ഇനിയും ഇതേ കിടപ്പ് തുടര്‍ന്നാല്‍ ഞാന്‍ ഇവളെ സ്നേഹിച്ചു പോവും… ഞാന്‍ അവളെ വിട്ട് എഴുന്നേറ്റ് ബാത്രൂമിലേയ്ക്ക് പോയി.. അമ്പലത്തില്‍ പോകേണ്ടതിനാല്‍ നന്നായി കുളിച്ചു… കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി വരുമ്പോഴും ആദി എന്റെ കട്ടിലില്‍ ഇരിപ്പുണ്ടായിരുന്നു… എന്നെ കണ്ടതും നിറഞ്ഞ കണ്ണുകള്‍ തുടച്ചുകൊണ്ട് അവള്‍ വേഗം മുഖത്ത് ഒരു ചിരി വരുത്താന്‍ ശ്രമിച്ച് ഒരു ഷര്‍ട്ടും മുണ്ടും എനിക്ക് നേരെ നീട്ടി.. കടുംപച്ച നിറമുള്ള ഷര്‍ട്ടും അതേ കരയുള്ള മുണ്ടും.. അവളിട്ടിരിക്കുന്ന ബ്ലൌസിന്റെ അതേ നിറം..
“..നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്… എന്നെ കാണുമ്പോളെല്ലാം കരഞ്ഞോളാമെന്ന് നിനക്ക് നേര്‍ച്ച എന്തെങ്കിലും ഉണ്ടോ..??” എന്റെ ചോദ്യത്തിന് മറുപടിയായി അവള്‍ അത്രയും നേരം പുറകില്‍ പിടിച്ചിരുന്ന എന്റെ ഡയറി ഞാന്‍ കാണ്‍കെ കട്ടിലിലേയ്ക്കിട്ടിട്ടു ബാത്രൂമിലേയ്ക്ക് കയറി.. ഡയറി ഞാന്‍ തുറന്നു നോക്കിയപ്പോള്‍ പല പേജുകളിലും അവളുടെ കണ്ണുനീര്‍ വീണപാടുണ്ടായിരുന്നു..
അവള്‍ തിരിച്ചിറങ്ങി വരുമ്പോഴേക്കും ഞാന്‍ ഡ്രസ്സ് ചെയ്ത് കഴിഞ്ഞിരുന്നു… എന്നെ കണ്ടപ്പോള്‍ വീണ്ടും നിറയാന്‍ തുടങ്ങിയ മിഴികള്‍ ഞാന്‍ കാണാതിരിക്കാന്‍ മുഖം തിരിച്ച് പോകാനൊരുങ്ങിയ അവളെ കൈയില്‍ പിടിച്ച് വലിച്ച് ഞാന്‍ നെഞ്ചോട് ചേര്‍ത്തു..
“..നിന്റെ മനസ്സ് എനിക്ക് കാണാം ആദീ… നിന്നെ കല്യാണം കഴിച്ചാല്‍ എന്നെങ്കിലും നിന്നെ വേദനിപ്പിക്കേണ്ടി വരും എന്ന്‍ കരുതുന്നത് കൊണ്ട് മാത്രമാ ഇപ്പോഴും ഞാന്‍ ഒഴിഞ്ഞു മാറുന്നത്…”
“…ദേവേട്ടാ… ഞാന്‍…!! പൊറുക്കണം എന്ന്‍ പറയാന്‍ മാത്രമേ എനിക്ക് പറ്റൂ… ഞാന്‍ തെറ്റ് ചെയ്തവളാണ്… അര്‍ഹത ഇല്ല എന്നറിഞ്ഞുകൊണ്ട് തന്നെയാ ഇപ്പോഴും ഞാന്‍ ദേവേട്ടന്റെ മുന്‍പില്‍ നിക്കുന്നത്.. പക്ഷേ ജീവിക്കുന്നെങ്കില്‍ ഞാന്‍ ഈ നെഞ്ചിലെ ചൂട് പറ്റി ഇതുപോലെ ജീവിക്കും… അല്ലെങ്കില്‍ ദേവേട്ടന് വേണ്ടാത്ത ഈ ജീവിതം എനിക്കും വേണ്ട… എന്റെ പിടി വിടുവിച്ചു പോകാനൊരുങ്ങിയ അവളെ ഞാന്‍ വീണ്ടും പിടിച്ചു നിര്‍ത്തി.. പിന്നെ അവളെ വലിച്ചു ഡ്രസ്സിംഗ് ടേബിളിനു മുന്നില്‍ കൊണ്ട് പോയി നിര്‍ത്തി.., ബാത്ത് ടവലെടുത്ത് അവളുടെ മുഖം തുടച്ചു.. പിന്നെ വലിപ്പില്‍ നിന്നും കണ്‍മഷി എടുത്ത് അവളുടെ കണ്ണെഴുതി..
“…കള്ള കരച്ചിലാണെങ്കിലും ഇനി ഈ കണ്ണ്‍ നിറഞ്ഞ് കാണരുത്… നിന്റെ ഈ മഷി എഴുതിയ കണ്ണുകളാ നിന്നെ കൂടുതല്‍ സുന്ദരിയാക്കുന്നത്…”
“…എന്നെ ഇഷ്ടമല്ലെങ്കില്‍ പിന്നെ എന്തിനാ ഇങ്ങനൊക്കെ ചെയ്യുന്നേ…”
“…ഇഷ്ടം ഉണ്ടായിട്ടൊന്നും അല്ല.. പിന്നെ നീ എന്റെ മുറപ്പെണ്ണല്ലേ.. നിന്റെ കണ്ണെഴുതി തരണ്ടത് എന്റെ കടമയല്ലേ…”