അവനോടു അഭിമുഖമായി ഇരിക്കാന്‍ അവള്‍ കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചു. ഒന്ന് മടിച്ച് അവന്‍ അവള്‍ക്കഭിമുഖമായി ഇരുന്നു. ശ്രീദേവി അവന്‍റെ കണ്ണുകളിലേക്കു നോക്കി.
“ഷെല്ലി അലക്സിന് ഒരു പക്ഷെ അറിയില്ല,” അവന്‍റെ കണ്ണുകളില്‍ നിന്ന്‍ നോട്ടം മാറ്റാതെ അവള്‍ പറഞ്ഞു. ‘ഷെല്ലിയുടെ ഏതാണ്ട് പ്രായമുള്ള ഒരു മോന്‍ എനിക്കുണ്ട്. ഷെല്ലിയേക്കാള്‍ രണ്ടു വയസ്സുള്ള ഒരു മോന്‍ എനിക്കുണ്ടായിരുന്നു. മരിച്ചുപോയി. ഒരു ബോട്ടപകടത്തില്‍. പിക്നിക്കിന് പോയതാരുന്നു. ആ മോന്‍റെ മുഖമാണ് ഷെല്ലിയ്ക്ക്. ഒരമ്മയ്ക്ക് മക്കളെ ഒരിക്കലും മറക്കാന്‍ പറ്റില്ല. ഷെല്ലി ഇപ്പോള്‍ എന്‍റെ മുമ്പില്‍ ഈ സ്കൂളില്‍ പഠിക്കുമ്പോള്‍ ആ മോന്‍ എന്‍റെ മുമ്പില്‍ ഇങ്ങനെ പുനര്‍ജ്ജനിച്ച് നിക്കുവാണ്…”
ഷെല്ലി വികാരരഹിതമായി അവളെ നോക്കി.
“അതുകൊണ്ട് ഷെല്ലിയുടെ ചില സ്വകാര്യകാര്യങ്ങളില്‍ എനിക്ക് ഇടപെടേണ്ടി വരും. ഷെല്ലി ഇഷ്ട്ടപ്പെട്ടിലെങ്കിലും …”
അവന്‍റെ പ്രതികരണമറിയാന്‍ അവള്‍ വീണ്ടും അവന്‍റെ കണ്ണുകളിലേക്ക് നോക്കി.
ഷെല്ലി പക്ഷെ നിര്‍വ്വികാരതയോടെ അവളെത്തന്നെ നോക്കിയിരുന്നു. അവള്‍ ഒന്ന് സംശയിച്ചു. പിന്നെ മുഖം അല്‍പ്പം കൂടി അവന്‍റെ മുഖത്തിനോടടുപ്പിച്ചു. എന്നിട്ട് ശബ്ദം ദൃഡമാക്കി അവന്‍റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
“ആര്‍ യൂ ടേയ്ക്കിംഗ് ഡ്രഗ്സ്?”
ഷെല്ലിയുടെ മുഖഭാവം പെട്ടെന്ന് മാറി. അതീവ ഭംഗിയുള്ള അവന്‍റെ മുഖം നിറയെ അനിഷ്ട്ടത്തിന്‍റെ കാര്‍മേഘങ്ങള്‍ പരന്നു.
അവന്‍ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു.
പിന്നെ അവളുടെ മുഖത്തുനോക്കാതെ ലൈബ്രറിയില്‍ നിന്ന്‍ ശരവേഗത്തില്‍ പുറത്തേക്ക് നടന്നു.