ജിജോയുടെ പുറകെ കായൽ മണ്ണ് പരന്നു കിടക്കുന്ന മൺട്രോത്തുരുത്ത്
സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഞാൻ ഇറങ്ങി.
ട്രെയിനിൽ നിന്നുള്ള വെളിച്ചം മാത്രമേ അപ്പോൾ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നുള്ളൂ. വിരലിലെണ്ണാവുന്ന മൂന്നോ നാലോ യാത്രക്കാർ മാത്രമേ ഞങ്ങളോടൊപ്പം അവിടെ ഇറങ്ങുവാൻ ഉള്ളൂ. ഞങ്ങൾ ഒഴികെ ബാക്കിയെല്ലാവരും പ്ലാറ്റ്ഫോമിൽ കൂടെ വളരെ വേഗം നടന്ന് മുന്നോട്ടു പോയി കഴിഞ്ഞിരുന്നു. എൻറെ കാലുകൾ മുന്നോട്ട് ചലിക്കുവാൻ മനസ്സ് അനുവദിക്കാത്തതു പോലെ എന്താണ് സംഭവിക്കുന്നതെന്നോ എന്തൊക്കെയാണ് നേരിടേണ്ടി വരികയെന്നോ അറിയുവാൻ വയ്യാത്ത ഒരു അവസ്ഥ. എൻറെ വളരെ പതുക്കെ ഉള്ള നടപ്പിൽ ജിജോ കൂടുതൽ അസ്വസ്ഥനായിരുന്നു.
“ഒന്നു അനങ്ങി വേഗം നടക്കുന്നുണ്ടോ ?”
അല്പം ദേഷ്യത്തോടെ കൂടി തന്നെയാണ് എന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് ജിജോ പറഞ്ഞത്.
പ്ലാറ്റ്ഫോമും വിട്ട് പാസഞ്ചർ ചലിച്ചു തുടങ്ങിയിരുന്നു. അപ്പോഴേക്കും തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും തിരിച്ചറിയുവാൻ സാധിക്കാത്ത വിധത്തിൽ പ്ലാറ്റ്ഫോമിൽ ഇരുട്ട് പടർന്നു കഴിഞ്ഞു. അല്പസമയത്തെ ഇരുട്ടിൽ കൂടിയുള്ള നടത്തത്തിന് ഒടുവിൽ ഞങ്ങൾ പുറത്തേക്കുള്ള പ്രധാന വാതിൽ എത്തിച്ചേർന്നു.
ഏതാനും ബൈക്കുകൾ മാത്രം നിരന്നിരിക്കുന്ന പ്രധാന കെട്ടിടത്തിന് മുൻ ഭാഗത്തായി അല്പം വടക്കു മാറി ഒരു ആട്ടോ കിടപ്പുണ്ടായിരുന്നു. അത് മുരളി ആണെന്ന് ഞാൻ ആദ്യമേ മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.
എനിക്ക് മുൻപേ നടന്ന ജിജോയുടെ കാലുകൾ വളരെ വേഗത്തിൽ ആട്ടോ ലക്ഷ്യമാക്കി നടന്നു തുടങ്ങി.
അപ്പോഴേക്കും ജിജോയെ തിരിച്ചറിഞ്ഞ് മുരളി ഓട്ടോയിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്നു.