യക്ഷയാമം 4 [വിനു വിനീഷ്]

Posted by

വീക്കിലി വായിച്ചുകൊണ്ടിരുന്ന ചേച്ചി പറഞ്ഞു.

ഗൗരി പിന്നിലേക്ക് തിരിഞ്ഞ് പിടക്കുന്ന തന്റെ മാൻമിഴികളാൽ അയാളെ തിരഞ്ഞു.
ജാലകത്തിനരികിൽ കണ്ണുകളടച്ച് ഏതോ ചിന്തകളിലാണ്ടിരിക്കുകയായിരുന്നു അപ്പോൾ അയാൾ.

ജാലകത്തിലൂടെ അകത്തേക്കാഞ്ഞടിച്ച കാറ്റിൽ അയാളുടെ മുടിയിഴകൾ മുഖത്തേക്ക് പരന്നുകിടന്നു.
വലതുകൈകൊണ്ട് പരന്നുകിടക്കുന്ന മുടിയിഴകളെ അയാൾ ഒതുക്കിവച്ചു.

ട്രെയിന്റെ വേഗത കുറയുന്നത് ഗൗരി അറിയുന്നുണ്ടായിരുന്നു.

ഇരുണ്ടുകൂടിയ കാർമേഘത്തിൽനിന്നും മഴ തുള്ളിത്തുള്ളിയായി പെയ്തിറങ്ങാൻ തുടങ്ങി.

ട്രെയിൻ പ്ലാറ്റ്‌ഫോമിലേക്ക് കടന്നു.
ഇറങ്ങാനുള്ളവർ ഓരോരുത്തരായി സീറ്റിൽനിന്നും എഴുന്നേറ്റു.
പക്ഷെ അയാൾമാത്രം എഴുന്നേൽക്കാതെയിരിക്കുന്നതുകണ്ട ഗൗരി അല്പമൊന്ന് ശങ്കിച്ചു.

“ഇവിടെ ഇറങ്ങുന്നാണല്ലോ പറഞ്ഞേ, പിന്നെയെന്താ ഇറങ്ങാത്തെ.”

അവൾ തന്റെ ബാഗും മറ്റുമെടുത്ത് ഇറങ്ങാൻ തയ്യാറായി.

ട്രൈൻ പതിയെ പ്ലാറ്ഫോമിലേക്ക് വന്നുനിന്നു
വീണ്ടും ഗൗരി പിന്നിലിരിക്കുന്ന അയാളെതന്നെ നോക്കി.
പക്ഷെ അവിടെ ശൂന്യമായിരുന്നു.

“ദേവീ… ഒരു നിമിഷംകൊണ്ട് ആ ഏട്ടൻ എങ്ങോട്ടുപോയി.?”

ഗൗരി വേഗം തന്റെ ബാഗും മറ്റുമെടുത്ത് അയാളിരുന്ന സീറ്റിന്റെ അരികിലേക്ക് ചെന്നുനോക്കി.

“ഒരു യാത്രപോലും പറയാതെ പോയോ..”
നിരാശയോടെ അവൾ തിരിഞ്ഞുനടന്നു.

മഴ കനത്തുപെയ്യാൻ തുടങ്ങി. ഡോറിനരികിലേക്കുചെന്ന ഗൗരിയെ മഴ ചീതലടിച്ചുകൊണ്ട് സ്വാഗതംചെയ്തു.

തണുത്തകാറ്റേറ്റ് അവളുടെ തുടുത്തകവിളുകൾ മരവിക്കാൻ തുടങ്ങി.
വലതുകൈ പുറത്തേക്കുനീട്ടി ഗൗരി മഴയെ അടുത്തറിഞ്ഞു.

ട്രെയിനിൽ നിന്നുകൊണ്ടുതന്നെ അവൾ പ്ലാറ്റ്ഫോമിന്റെ രണ്ടറ്റത്തേക്കും നോക്കി.

“മുത്തശ്ശൻ വരാന്നാണല്ലോ പറഞ്ഞേ..
ന്നിട്ട് ആളെവിടെ…”

മഴ കനത്തതോടെ അല്പനേരംകൂടെ ഗൗരി ട്രെയിനിൽതന്നെ നിന്നു.

