ഞാൻ നേരെ നോക്കി മിണ്ടാതെ ഇരുന്നു. ഇടക്ക് എന്നോട് പേരൊക്കെ ചോദിച്ചതിനു മാത്രം ഒന്ന് തിരിഞ്ഞ് നോക്കി ഞാൻ മറുപടി പറയും, വീണ്ടും മിണ്ടാതെ നിക്കും. ഉച്ചക്ക് ശേഷമുള്ള ആ 3 മണിക്കൂര്‍ കൊണ്ട് അവരൊക്കെ ഭയങ്കര ഫ്രണ്ട്സ് ആയെന്ന് അവരുടെ സംസാരത്തിൽ നിന്ന് എനിക്ക് തോന്നി. ഇടയ്ക്ക് പിറകില്‍ ഇരിക്കുന്നവൻ സ്റ്റെഫിയോട് ചോദിച്ചു
‘വന്‍ ജാഡ ആണല്ലോ നിങ്ങളുടെ ഫ്രണ്ട് നു’
‘പാവം ആടോ, വിട്ട് കള’
4.30ക്ക് ബെല്‍ അടിച്ചു ഞങ്ങൾ പുറത്ത് ഇറങ്ങിയപ്പോൾ ഒരു പട തന്നെ ഉണ്ടായിരുന്നു പുറത്ത്. ഓരോ ഗാംങ് ആയി അവർ ഞങ്ങടെ കുറച്ച് കുറച്ച് പേരെ വിളിച്ചു ഓരോ ഭാഗത്ത് പോയി, ഇന്നലെ എനിക്ക് ബുക്ക് തന്ന ചേച്ചിയും വേറെ ഒരു ചേച്ചി പിന്നെ 3 ബോയ്സ് കൂടി എന്നെയും ആതിരയെയും വിളിച്ചു ക്ലാസിന്റെ ഒരു മൂലക്ക് പോയി,രാജാക്കന്മാരെ പോലെ അവർ ബെഞ്ചിലിരുന്നു, അടിമകളെ പോലെ പേടിച്ച് വിറച്ചു അവരുടെ മുന്നില്‍ ഞങ്ങൾ നിന്നു.
പേരെന്താ?
ആതിര
‘കുതിരയോ?’
അല്ലേലും കേട്ടാലും കേള്‍ക്കാത്ത പോലെ ആകി ഇത് പോലെ എന്തേലും ചളി ചോദിച്ചാലെ സീനിയേർസിനു ത്രിപ്തി ഉള്ളു
‘അല്ല, ആതിര’ അവൾ ഒന്നൂടെ ഉറക്കെ പറഞ്ഞു.
‘നിന്റെയോ’?
‘അൻഷിദ’
‘മുഖത്ത് നോക്കി പറയെടി’
‘അൻഷിദ’ ഞാൻ ചോദിച്ച ചേട്ടന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
‘നീ എന്താടീ നോക്കി പേടിപ്പിക്കുക ആണോ’ കൂടെയുള്ള ചേച്ചിയുടെ വക ആണ് ചോദ്യം.
”ച്ച്” ഞാൻ തോളനക്കി ചുണ്ട് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ ഒരു ശബ്ദം ഉണ്ടാക്കി.
‘എന്തോന്നാടി ഇത്, ഒരു കാര്യം ചെയ്യൂ, ഒരു പേപ്പർ എടുത്ത് നീ ഇപ്പൊ പറഞ്ഞത് എഴുത്’
‘അല്ല എന്ന് പറഞ്ഞതാ ചേട്ടാ’ ആലോചിച്ചു നോക്കിയപ്പോള്‍ അത് എങ്ങിനെ എഴുതും എന്നൊരു പിടിയും ഇല്ലാത്തത് കൊണ്ട് ഞാൻ ഒന്ന് പറഞ്ഞ് നോക്കി.
‘എന്തായാലും അനിയത്തി പറഞ്ഞത് അല്ലെ ഇനി അതവിടെ പോയി എഴുത് ‘
ബാഗില്‍ നിന്ന് ബുക്കും പെന്നും എടുത്ത് ഇതെങ്ങനെ എഴുതും എന്നാലോചിച്ചു നിന്നു ഞാൻ. ആ സമയം ആതിരയുടെ മേലായി അവന്മാരുടെ കുതിര കേറ്റം. ഒടുവില്‍ 2 ഉം കല്പിച്ച് ‘മ്മ്ചും’ എന്നെഴുതി വന്നു. അവളുടെ വീട് കോളേജിനു അടുത്ത് തന്നെ ആണെന്ന് മനസ്സിലായത് കൊണ്ടാകാം കുറച്ച് ഓരോന്ന് ചോദിച്ച്, ഒരു പാട്ടും പാടിച്ച് അവളെ പോകാൻ അനുവദിച്ചു.
‘എഴുതിയോ?’
ഞാൻ എഴുതി എന്നർത്ഥത്തിൽ തലയാട്ടി.
ടീ പെണ്ണെ മര്യാദക്ക് വായ തുറന്ന് ഉത്തരം പറഞ്ഞില്ലെങ്കില്‍ ഇതും എഴുതേണ്ടി വരും..
‘എഴുതി ചേട്ടാ’