മൗനം മൗനങ്ങൾക്കും പറയാനുണ്ട് ….പലതും
Maunangalkkum Parayaanundu Palathum Author Rekha
അർഹിക്കാത്തവർക്കു ചിലതുകിട്ടിയാൽ അത് വെറും കറിവേപ്പിലപോലെയാണ് ,ആവിശ്യം കഴിഞ്ഞു വലിച്ചെറിയുന്ന വെറും കറിവേപ്പില ,കിട്ടാത്തവർക്ക് അത് വിലമതിക്കാത്ത നിധിയും ,ഓരോന്നും ഓരോ കാഴ്ചപ്പാടുകളാണ് . ആ കാഴ്ചപ്പാടുകളാണ് ഓരോന്നിനെയും ഓരോ തലത്തിലേക്ക് തിരിക്കുന്നത് , അതിനോടെല്ലാം മൗനമായിരിക്കാനേ എനിക്കാവുന്നുള്ളു കാരണം ഞാൻ കുറ്റപ്പെടുത്തണമെങ്കിൽ ആരെ കുറ്റപ്പെടുത്തും എന്നെയോ ? അതോ അതിനെല്ലാം വഴിവെച്ചവരെയോ ??? അറിയില്ല ! അതുകൊണ്ടു മൗനം മാത്രം .ഓരോന്നുപറഞ്ഞു നിങ്ങളെ വെറുതെ വെറുപ്പിക്കുന്നില്ല … കാര്യത്തിലേക്ക് കടക്കാം ..
ഞാൻ RMRKSM എന്ന ലോകത്തിലെ എല്ലായിടത്തും പരന്നുകിടക്കുന്ന കമ്പനി സാമ്രാജ്യത്തിൻ്റെ ഒരു ജോലിക്കാരി . ഞാൻ നിങ്ങളോടു RMRKSM എന്ന ഞങ്ങളുടെ കമ്പിനിയെപ്പറ്റി അധികമൊന്നും പറയേണ്ടതില്ലല്ലോ … എല്ലാവർക്കും അറിയുന്നതിനാൽ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല ഞാൻ ഈ പറഞ്ഞത് കണ്ടു, ഇവിടെയില്ലാത്തവരോട് പറഞ്ഞു പുറത്തെല്ലാം അറിഞ്ഞാൽ എനിക്കും എൻ്റെ സ്ഥാപനത്തിനും ചീത്തപ്പേരാണ് അതുകൊണ്ടു നിങ്ങൾ പുറത്തുപറയില്ല എന്ന ഉറച്ച വിശ്വാസത്താൽ പറയുകയാണ് .
വെറും ഒരു ജോലിക്കാരിയല്ല ഈ ഗ്രൂപ്പിൻ്റെ മുതലാളി ഞങ്ങളുടെയെല്ലാം അന്നദാതാവ് കോശി സാറിൻ്റെ PA .ഞാനാണ് അദ്ദേഹത്തിൻ്റെ ദൈന്യംദിന കാര്യങ്ങൾ തീരുമാനിക്കുന്നത് എന്നുപോലും പറയാം ..,അദ്ദേഹത്തിൻ്റെ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നത് എൻ്റെ ലാപ്ടോപ്പിലും . ഞാനും എൻ്റെ ലാപ്ടോപ്പും ഒരുമിച്ചു ഇല്ലാതായാൽ അദ്ദേഹത്തിൻ്റെ കാര്യങ്ങൾ എല്ലാം കുറച്ചു ദിവസത്തേക്കെങ്കിലും അവതാളത്തിലാകും .
ഞങ്ങളുടെ കോശി സാർ ഞങ്ങൾക്ക് വളരെ വലിയ മനുഷ്യനാണ് , പതിനായിരക്കണക്കിന് ആളുകൾ ജോലിചെയ്യുന്ന സാമ്രാജ്യത്തിൻ്റെ കിരീടമില്ലാതെ രാജാവ് .പക്ഷെ ബിസിനസ്സ് ലോകത്ത് കിരീടം വെച്ച രാജാവാണെന്നും പറയാം .കോശി സാറിനെക്കുറിച്ചു നിങ്ങൾക്കും അറിയാവുന്നതല്ലേ … അതുകൊണ്ടു ഞാൻ കൂടുതലൊന്നും പറയേണ്ടതില്ലല്ലോ