കഷണ്ടി കയറിയ നരച്ച തല മുടിയുള്ള ഒരു മധ്യവയസ്കൻ. ഒരു പ്രാരാബ്ധക്കാരനു ചേരുന്ന എല്ലാ ലക്ഷണങ്ങളുമുണ്ട്. തൊട്ടു മുൻപ് കമൻറുകൾ പാസാക്കി കണ്ണുകൾ കൊണ്ട് കൊത്തി വലിച്ച ചെറുപ്പക്കാരെക്കാൾ ഭേദം അയാൾ തന്നെയാണ് എന്നെനിക്ക് തോന്നി.
“ഓട്ടം പോകുന്നതിന് കുഴപ്പമൊന്നുമില്ല പക്ഷേ ഞാനീ സ്റ്റാൻഡിൽ കിടന്ന് അല്ല ഓടുന്നത് “
പതിഞ്ഞ സ്വരത്തിൽ അയാളുടെ മറുപടി അതെനിക്ക് പകുതി ആശ്വാസം നൽകുന്നതായിരുന്നു.
“അത് സാരമില്ല ഇവിടുന്ന് ഒരു 8 കിലോമീറ്റർ ദൂരമേ ഉള്ളൂ .. “
ഞാൻ പറഞ്ഞു.
“മൂന്നു മണിക്കുള്ള തെങ്കാശി സൂപ്പർ ഫാസ്റ്റിന് കുറച്ച് ലോഡ് കയറ്റി വിടാൻ വേണ്ടി വന്നതാണ് ഞാൻ … ബസ്സ് വരുന്നതിനു മുൻപ് എനിക്ക് തിരികെ വരണം”
അയാൾ പറഞ്ഞു.
“പോയി വരാൻ അര മണിക്കൂർ മതി പ്ലീസ്…”
ഇതും പറഞ്ഞ് അയാളുടെ അനുമതിക്ക് കാത്തു നിൽക്കാതെ ഞാൻ ഓട്ടോയിലേക്ക് കേറി.
ഓട്ടോയുടെ സീറ്റിന്റെ മുക്കാൽ ഭാഗവും ഇടത്തരം കാർട്ടൻ കൊണ്ട് നിറഞ്ഞിരിക്കുന്നു. തെങ്കാശി സൂപ്പർ ഫാസ്റ്റിന് ഇയാൾക്ക് അയയ്ക്കുവാനുള്ള ലഗേജുകൾ ആയിരിക്കും ഇത് ഞാൻ മനസ്സിൽ പറഞ്ഞു.
തെല്ലു മാറി കൂട്ടം കൂടി നിൽക്കുന്ന ഓട്ടോക്കാരെ ഒന്ന് രൂക്ഷമായി നോക്കി വലിച്ചു കൊണ്ടിരുന്ന ബീഡി തറയിലേക്ക് ഇട്ട് മാടി കുത്തിയ മുണ്ട് അഴിച്ചിട്ട് അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് കേറിയിരുന്നു.
കുറച്ചു നേരം കിക്കറടിച്ചു ദയനീയമായ ശബ്ദത്തോടെ കൂട്ടം കൂടി നിന്ന് ഞങ്ങളെ തന്നെ നോക്കിക്കൊണ്ട് കമൻറുകൾ പാസാക്കുന്ന ഓട്ടോ ഡ്രൈവർമാരുടെ അരികിലൂടെ ആ ഓട്ടോ പതുക്കെ അവിടെ നിന്നും ചലിച്ചു തുടങ്ങി.
“എല്ലാ കൂട്ടത്തിലുമുണ്ട് നല്ലതും കെട്ടതും .. വെറുതെ ബാക്കിയുള്ളവരെ കൂടി പറയിപ്പിക്കാൻ ആയിട്ട് “