ചുണ്ടിൽ കത്തിയെരിയുന്ന സിഗരറ്റുമായി ആ രൂപം ഓട്ടോയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അടുത്ത നിമിഷം അവിടെ ഒരു അരണ്ട വെളിച്ചം തെളിഞ്ഞു .. ഡ്രൈവിംഗ് സീറ്റിന് തൊട്ടു മുകളിലായി ഉണ്ടായിരുന്ന ചെറിയ ബൾബ് അയാള് തെളിയിച്ചിരിക്കുന്നു.
“തിരുവനന്തപുരം സ്കാനിയക്ക് ആണ് നീ വന്നത് എന്ന് പറഞ്ഞപ്പോൾ
തന്നെ ഞാൻ മനസ്സിൽ കുറിച്ചിട്ടിരുന്നു നീ പോക്കാണെന്ന് .. 2 ദിവസമായിട്ട് തിരുവനന്തപുരം സ്കാനിയ ഇല്ലടി പുല്ലേ … “
ഇത് പറഞ്ഞു കൊണ്ട് ചുണ്ടിൽ എരിയുന്ന സിഗരറ്റ് താഴത്തെ വെള്ളക്കെട്ടിലേക്ക് അയാൾ എറിഞ്ഞു.
ആ രൂപം എൻറെ അടുക്കലേക്ക് അരണ്ട വെളിച്ചത്തിൽ വരുന്നത് എനിക്ക് വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ട്. ഓടി രക്ഷപ്പെടണമെന്നു മനസ് പറയുന്നു എങ്കിലും അതിനുള്ള കരുത്ത് കാലുകൾക്ക് ഇല്ല എന്നതാണ് സത്യം.
ഒരു കാലുയർത്തി ഉടുത്തിരുന്ന മുണ്ട് മാടിക്കുത്തി എന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ അയാൾ എത്തിയ നിമിഷമാണ് , മുരളിയുടെ ഫാം ഹൗസിൽ നിന്നും ഒരു സുരക്ഷയ്ക്ക് വേണ്ടി ഞാൻ ബാഗിൽ ഒളിപ്പിച്ച ടാപ്പിങ് കത്തിയ പറ്റി എനിക്ക് ഓർമ വന്നത്. ബാഗ് തുറന്ന് കത്തി കൈപ്പിടിയിലൊതുക്കി അയാൾക്ക് നേരെ പ്രയോഗിക്കാൻ ശ്രമിച്ച അതേ നിമിഷത്തിൽ തന്നെയാണ് എൻറെ കവിളിലേക്ക് വളരെ ശക്തമായി ആ കൈകൾ വന്നു പതിഞ്ഞത്. ഓർക്കാപ്പുറത്തുണ്ടായ ആ ഒരു പ്രഹരത്തിൽ കത്തി കയ്യിൽ നിന്ന് തെറിച്ചു പോയി ഞാൻ വെള്ളക്കെട്ടിലേക്ക് ചരിഞ്ഞു വീഴുകയും ചെയ്തു. സാരിയിലും ബാഗിലും അപ്പടി ചെളിയായി മാറിയിരിക്കുന്നു. വീണു കിടക്കുന്ന എൻറെ അടുക്കലേക്ക് അയാൾ നടന്നടുക്കുകയാണ്.
ചെളി വെള്ളത്തിൽ കിടന്നു കൊണ്ട് കൈകളൂന്നി പിന്നിലേക്ക് നിരങ്ങി നീങ്ങുവാൻ ഞാനൊരു ശ്രമം നടത്തി. എന്റെ ആ നീക്കം ചെറുക്കുവാൻ വലതു കാൽ പാദം അയാള് ശക്തമായി ചെളിയിൽ ചവിട്ടി പൂഴ്ത്തി.
‘രക്ഷിക്കണേ …’ എന്ന അവ്യക്തമായ ഭാഷയിൽ അലറി വിളിച്ചു എങ്കിലും സമീപത്തെങ്ങും ഒരു മനുഷ്യക്കുഞ്ഞ് പോലുമുണ്ടെന്ന് തോന്നുന്നില്ല.