മൈക്ക് പിടിച്ചുകൊണ്ട് ആര്യ നിന്നു.
“ഇന്ന് പുലർച്ചയാണ് സീപോർട് എയർപോർട്ട് റോഡിലുള്ള ഇന്ദിരാവിമൻസ് ഹോസ്റ്റലിലെ അടുക്കളയിൽ നീന എന്ന പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലാത്തതുകൊണ്ട് നീനയുടെ മരണത്തിൽ ദുരൂഹതയേറുന്നു.
സംഭവസ്ഥലത്തുനിന്നും ക്യാമറമാൻ അർജ്ജുവിനൊപ്പം ആര്യ ലക്ഷ്മി ബി ന്യൂസ്.
ക്യാമറ ഓഫ്‌ചെയ്ത് അർജ്ജുൻ അല്പനേരം മൗനമായി നിൽക്കുന്നതുകണ്ട ആര്യ അവന്റെ തോളിൽതട്ടി കാരണം ചോദിച്ചു..
“എന്നാലും ഒരു ആത്മഹത്യകുറിപ്പ് പോലുംവക്കാതെ ആ കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താകും.? അതാണ് ഞാൻ ആലോചിക്കുന്നത്.
“എന്തായാലും പോസ്റ്റുമോർട്ടം റിപ്പോർട്ട് വരട്ടെ”
ആര്യ അവനെ ആശ്വസിപ്പിച്ചു.
“മ്, വരട്ടെ, എന്തായാലും വാ നമുക്ക് സ്റ്റുഡിയോയിലേക്ക് പോകാം ടെലികാസ്റ്റ്ചെയ്യാനുണ്ട്.”
അർജ്ജുൻ അവളെവിളിച്ചുകൊണ്ടു ചാനലിലേക്ക് പോയി.
പോസ്റ്റ്‌മോർട്ടം കഴിഞ്ഞ് നീനയുടെ ശവശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്തിന് അവൾ ആത്‍മഹത്യചെയ്തു എന്ന ചോദ്യംമാത്രം ബാക്കിയാക്കി ഇടവകയിലെ കുടുംബകല്ലറയിൽ അവർ അവളെ അടക്കംചെയ്തു.
പിറ്റേന്ന് വൈകിട്ട് എസ് ഐ ജയശങ്കറിന്റെ ഫോണിലേക്ക് മിനിസ്റ്ററുടെ ഓഫീസിൽ നിന്നും അദ്ദേഹത്തിന്റെ പേഴ്‌സണൽ സെക്രട്ടറി വിളിച്ചു.
“എടോ ജയശങ്കറെ താനിന്നുരാത്രി ഗസ്റ്റ് ഹൗസിലേക്ക് ഒന്നുവരണം.”
“ഉവ്വ് സർ, വരാം.”
ഫോൺ കട്ട് ചെയ്ത് മേശപ്പുറത്തുവച്ച നീനയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പലതവണ അയാൾ വായിച്ചുനോക്കി. അവസാനം ഒരുചോദ്യം മാത്രം അവശേഷിച്ചു. ‘എന്തിനുവേണ്ടി അവൾ ആത്മഹത്യ ചെയ്‌തു.’
ഫയൽമടക്കി ഹാൻഡ്ബാഗിൽ വച്ചിട്ട് ജയശങ്കർ ജീപ്പെടുത്ത് ഹാൻഡ്ബാഗുമായി വീട്ടിലേക്കുപോയി.