ജീവൻ രക്ഷിക്കുന്നതിനു വേണ്ടി കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുന്നത് സിനിമയിൽ മാത്രം കണ്ടു ശീലിച്ച ഞാൻ ഇന്നിതാ മനുഷ്യ രക്തം പതിഞ്ഞ ഒരു കത്തിയുമായി നിൽക്കുന്നു. ചെളിവാരി എൻറെ കണ്ണിലേക്കു എറിഞ്ഞു കൊണ്ടായിരുന്നു അയാളുടെ പ്രത്യാക്രമണം. പെട്ടെന്ന് പിന്നോക്കം മറഞ്ഞ എന്റെ മുകളിലേക്ക് അയാൾ ചാടി വീണു … പക്ഷേ ആ വീഴ്ച ഞാൻ കയ്യിൽ ഉയർത്തിപ്പിടിച്ചിരുന്ന ടാപ്പിംഗ് കത്തിയുടെ മുകളിലേക്ക് ആയിരുന്നു .. ഒരു നില വിളിയോടെ രണ്ടു തവണ എന്റെ മുകളിൽ കിടന്നു അയാൾ വിറച്ചു. അയാളുടെ ചലനം നിന്നതും എൻറെ മേൽ നിന്ന് ആ ശരീരം ഞാൻ തട്ടി വശങ്ങളിലേക്ക് ചരിച്ച് ഇട്ടതും അവിടെ നിന്നും പിടഞ്ഞെഴുന്നേറ്റ് ഒരു ഭ്രാന്തിയെപ്പോലെ അൽപ്പ ദൂരം മുന്നിലെക്ക് ഓടി എവിടെയോ തട്ടി മറിഞ്ഞു വീണതും .. എല്ലാം യാന്ത്രികമായിരുന്നു.
വീണ്ടും ഞാൻ ഓട്ടോയുടെ അടുത്തേക്കു വന്നു. ആഴ്ന്നിറങ്ങിയ കത്തിയുമായി ഇരുളിൽ ചെളി വെള്ളത്തിൽ വീണു കിടക്കുന്ന ആ രൂപത്തിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ ചെളിയിൽ പൂഴ്ന്നു കിടന്നിരുന്ന എൻറെ ബാഗ് ഞാൻ കൈക്കലാക്കി. ബാഗിൽ നിന്നും മൊബൈൽ എടുത്ത് ജിജോയെ വിളിക്കുവാൻ ആയിരുന്നു ആദ്യ ശ്രമം. പക്ഷേ ബാഗിൽ ആകെ വെള്ളം കയറി ചെളിയിൽ പൂഴ്‍ന്ന അവസ്ഥയിൽ ആയിരുന്നു എന്റെ മൊബൈൽ. ഓഫ് ആയ മൊബൈൽ അല്പ സമയത്തെ പരിശ്രമത്തിനൊടുവിൽ ഓണാക്കി ജിജോയെ വിളിച്ചു…. !!
കാര്യങ്ങൾ വിശദമാക്കുവാൻ എനിക്ക് സാധിക്കുന്നില്ല പെട്ടെന്ന്
ഒന്നു എത്തിച്ചേരുവാൻ മാത്രമാണ് ഞാൻ പറയുന്നത്…
“എന്താണ് സംഭവിച്ചത് എങ്ങോട്ടാണ് ഞങ്ങൾ വരേണ്ടത് … ?”
അവൻറെ ചോദ്യത്തിൽ മുരളിയും അവനോടൊപ്പം ഉണ്ടെന്ന് ഞാൻ മനസ്സിലാക്കി.
ഒരടയാളം പറഞ്ഞു കൊടുക്കാൻ എന്താണ് ഞാൻ ചെയ്യുക ഏതാണീ സ്ഥലം ഒന്നും പിടികിട്ടുന്നില്ല… കുറച്ചകലെയായി ഒരു വെള്ളി വെളിച്ചം പോലെ
ആകാശത്തു കൂടി കൊല്ലം പോർട്ടിലെ ലൈറ്റ് ഹൗസിൽ നിന്നുമുള്ള പ്രകാശം ചുഴറ്റി അടിക്കുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് മനസ്സിലേക്ക് പണ്ടെപ്പോഴോ കണ്ടു മറഞ്ഞ ലൈറ്റ് ഹൗസിന് സമീപത്തെ ചെളിപ്പാടം മനസ്സിലേക്ക് കടന്നു വന്നത്…