ദൂരെ മഞ്ഞുമൂടിയ പ്ലാറ്റ്ഫോമിലൂടെ ഒരാൾ കുടപിടിച്ചുകൊണ്ട് വരുന്നത് ഗൗരി ശ്രദ്ധിച്ചു.

ആറടി പൊക്കത്തിൽ, കാവിമുണ്ടുടുത്ത്
നരബാധിച്ച തലമുടികളുമായി, നെഞ്ചുവിടർത്തികൊണ്ട് ഒരാൾ.

നഗ്നപാദങ്ങൾ തറയിൽ പതിക്കുമ്പോൾ കെട്ടിനിൽക്കുന്ന ജലം രണ്ടു ഭാഗങ്ങളിലേക്കായി ഒഴുകി അദ്ദേഹത്തിന് വഴിയൊരുന്നുണ്ടായിരുന്നു.

നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലൂടെ കഴുത്തിൽ കെട്ടിയ രക്ഷകളും
കൂടെ ഓം എന്നെ ചഹ്നത്തിൽ പതിച്ച ലോക്കറ്റും തെളിഞ്ഞു നിൽക്കുന്നതും കാണാം.

കറുപ്പും,ചുവപ്പും, മഞ്ഞയും നിറത്തിലുള്ള ചരടുകൾ മെടഞ്ഞ് വലതുകൈയ്യിൽ കെട്ടി അതിന്റ കൂടെ സ്വർണത്തിന്റെ കൈചെയ്നിൽ രുദ്രാക്ഷം കോർത്തിണക്കിയിരിക്കുന്നു.

ശക്തമായ കാറ്റിൽ ദേഹത്തേക്ക് പതിച്ച മഴത്തുള്ളികൾ നെറ്റിയിൽ ചാലിച്ച ചന്ദനത്തെ മയ്ക്കാനുള്ളശ്രമം അദ്ദേഹം വലതുകൈകൊണ്ട് തടഞ്ഞ് കട്ടിയുള്ള മീശയെ അദ്ദേഹം ഒന്നുതടവി.

മഴമേഘങ്ങൾ പൊതിഞ്ഞ ഇരുണ്ട അന്തരീക്ഷത്തിൽ അദ്ദേഹത്തിന്റെ തേജസ്സാർന്ന മുഖം തെളിഞ്ഞു നിന്നു

ആർത്തുപെയ്യുന്ന മഴയുടെ കുസൃതികലർന്നലീലയെ വകവക്കാതെ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഗൗരിയുടെ അടുത്തേക്കുവന്നു.

അദ്ദേഹത്തെ അടിമുടിയൊന്നുനോക്കിയ ഗൗരി
അദ്‌ഭുദത്തോടെ നിന്നു.

കീഴ്ശ്ശേരി മനക്കലെ ശങ്കരൻ തിരുമേനി.

“മുത്തശ്ശൻ.”
ഗൗരിയുടെ തണുത്തുവിറച്ച ചുണ്ടുകൾ പറഞ്ഞു.

“മോളെ…ഗൗരീ…”
പൗരുഷമാർന്ന സ്വരത്തിൽ അദ്ദേഹം വിളിച്ചു.

“മുത്തശ്ശാ… ”
മഴയെ വകവക്കാതെ അവൾ പുറത്തേക്ക് ചാടിയിറങ്ങിയതും. ഘോരമായ ശബ്ദത്തിൽ ഇടിയും മിന്നലും ഭൂമിയിലേക്ക് ഒരുമിച്ചിറങ്ങി.
ഒരുനിമിഷം മുൻപെങ്ങും കാണാത്ത തരത്തിലുള്ള ശക്തമായ കാറ്റ് ഒഴുകിയെത്തി. കാറ്റിന്റെ ലാളനത്തിൽ വൈദ്യുതികമ്പികൾ കൂട്ടിമുട്ടി വലിയ ശബ്ദത്തിൽ പൊട്ടിത്തെറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *