അയ്യോ, ഇതാരാ ഇങ്ങോട്ട് വന്നത്, സ്റ്റെഫിയും അഞ്ചുവും ഒക്കെ കുറെ വിളിച്ചിരുന്നു. ഞാൻ ഫോൺ എടുത്തിട്ടില്ലായിരുന്നു. എന്നെ കിട്ടാത്തത് കൊണ്ട് ഇനി അഡ്രസ്സും തപ്പി എടുത്ത് ഇങ്ങോട്ട് പോന്നോ?ഇങ്ങനെ ഒക്കെ ഓര്‍ത്തു ഞാൻ ചെന്നു. അവിടെ വന്നിരിക്കുന്ന ആളുകളെ കണ്ടു ഞാൻ ഞെട്ടി. അന്ന് എന്നെ റാഗ് ചെയ്ത ചേച്ചിമാരിൽ 4-5 പേർ. അന്ന് കാര്യമായി ഉപദ്രവിച്ച നീതു, ഷബാന തുടങ്ങിയവർ ഒക്കെ ഉണ്ട്.. ഇവർ എന്തിനുള്ള പുറപ്പാടിലാണ് എന്തിനാ ഇങ്ങോട്ട് പോന്നത്, ഇനി എന്നെ ബ്ലാക്ക് മൈല്‍ ചെയ്യാൻ വല്ലോം ആകുമോ, ഉമ്മാക്ക് ഇത് വരെ സംഭവം പൂര്‍ണമായും അറിയില്ല ആ വീഡിയോ ഒക്കെ കണ്ടാൽ മതി, എന്റെ പാവം ഉമ്മ ആകെ തകർന്ന് പോവും, ഇത്തരം ചിന്തകൾ ഒക്കെ എന്റെ മനസ്സിലൂടെ കടന്ന് പോയി, 2 ദിവസം കൊണ്ട് ഞാൻ സംഭരിച്ച ധൈര്യം ഒക്കെ ചോര്‍ന്നുപോയ പോലെ…
‘നിങ്ങളൊക്കെ ഓളുടെ ക്ലാസ്സിൽ തന്നെ ആണോ?
അല്ലിത്താ. ഒരെ ഹോസ്റ്റലിലാ..
ആഹ്, അവളെ ആരോ വഴക്ക് പറഞ്ഞെന്നോ മറ്റോ പറഞ്ഞ് ഇനി കോളേജിൽ പോകൂല എന്ന് വാശി പിടിച്ചു നില്‍ക്കുകയാണ് ഓള്. നിങ്ങളൊന്ന് പറഞ്ഞ് മനസ്സിലാക്ക്. നിങ്ങൾ സംസാരിച്ച് ഇരിക്കീ ഞാൻ ചായ എടുക്കാട്ടോ.
അൻഷിദ എന്താ കോളേജിൽ വരാത്തത്?
ഉമ്മ പോയപ്പോള്‍ അവർ ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. ഇനി എന്താ ഇവരുടെ ഉദ്ദേശം എന്നായിരുന്നു എന്റെ മനസ്സിൽ.
ഞങ്ങൾ കാരണം ആണോ?
ഹ്മ്മ്.
ഞങ്ങൾ അതിനു സോറി പറയാനാ വന്നത്. താൻ അതൊക്കെ തമാശയായി എടുക്കും എന്നാ കരുതിയത്..
‘അതാണോ നിങ്ങളുടെ തമാശ ‘ എനിക്ക് നല്ല ദേഷ്യം വന്നു.
ഞാൻ അവിടെ നിന്ന് കരയുമ്പോള്‍ ഞാൻ തമാശ ആസ്വദിച്ചു ചിരിക്കുക ആണെന്ന് ആകും അല്ലെ നിങ്ങള്‍ക്ക് തോന്നിയത്
നീതു എന്റെ അടുത്ത് വന്ന് എന്റെ കൈ പിടിച്ചു..
സത്യം ആയും ഞങ്ങൾ കരുതിയത് താൻ ഭയങ്കര സ്മാർട്ട് ആണ് എന്നാണ്, പിന്നെ കുറച്ച് റാഗ് ചെയ്യുമ്പോ മിക്ക പേരും കരയും അത്രയേ ഞങ്ങൾ എടുത്തുള്ളൂ..പിന്നെ നിന്നോട് കുറച്ച് കുശുമ്പും ഉണ്ടായിരുന്നു…അതിന്റെ പേരില്‍ താൻ പഠിപ്പ് നിര്‍ത്തും എന്നൊന്നും കരുതിയില്ല. നാളെ മുതൽ കോളേജിൽ വരണം കേട്ടോ.