വാർഡൻ എസ് ഐ ജയശങ്കറിനെയും മറ്റ് കോൺസ്റ്റബിൾമാരെയും കൂട്ടി നീനയുടെ മുറിയിലേക്കു നടന്നു.
കോണിപ്പാടികൾ ഓരോന്നായി തള്ളിനീക്കുമ്പോഴും മുന്നോട്ട് നയിക്കാനുള്ള
തെളിവുകൾ കിട്ടുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു ജയശങ്കറിന്.
“സർ ഇതുവഴി.”
വാർഡൻ കാണിച്ച വഴിയിലൂടെ അവർ മുന്നോട്ട് നടന്നു.
ഫോർ കെ എന്ന മുറിയിലേക്ക് വാർഡൻ ആദ്യംകയറി. ശേഷം ജയശങ്കറും രവിയും ജോർജും.
നാല് കട്ടിലുകൾ. അതിൽ ജാലകത്തിനോട് ചാരിയായിരുന്നു നീനയുടെ കട്ടിൽ കിടന്നിരുന്നത്.
ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാൽ ഒരു സ്വകാര്യവ്യക്തിയുടെ വാഴത്തോട്ടമാണ്.
“ഈ റൂമിലുള്ള ബാക്കി മൂന്നുപേരെവിടെ വിളിക്കൂ അവരെ.”
ജയശങ്കർ വാർഡനോടായി പറഞ്ഞു.
ശരിയെന്നഭാവത്തിൽ അവർ വേഗം താഴേക്കുപോയി ഉടനെതന്നെ തിരിച്ചുവന്നു.
കൂടെ നീനയോടൊപ്പം താമസിച്ചിരുന്ന മറ്റ് മൂന്ന് പെൺകുട്ടികളും ഉണ്ടായിരുന്നു.
മുറിയിലേക്ക് കടന്നുവന്ന് അവർ മൂന്നുപേരും നിരന്നുനിന്നു. നീനയുടെ വേർപാട് അവരെ എത്രമാത്രം സ്വാധീനിക്കുന്നുണ്ടെന്ന് അവരുടെ മുഖത്തുനിന്ന് ജയശങ്കറിന് വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു.
“എന്താ നിങ്ങടെ പേര് ?..
ജയശങ്കർ മൂന്നുപേരുടെ മുഖത്തേക്ക് മാറിമാറി നോക്കിക്കൊണ്ട് ചോദിച്ചു.
“ജിനു,
“അക്സ”
“അതുല്യ”
“നീന ആത്മഹത്യ ചെയ്യുമെന്ന് നിങ്ങൾ വിശ്വസിക്കുണ്ടോ?
“ഇല്ല സാർ, ഇതുവരെ അങ്ങനെ ഒരു സംസാരം അവളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.”
ജിനു ആയിരുന്നു ജയശങ്കറിന്റെ ചോദ്യത്തിനുള്ള ഉത്തരം നൽകിയത്.
“പ്രണയം ഉണ്ടായിരുന്നോ അവൾക്ക്.?”
എസ് ഐ വീണ്ടും ചോദിച്ചു.