രാമൻ നെഞ്ചിൽ കൈവച്ചു.
” അഗ്നിക്കുമുകളിൽ അവൾ വന്നുനിൽക്കുന്നകാഴ്ച്ച. അതുകണ്ട് മോള് വല്ലാതെ ഭയപ്പെട്ടു.
പക്ഷെ വിഷ്ണുനമ്പൂതിരി മന്ത്രശക്തികളാൽ അവൾകണ്ട കാഴ്ച്ചകൾ മനസിൽനിന്നും മായിച്ചുകളഞ്ഞു.
എന്നാലും എനിക്കെന്തോ ഒരു ഭയം തോന്നുന്നു രാമാ,
അവളുടെ ഈ വരവിൽ .
അരുതാത്തതെന്തൊക്കെയോ സംഭിവാക്കാൻ പോകുന്നുന്നൊരു തോന്നൽ.”
അന്നാദ്യമായിട്ടായിരുന്നു ശങ്കരൻതിരുമേനിയുടെ ശബ്ദം ഇടറുന്നത് രാമൻ കേട്ടത്.
“ഏയ്,എന്താ തിരുമേനി ദേവി കൈവിടില്ല്യാ..”
രാമൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
ഉമ്മറത്തേക്ക് കയറിച്ചെന്ന് തിരുമേനി ചാരുകസേരയിൽ നിവർന്നു കിടന്നു.
“ഗൗര്യേ, ആ പുണ്യാഹം ഇങ്ങെടുത്തോളൂ.”
അംബലത്തിൽനിന്നും കൊണ്ടുവന്ന പുണ്യാഹവുമായി ഗൗരിയും അമ്മുവും ഉമ്മറത്തേക്കുവന്നു.
തിരുമേനി നാക്കിലയിൽ പൊതിഞ്ഞ ചരടെടുത്ത് ഗൗരിയെ നോക്കി.
“ഇങ്ങട് വാര്യാ.”
അടുത്തേക്കുവിളിച്ച ഗൗരിയെ അദ്ദേഹം പുണ്യാഹം കൊണ്ട് ശുദ്ധിവരുത്തി.
ശേഷം പൂജിച്ചെടുത്ത കറുത്തചരടെടുത്ത് ഗൗരിയുടെ വലതുകൈയിലേക്ക് രണ്ടുമടക്കായി ഇട്ടിട്ട്
ആദിശങ്കരനെ മനസിൽ ധ്യാനിച്ചു.
ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ.
“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ.
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”
ശേഷം അദ്ദേഹം ചരട് മൂന്ന് കെട്ടുകളായി ബന്ധിച്ചു.
“ഇനി നിന്നെ ഒരു ദുഷ്ട്ടശക്തിക്കും കീഴ്പ്പെടുത്താൻ കഴിയില്ല.
ഒന്നോർക്കണം അശുദ്ധി വരുത്താതെ നോക്കണം, വരുത്തിയാൽ വീണ്ടും മൂന്നുനാൾ ഗായത്രിമന്ത്രം ജപിച്ച് ശുദ്ധിവരുത്തി പൂജിക്കണം. മനസിലായോ.?”
“ഉവ്വ് മുത്തശ്ശാ, ”
ഗൗരി അമ്മുവിനെയും കൂട്ടികൊണ്ട്
പ്രാതൽ കഴിക്കാനിരുന്നു.
“അമ്മു, നമുക്ക് ഒന്നുകറങ്ങാൻ പോയാലോ?, എനിക്കീസ്ഥലം ഒത്തിരിയിഷ്ടപ്പെട്ടു. ബാംഗ്ളൂരൊക്കെ മാറിനിൽക്കും, ഇവിടെയിരുന്ന് ബോറടിച്ചുടാ..ഫോണിലാണെങ്കിൽ റേഞ്ച് ഇല്ല.”
പ്ലേറ്റിലേക്ക് ഇഡലി പൊട്ടിച്ചിടുന്നതിനിടയിൽ അവൾ പറഞ്ഞു.
“ഗൗര്യേച്ചി, അങ്ങനെയാണെങ്കിൽ ഇവിടെ അടുത്തൊരു സ്ഥലമുണ്ട്. പക്ഷെ മുത്തശ്ശനറിഞ്ഞാൽ വഴക്കുപറയും.”
“ഇല്ല്യാ, നീ പറ, എവിട്യാ ?..”
ആകാംക്ഷയോടെ ഗൗരി ചോദിച്ചു.
“മാർത്താണ്ഡന്റെ പഴയ വാസസ്ഥലം.
ഒന്നര വർഷം മുൻപ് മുത്തശ്ശൻ അയാളെ നാടുകടത്തിതാ, പിന്നെ ഇങ്ങോട്ട് വന്നിട്ടില്ല്യാ. ദൂരെയെവിടെയോ ആണ് ഇപ്പോൾ.”
അല്പം ഭയത്തോടെ അമ്മു പറഞ്ഞു.
“മുത്തശ്ശൻ ഇന്ന് പുറത്തുപോണം ന്ന് പറഞ്ഞിരുന്നു. അവരിറങ്ങട്ടെ, ന്നിട്ട് നമുക്കു പോകാം”
പ്ലേറ്റിൽനിന്നും ഒരുകഷ്ണം ഇഡലിയെടുത്ത് സാമ്പാറിൽമുക്കി ഗൗരി വായിലേക്ക് വച്ചുകൊണ്ട് പറഞ്ഞു.
“മ്.”
അമ്മു സമ്മതംമൂളി.