യക്ഷയാമം 4
YakshaYamam Part 4 bY വിനു വിനീഷ് | Previous Parts
ഗൗരിയുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി ബ്രഹ്മപുരത്ത് കീഴ്ശ്ശേരി മനക്കലെ ശങ്കരൻതിരുമേനി തയ്യാറായി നിൽക്കുന്നുണ്ടായിരുന്നു.
തിരിച്ച് സീറ്റിൽവന്നിരുന്ന ഗൗരിയുടെ മനസുമുഴുവൻ കമ്പിളിപുതച്ചുവന്നയാളെകുറിച്ചായിരുന്നു.
വൈകാതെ രാത്രിയുടെലാളനം അവളെ നിദ്രയിലേക്ക് നയിച്ചു.
ജാലകത്തിലൂടെ ഒഴുകിയെത്തിയ തണുത്തകാറ്റേറ്റ് അഴിഞ്ഞുവീണ അവളുടെ മുടിയിഴകൾ മൃദുലമായ കവിൾതടത്തിൽ മുട്ടിയുരുമ്മിക്കളിക്കുന്നുണ്ടായിരുന്നു.
രാത്രിയുടെ യാമങ്ങൾ കടന്നുപോയി.
അഴിഞ്ഞുകിടക്കുന്ന കേശത്തിനുള്ളിലൂടെ അരുണകിരണങ്ങൾ അവളെ തട്ടിവിളിച്ചു
കണ്ണുതുറന്ന് ഗൗരി ചുറ്റിലുംനോക്കി.
പേരറിയാത്ത ഏതോ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരിക്കുന്നു.
“ചേച്ചീ…ഏതാ ഈ സ്റ്റേഷൻ.”
അടുത്ത സീറ്റിലിരുന്ന് മനോരമ വീക്കലി വായിക്കുന്ന ചേച്ചിയോട് ചോദിച്ചു.
“ഇത് കുറ്റിപ്പുറം..”
“ഓഹ്… അപ്പൊ ഷൊർണൂരോ…?”
സംശയത്തോടെ അവൾ വീണ്ടും ചോദിച്ചു.
“അത് ഇതുകഴിഞ്ഞിട്ടാ..”
ചേച്ചി വീണ്ടും വായനതുടർന്നു.
ഗൗരി എഴുന്നേറ്റ് പതിയെ പുറത്തേക്കിറങ്ങി.
കിഴക്കുനിന്നുവന്ന കാറ്റും, ഇളംചൂടുള്ള അരുണരശ്മികളും അവളെ ആവരണം ചെയ്തു.
വിശപ്പ് സഹിക്കവയ്യാതെ അവൾ ചുറ്റിലും നോക്കി.
ചായയും,കാപ്പിയുമായി ഒന്നുരണ്ടുപേർ നടന്നുവരുന്നത് കണ്ടു.
പക്ഷെ അവരെ കണ്ടുകഴിഞ്ഞാൽ പിന്നെ രണ്ടുദിവസത്തിന് ഭക്ഷണംപോലും കഴിക്കാൻ തോന്നില്ല.
വൃത്തിഹീനമായ വേഷവിധാനങ്ങൾ. ചെമ്പൻ തലമുടി.
ഗൗരി അടുത്തുള്ള കടയിൽനിന്നും ഒരു പാക്കറ്റ് ബ്രെഡ്ഡും ഒരുകുപ്പി വെള്ളവും വാങ്ങി.
പ്ലാറ്റ്ഫോമിൽ പച്ചലൈറ്റ് കത്തി.
ചൂളം വിളിച്ചുകൊണ്ട് ട്രൈൻ പോകാൻ തയ്യാറായിനിന്നു.
കാശുകൊടുത്ത് ബ്രെഡ്ഡ്ന്റെപാക്കറ്റും, വെള്ളവും ബാഗിലേക്കിട്ട് അവൾ വേഗം ട്രൈനിലേക്ക് കയറാൻവേണ്ടി കമ്പിയിൽപിടിച്ചു. പക്ഷെ പെട്ടന്നുതന്ന അവൾ കൈ പിൻവലിച്ചു. കൈയിലെന്തോ പറ്റിയിരിക്കുന്നു.
ഉള്ളംകൈ മലർത്തിനോക്കിയ അവൾ ഭയത്തോടെനിന്നു.
“ഇതെവിടന്നാ രക്തം..”
അപ്പോഴാണ് ഗൗരി അത് ശ്രദ്ധിച്ചത് പിടിച്ചുകയറാനുള്ള കമ്പിയിൽ രക്തം ഒലിച്ചറങ്ങിയിരിക്കുന്നു.
ട്രെയിൻ ചലിക്കാൻ തുടങ്ങി.
ഗൗരി വേഗം ട്രെയിനുള്ളിലേക്ക് കയറി.
ഒരുനിമിഷം അവൾ ആലോചിച്ചു നിന്നു.
“ഇന്നലെ ആ കമ്പിളി പുതച്ചുവന്നയാൾ ട്രെയിനിൽ നിന്നും എടുത്തുചാടാൻ വേണ്ടി ഈ കമ്പിയിലായിരുന്നോ പിടിച്ചുനിന്നത്.
അതെ, ഇവിടെ തന്നെ…”