“ഇത് അറിയാമല്ലോ പരിചയപ്പെടുത്തേണ്ട കാര്യമില്ലല്ലോ .. ?”
കാറിലെ പിൻ സീറ്റിൽ കയറുവാൻ ഒരുങ്ങിയ എന്നെ ചൂണ്ടിക്കാട്ടി രമ ചോദിച്ചു
“അറിയാം ആര്യാദേവി അല്ലേ .. നിന്റെ ആത്മാർത്ഥ സുഹൃത്ത്. ഇന്നലെ കൂടി ആര്യാദേവി യുടെ കാര്യം ഞങ്ങൾ സംസാരിച്ചതെയുള്ളു “
മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ലാതെ കാറിൻറെ ബാക്ക് സീറ്റിലേക്ക് കയറിയിരുന്ന എന്നെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു.
ഒരു പുഞ്ചിരി മറിച്ച് നൽകിക്കൊണ്ട് വിഷ് ചെയ്യുവാൻ ഞാൻ ആഗ്രഹിച്ചു എങ്കിലും അയാളുടെ കണ്ണിലെ ചോര നിറവും മുഖത്തെ രൗദ്ര ഭാവവും എന്നെ വിലക്കി.
എന്നോടൊപ്പം ബാക്ക് സീറ്റിലേക്ക് രമയും കയറാൻ ഒരുങ്ങിയപ്പോൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറുന്നതിനിടയിൽ രമയോടായി അയാൾ പറഞ്ഞു ,
“നിങ്ങൾ രണ്ടു പേരും പുറകിലിരുന്നു കൊണ്ട് എന്നെ ഡ്രൈവർ ആക്കാനുള്ള പരിപാടിയാണോ .. പോട്ടെ സാരമില്ല കൂട്ടുകാരിയുടെ കൂടെ ഇരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അങ്ങനെ ആയിക്കോട്ടെ “
“എവിടെ ഇരുന്നാൽ എന്താടാ നമ്മൾ പോകുന്നത് ഒരു സ്ഥലത്തേക്ക് അല്ലേ .. ?”
രമയുടെ മറുപടി അയാളെ നിശബ്ദനാക്കി.
ആർ പീ മാളിൽ നിന്നും പുറത്തേക്കിറങ്ങി ജെറോം നഗറിലെ ട്രാഫിക് ബ്ലോക്കിന് ഇടയിൽ കൂടി പതുക്കെ കാർ നീങ്ങുന്നതിനിടയിൽ മുന്നിലെ റിയർ വ്യൂ മിററിൽ കൂടി എന്നെ നോക്കിക്കൊണ്ട് അയാൾ ചോദിച്ചു ,
“കൂട്ടുകാരി എന്താണ് മൗനമായി ഇരിക്കുന്നത് .. എൻറെ പേരോ നാടോ എന്തെങ്കിലും ഒക്കെ ഒന്നു ചോദിക്കൂ “
“എനിക്കറിയാം രമ പറഞ്ഞിരുന്നു പേര് ജോണി ജോലി പോലീസ് സബ് ഇൻസ്പെക്ടർ “