“…ഉം.. ഇതിനി എന്താവൂന്ന് കണ്ടറിയണം…” നെഞ്ചില്‍ കൈവച്ചു മുകളിലേയ്ക്ക് നോക്കിയുള്ള അവളുടെ ആ പറച്ചില്‍ കണ്ട എനിക്ക് ചിരി വന്നു..
ആദിയുടെ കാര്‍ ഗെയിറ്റ് കടന്നു വരുന്നത് കണ്ടപ്പോള്‍ മുത്ത് അവളുടെ മുറിയിലേയ്ക് പോയി.. ഞാനുമായുള്ള പിണക്കങ്ങള്‍ ഏതാണ്ട് ഒത്തു തീര്‍പ്പാക്കിയതിന്റെ സന്തോഷത്തില്‍ വന്നതായിരുന്നു ആദി… ഞാന്‍ പുറത്തേയ്ക്ക് പോകാനായി താഴേക്ക് ചെല്ലുമ്പോള്‍ ആദിയോട് വളരെ സന്തോഷത്തോടെ സംസാരിച്ചു നില്‍ക്കുന്ന മുത്തിനെക്കണ്ട് എനിക്കത്ഭുതം തോന്നി.. ഇത്രയും നേരം ആദിയുടെ കുറ്റം പറഞ്ഞിരുന്നവള്‍ ഇപ്പോള്‍ അവളോട് സ്നേഹത്തോടെ വിശേഷങ്ങള്‍ ചോദിക്കുന്നത് കണ്ടാല്‍ പിന്നെ അത്ഭുതം തോന്നില്ലേ..
കല്യാണം കഴിയുന്ന വരെ ആദി ശ്രീമംഗലത്തുണ്ടാകും എന്ന് അവരുടെ സംസാരത്തില്‍ നിന്നും എനിക്ക് മനസ്സിലായി.. ഞങ്ങളുടെ സംസാരം കേട്ടുകൊണ്ട് അടുക്കളയില്‍ നിന്നും അമ്മയും ചെറിയമ്മയും വന്നതോടെ മരുമകളെ സ്നേഹിക്കാനുള്ള കൊട്ടേഷന്‍ അവരു പിടിച്ചു.. ഈ പെണ്ണുങ്ങളുടെ സമാചാരങ്ങള്‍ക്കിടയില്‍ നിന്നും തടിതപ്പി ഞാന്‍ പുറത്തേയ്ക്ക് പോയി…
പിന്നീടുള്ള രണ്ടു ദിവസങ്ങളും എനിക്ക് നിന്ന് തിരിയാന്‍ സമയമില്ലാത്തത്ര തിരക്കായിരുന്നു… ആദികൂടി വന്നതോടെ വീട്ടിലെ പെണ്ണുങ്ങളുടെ ലീഡര്‍ സ്ഥാനം അവളേറ്റെടുത്തു… ദീപുവിന്റെ നേതൃത്വത്തില്‍ ആണ്‍പിള്ളേരെല്ലാം ബാച്ചിലര്‍ പാര്‍ട്ടി പ്ലാന്‍ ചെയ്യുന്നതിന്റെ തിരക്കുകളും ഒക്കെയായി അവരും ഓടി നടക്കുന്നു.. അച്ഛനും ചെറിയച്ഛനും ബിസിനസ്സിന്റെ തിരക്കുകളിലുമായിരുന്നു.. മുത്തിനൊപ്പം കല്യാണം കഴിക്കുന്ന മറ്റ് മൂന്നു പെണ്‍കുട്ടികളുടെ വീടുകളിലെ ഒരുക്കങ്ങളുടെ കാര്യങ്ങളും എന്റെ തലയില്‍ത്തന്നെ ആയിരുന്നു… അവിടെയൊന്നും ഒരു കുറവും ഉണ്ടാകാതെ നോക്കാന്‍ സത്യത്തില്‍ എനിക്ക് നല്ല പാടുപെടേണ്ടി വന്നു.. എല്ലാത്തിനും എനിക്ക് സഹായമായി മാണിക്യനും ഉണ്ടായിരുന്നു എന്നതായിരുന്നു എന്റെ ആകെയുണ്ടായിരുന്ന ആശ്വാസം… അവനായിരുന്നു എന്റെ സാരഥി.