്തുമായി നില്‍ക്കുന്ന ആളുകള്‍… അവര്‍ക്ക് നടുവില്‍ തോഴിമാരായ മറ്റു പെണ്‍കുട്ടികള്‍ക്കൊപ്പം മണവാട്ടിമാര്‍ അഞ്ചു പേരും നില്‍ക്കുന്നു.. പുറം തിരിഞ്ഞാണ് അവര്‍ നില്‍ക്കുന്നതെങ്കിലും നടുക്ക് നില്‍ക്കുന്നത് മുത്താണെന്ന് എനിക്ക് ഒറ്റ നോട്ടത്തില്‍ മനസ്സിലായി.. അഞ്ച് പേരും ഒരേ പോലുള്ള സെറ്റ് സാരികളാണ് ഉടുത്തിരുന്നത്..