അതൊക്കെ പോട്ടെ, പുസ്തകങ്ങൾ ഒക്കെ വാങ്ങിയോ?
ഇല്ല
ഒരു ചേച്ചി കുറെ പുസ്തകങ്ങള്‍ കൈയിൽ തന്നു. ഫസ്റ്റ് ഇയർ പുസ്തകം ആണ്, ഞാൻ 400 രൂപക്ക് വാങ്ങിയതാ, നീ ഒരു 350 രൂപ താ. ഇതൊക്കെ ഏത് പുസ്തകം ആണെന്നോ, അതിന്റെ വിലയും ഒന്നും അറിയില്ലെങ്കിലും ഞാൻ കാശ് എടുത്ത് കൊടുത്തു. അവളുമാർക്കും കിട്ടി കുറെ പുസ്തകം. പിന്നെയും കുറച്ച് പേടിപിച്ചും അടങ്ങി ഒതുങ്ങി കഴിയണം എന്ന താക്കീതും നല്‍കി അവളുമാർ പോയി. കിട്ടിയ പുസ്തകങ്ങള്‍ നമുക്ക് വേണ്ടത് തന്നെ ആണോ എന്ന് പോലും ചിന്തിച്ചു പരസ്പരം നോക്കി ഇരുന്നു പോയി ഞങ്ങൾ. അപ്പോൾ ആണ് സ്റ്റെഫി കയറി വന്നത്.
എടീ. നിങ്ങളൊക്കെ പുസ്തകം വാങ്ങിയോ ‘
‘ ആ ‘
എന്തിനാടീ വാങ്ങിയത്, വേണ്ടന്ന് പറഞ്ഞ് കൂടെ
‘ അവർ വന്ന് പേടിപ്പിച്ചാൽ പിന്നെ എന്ത് ചെയ്യാനാ ‘
‘ എന്നിട്ട് ഞാൻ വാങ്ങിയില്ലല്ലോ, വാ നമുക്ക് വാർഡനോട് പറയാം’
‘ വേണ്ടെടി പ്രശ്നം ആകും ‘
‘ ഒരു പ്രശ്‌നവും ഇല്ല വാ ‘
ഞങ്ങൾ അങ്ങനെ വാർഡന്റെ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരി മനോരമ ആഴ്ച പതിപ്പും വായിച്ച് ഇരിക്കുക ആണ്. കുറച്ച് മുന്നേ പ്രസംഗിച്ച ആളെ അല്ല ഞങ്ങൾ പരാതി പറഞ്ഞപ്പോൾ..
‘ നിങ്ങള്‍ക്ക് പഠിക്കാൻ ഉള്ള പുസ്തകങ്ങള്‍ അല്ലെ മക്കളെ ,അത് കുറഞ്ഞ പൈസക്ക് കിട്ടിയല്ലോ, നല്ലത് അല്ലെ അത്’
‘എഹ് എന്നാലും മേഡമല്ലേ പറഞ്ഞെ ഈ ബ്ലോക്ക്ൽ അവർ ആരും വരില്ല എന്ന്’
‘അവർ നിങ്ങള്‍ക്ക് പുസ്തകം തരാന്‍ വന്നത് അല്ലെ’
അതോടെ തിരിച്ച് റൂമിലേക്ക് പോകുന്നെ വഴിയെ തന്നെ ഷീല തോമസ് ന് തള്ള് ഷീല എന്ന് നാമകരണം ചെയ്തു.
ക്യാമ്പസിനുള്ളിൽ തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റൽ, യഥാർത്ഥത്തിൽ ഹോസ്റ്റൽ ഗേറ്റ് കടന്നാൽ 5 മിനുറ്റ് നടക്കാൻ ഉള്ള ദൂരം മാത്രമേ ഞങ്ങളുടെ ക്ലാസിലേക്ക് ഉള്ളുവെന്കിലും, അത് നടന്നെത്താൻ രാവിലെ അര മണിക്കൂറും വൈകിട്ട് ഒന്നര മണിക്കൂറും വേണമെന്ന് ആദ്യ ദിവസം തന്നെ ഞങ്ങൾക്ക് മനസ്സിലായി. നല്ലവരായ ഞങ്ങളുടെ സീനിയർ ചേട്ടൻമാരുടെ വഴിക്ക് വെച്ചുള്ള ‘കുശലാന്വേഷണം’ ആയിരുന്നു കാരണം. ഓരോ ഡിപ്പാര്‍ട്ട്മെന്റ്നും ഓരോ ബ്ലോക്കുകള്‍ ആയിരുന്നു. എന്റെ ഡിപ്പാര്‍ട്ടുമെന്റ് ആയ സിവിൽ ബ്ലോക്കിലെത്തണമെന്കിൽ, ഇലക്ട്രികൽ, മെക്കാനിക് ബ്ലോക്കുകള്‍ കഴിയണം.