“നിങ്ങൾ ഇത് എങ്ങോട്ടാണ് പോകുന്നത് .. എന്നും പോകുന്ന വഴിയിൽ കൂടി മാത്രം എനിക്ക് പോയാൽ മതി പുതു വഴികൾ ഒന്നും വേണ്ട .. “
പതർച്ചയോടെ കൂടിയ എന്റെ ശബ്ദത്തിന് പ്രതികരണമൊന്നും ഇല്ല അയാളിൽ നിന്നും.
“ഓട്ടോ നിർത്താൻ അല്ലേ പറഞ്ഞത്.. ഇല്ലെങ്കിൽ ഞാനിപ്പോൾ ചാടിയിറങ്ങും “
ഇതു കേട്ട മാത്രയിൽ ഓട്ടോയുടെ വേഗത കുറഞ്ഞു വരുന്നതായി എനിക്ക് തോന്നി പക്ഷേ മുന്നിൽ നിന്നും മറുപടിയൊന്നും കേൾക്കുന്നുമില്ല ..
ഓട്ടോ പൂർണമായും നിൽക്കുന്നതിന് മുമ്പ് തന്നെ എൻജിനും ഹെഡ് ലൈറ്റും അയാൾ ഓഫ് ചെയ്തു.
മനസ്സിൽ നിറയെ ഭയവും കുറ്റാക്കൂരിരുട്ടും അപരിചിത സ്ഥലവും തൊട്ടടുത്ത് പര പുരുഷ സാന്നിധ്യവും.
രണ്ടും കല്പിച്ച് ഓട്ടോയിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി. ചെറിയൊരു വെള്ളക്കെട്ടിലെക്ക് ആണ് ഞാൻ കാലെടുത്തു വെച്ചത്. കാൽ പാദം മൂടാൻ തക്ക വെള്ളം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ചുറ്റിലും നോക്കിയെങ്കിലും ഒന്നും മനസിലാക്കുവാൻ സാധിക്കുന്നില്ല.
പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് അയാൾ ഒരു സിഗരറ്റിന് തീ കൊളുത്തി. ആ തീപ്പെട്ടിക്കൊള്ളി കത്തിയമരുന്ന നിമിഷാർധത്തിൽ മാത്രം ആ മുഖത്തെ രൗദ്ര ഭാവം ഞാൻ കണ്ടു. അയാൾ രണ്ടും കൽപ്പിച്ച് തന്നെയാണ് .. അവിടെ നിന്നും ഓടി രക്ഷപ്പെടുക എന്ന ഒരു മാർഗ്ഗം മാത്രമേ മുന്നിലുള്ളൂ .. പക്ഷേ എങ്ങോട്ട് ?