ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ.
“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ.
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”
ശേഷം മണ്ണിൽ ഒരു നക്ഷത്രം വരച്ച് തിരുമേനി തന്റെ തള്ളവിരൽ ഉപയോഗിച്ച് അതിന്റെ മധ്യത്തിൽ അമർത്തിപിടിച്ചു.
ആഞ്ഞടിച്ച കാറ്റ് പതിയെ നിലച്ചു.
അപ്പൂപ്പൻക്കാവ് ശാന്തമായി.
തന്റെ മുൻപിലുണ്ടായിരുന്ന കരിമ്പൂച്ച പെട്ടന്ന് അപ്രത്യക്ഷമായപ്പോൾ തിരുമേനി എഴുന്നേറ്റ് ചുറ്റിലുംനോക്കി.
അപ്പോഴേക്കും രാമൻ തന്റെ സഹായികളെകൂട്ടി കാവിലേക്കുവന്നു.
കൂടെ കുട്ടന്റെ അച്ഛൻ നാരായണവാര്യരും ഉണ്ടായിരുന്നു.
മകന്റെ മൃതദേഹംകണ്ട വാര്യർ ഉടനെ കുഴഞ്ഞുവീണു.
“എന്താ തിരുമേനി സംഭവിച്ചേ ?..”
കൂട്ടത്തിലൊരാൾ ചോദിച്ചു.
“ഞാൻ ഊഹിച്ചത് ശരിയായിരുന്നു.
മഞ്ഞൾപൊടിയും, കണ്ണുകളിലെ നീലനിറവും വച്ചുനോക്കുമ്പോൾ, ഇത് മാർത്താണ്ഡന്റെ ക്രൂര ശിക്ഷണമാണ്.
പക്ഷെ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരുകാര്യമുണ്ട്.
ദുർമരണപ്പെട്ട ‘സീത’.
അവളെ ഞാൻ കണ്ടു.”
“കാവിലമ്മേ…”
ഒരുനിമിഷം എല്ലാവരും നിശബ്ദതപാലിച്ചു.
“അടക്കംചെയ്തതായിരുന്നു. പിന്നെ എങ്ങനെ ബന്ധനംഭേദിച്ച് പുറത്തുവന്നു.”
തിരുമേനി വീണ്ടും ചിന്തകളിലാണ്ടു.
വൈകാതെ കുട്ടന്റെ മൃതദേഹവുമായി രാമനും സഹായികളും ബ്രഹ്മപുരത്തേക്ക് മടങ്ങി.
തന്റെ നെഞ്ചിലേക്ക് നാരായണവാര്യരെ ചേർത്തുപിടിച്ച് തിരുമേനിയും പിന്നാലെ നടന്നു.
കുട്ടന്റെ മൃതദേഹം അടക്കംചെയ്ത് തിരുമേനി കീഴ്ശ്ശേരി മനയിലേക്ക് കടന്നുചെല്ലുമ്പോൾ ഉമ്മറത്ത് അംബികചിറ്റയുടെ മടിയിൽ കിടക്കുകയായിരുന്നു ഗൗരി.
തിരുമേനി വേഗം അവളുടെയടുത്തേക്ക് ചെന്ന് ശിരസിൽതലോടി.
“എന്താ കുട്ട്യേ… ഭയന്നുപോയോ ?..”
ചിറ്റയുടെ മടിയിൽകിടന്ന് ഗൗരി തിരുമേനിയെ ഒന്നുനോക്കി.
“മ്..”
“സാരല്ല്യട്ടോ, ഇതൊക്കെ ഇവിടെ പതിവുള്ളതാ, വാ എണീക്ക് നമുക്കൊന്ന് കുളിച്ചിട്ട് വരാം. മോള് കണ്ടിട്ടില്ല്യല്ലോ മനക്കലെ കുളം.”
മടിയിൽകിടന്ന ഗൗരിയുടെ കൈകൾപിടിച്ച് തിരുമേനി എഴുന്നേൽപ്പിച്ചു.
മനക്കലെ കുളത്തിലേക്ക് തിരുമേനി ഗൗരിയുടെ കൈയുംപിടിച്ച് പടിഞ്ഞാറെ തൊടിയിലൂടെ നടന്നു.
കുളപ്പുരയിലൂടെ അവർ കല്പടവുകളിലേക്ക് ഇറങ്ങിച്ചെന്നു.
അപ്പോഴേക്കും അംബികചിറ്റ കാച്ചിയ എണ്ണയും തേർത്തുമുണ്ടുമായി കുളക്കടവിലേക്ക് വന്നു.
ഗൗരിയുടെ അച്ഛന്റെ അനിയന്റെ ഭാര്യയാണ് അംബിക. ഹൃദയസ്തംഭനംമൂലം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം മരണമടഞ്ഞിരുന്നു.
ശേഷം അംബികചിറ്റ കീഴ്ശ്ശേരിയിലായിരുന്നു താമസിച്ചു വരുന്നത്.
“ന്തിനാ അംബികേ ഇപ്പൊ എണ്ണയിടുന്നെ, നീരിറങ്ങിയാൽ നിനക്കുതന്നെ ജോലിയാവില്ല്യേ..”
കൽപ്പടവുകളിൽ ഇരിപ്പുറപ്പിച്ച തിരുമേനി പറഞ്ഞു.
“സാരല്ല്യ, ന്റെ കുട്ട്യല്ലേ…”
എണ്ണകൊടുത്ത് അംബികചിറ്റ തിരഞ്ഞുനടന്നു.
ഗൗരി തന്റെ മൃദുലമായകാലുകൾ പതിയെ കുളത്തിലേക്ക് ഇറക്കിവച്ചു.
കൊലുസണിഞ്ഞകാലിന്റെ ചെറിയ രോമങ്ങൾക്കിടയിലൂടെ തണുപ്പ് ശരീരത്തിലേക്ക് പ്രവാഹിക്കാൻ തുടങ്ങി.
ഒറ്റകുതിപ്പിന് ഗൗരി നീലനിറത്തിലുള്ള ജലത്തിലേക്ക് എടുത്തുചാടി.
കൈയിലുള്ള മുറുക്കാൻ നിലത്തിട്ട് ശങ്കരൻതിരുമേനി ഭയത്തോടെ ചാടിയെണീറ്റു.