“സർക്കിൾ ഏമാൻ വണ്ടൻ മേട്ടിൽ റെയ്ഡിന് പോയിട്ട് ആരെങ്കിലും ചവിട്ടികൂട്ടി അവിടെ ഇട്ടോ .. ?”
കൈകൾ രണ്ടും മുകളിലേക്കുയർത്തി അൽപ നേരം നീണ്ടു നിന്ന യാത്രയുടെ ക്ഷീണം മാറ്റാൻ എന്നോണം മൂരി നിവർത്തി കൊണ്ട് ജോണി രമയോട് ചോദിച്ചു.
“ദുഷ്ടത്തരം പറയാതെ ടാ .. ഒന്നുമില്ലെങ്കിലും നിന്റെ സുപ്പീരിയർ ഓഫീസർ അല്ലേ .. ?”
കൃത്രിമ ഗൗരവം മുഖത്ത് വരുത്തി കൊണ്ട് ഡോർ തുറന്ന് അകത്തേക്ക് കയറുന്നതിനിടയിൽ രമ ചോദിച്ചു.
“വല്ലാത്തൊരു സുപ്പീരിയർ തന്നെ .. സ്വന്തം മുതല് സംരക്ഷിക്കാൻ പറ്റാത്ത ഇയാളെ ഒക്കെ ആരാണാവോ പോലീസിൽ എടുത്തത് .. ?”
വീണ്ടും ജോണിയുടെ വക പരിഹാസം.
“മുറ്റത്തുനിന്ന് വാചകമടിച്ച് അയൽപക്കക്കാരേ കൊണ്ട് അതുമിതും പറയിപ്പിക്കാതെ നീ അകത്തോട്ട് കേറി വാ … നിന്നെ ഇനി പ്രത്യേകം ക്ഷണിക്ക്ണോ കേറി വാ പെണ്ണെ “
എന്നെയും ജോണിയെയും മാറി മാറി നോക്കിക്കൊണ്ട് രമ പറഞ്ഞു.
“രമ എനിക്ക് പോകണം … പോയിട്ട് കുറച്ചു ആവശ്യങ്ങളുണ്ട്.. ഇവിടെ നിൽക്കാൻ എനിക്ക് സമയമില്ല .. നിങ്ങള് സംസാരിച്ചിരിക്കു ഞാൻ പോകുന്നു ..”
രമയോട് ഇതും പറഞ്ഞ് ഗേറ്റിനു നേരെ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ എന്നെ തടഞ്ഞുകൊണ്ട് ജോണി പറഞ്ഞു.
“ഇവിടെ നിന്ന് ആര്യാദേവി എങ്ങോട്ടും പോകുന്നില്ല .. ഇവിടെ ആരും നിങ്ങളെ കേറി പിടിക്കാനൊന്നും പോകുന്നുമില്ല .. നിങ്ങളോട് എനിക്ക് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട് അതിൻറെ സീരിയസ്നസ്സ് ഞാൻ കാര്യം പറഞ്ഞു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും .. ഇത് പറയുന്നത് നിങ്ങളുടെ കൂട്ടുകാരിയുടെ സുഹൃത്ത് ആയിട്ടല്ല .. ഇട്ട്‌സ് ആൻ ഓർഡർ ഫ്രം എ പോലീസ് ഓഫീസർ “