ആരോടെന്നില്ലാതെ മുന്നിലേക്ക് നോക്കിക്കൊണ്ട് തന്നെ പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു.
“ഇത്ര നേരം വൈകി നിങ്ങള് എവിടുന്നു വരുന്നു .. ഏത് ബസ്സിനാ വന്നത് ?”
എന്നോടുള്ള അയാളുടെ ചോദ്യവും മുന്നോട്ടു നോക്കിക്കൊണ്ട് തന്നെയാണ്.
പെട്ടെന്നുള്ള ആ ചോദ്യത്തിൽ ഞാനൊന്ന് പകച്ചു മറുപടിക്ക് ഏതാനും സെക്കൻഡുകളുടെ താമസം വന്നപ്പോൾ പിന്നിലേക്ക് തല
ഒന്ന് ചരിച്ച് അയാൾ വീണ്ടും ചോദിച്ചു ,
“തിരുവനന്തപുരം സ്കാനിയ ബസ്സിൽ ആയിരിക്കും വന്നത് അല്ലേ …?”
“അ .. അതെ …. !!”
ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
“ഈ സീറ്റിൽ വച്ചിരിക്കുന്നത് കുറച്ച് തുണിത്തരങ്ങൾ ആണ് തെങ്കാശിക്ക്ഉള്ളത് മൂന്നു മണിക്ക് സൂപ്പർ നു കയറ്റി വിട്ടിട്ട് വേണം എനിക്ക് തിരികെ പോകാൻ .. “
അയാൾ പറഞ്ഞു.
പിന്നെയും നിരുപദ്രവകരങ്ങളായ ഒരു പാട് കാര്യങ്ങൾ അയാൾ പറഞ്ഞു കൊണ്ടിരുന്നു.
കൊല്ലത്തിനടുത്ത് ചവറയിൽ കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ട് ഒരു സ്വകാര്യ വ്യക്തി നടത്തുന്ന തുണി മില്ലിലെ ജീവനക്കാരനാണ് ഇയാൾ. പേര് ശശി.
ആലപ്പുഴയിലും കൊച്ചിയിലും പോയി ഹോൾസെയിലായി തുണിത്തരങ്ങൾ എടുത്തു കൊണ്ടു വരികയും സ്റ്റിച്ചിങ് കഴിഞ്ഞ തുണികൾ രാത്രിയിൽ മുതലാളിയുടെ തന്നെ ഓട്ടോയിൽ കൊല്ലം സ്റ്റാൻഡിൽ കൊണ്ടു വന്നു തെങ്കാശിയിലെക്കുള്ള ബസ്സിൽ കയറ്റി വിടുന്ന ചുമതലയും ഇയാൾക്ക് തന്നെയാണ്. ഇതിപ്പോൾ മുതലാളി അറിയാതെയുള്ള ഓട്ടം ആയതു കൊണ്ട് ഇൗ കാശു സ്വന്തം പോക്കറ്റിലേക്ക് പോകുന്നതിന്റെ
സന്തോഷവും അയാൾ മറച്ചു വെച്ചില്ല.