“അല്ല പ്രാര്‍ഥിക്കുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.”
ശ്രീദേവി ഷാരോണില്‍ നിന്ന്‍ ഒന്നും ഒളിച്ചിരുന്നില്ല. അഡ്വക്കേറ്റ് വഴി ഡിവോഴ്സ് ആവശ്യപ്പെട്ട് ഭര്‍ത്താവ് നോട്ടീസ് അയച്ച കാര്യങ്ങള്‍ വരെ ഷാരോണിനോട് അവള്‍ പങ്കുവെച്ചിരുന്നു.
“മോന് വേണ്ടിയാ മണ്ടൂസേ,” അവള്‍ പറഞ്ഞു.
“മാധവിനെന്തു പറ്റി?”
അവള്‍ അല്‍പ്പം പരിഭ്രാന്തിയോടെയാണ് ചോദിച്ചത്. അടുത്ത സ്കൂള്‍ വര്‍ഷം ഡൂണ്‍ സ്കൂളില്‍ നിന്നും അവനെ കൊണ്ടുവന്നു ഇവിടെ ചേര്‍ക്കുവാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ശ്രീദേവി.
“എന്തെങ്കിലും പറ്റിക്കഴിഞ്ഞ് ചെയ്യേണ്ടതാണോ പ്രാര്‍ത്ഥന? ഒന്നും സംഭവിക്കല്ലേ എന്നും പ്രാര്‍ഥിക്കത്തില്ലേ?”
“ഓ, സമ്മതിച്ചു എന്‍റെ ഹിന്ദു ഫണ്ടമെന്‍റ്റലിസ്റ്റെ, ഒരു ക്രിസ്ത്യന്‍ വര്‍ഗ്ഗീയവാദിയായ എനിക്ക് അത്ര ആത്മീയ വിഷയങ്ങള്‍ പിടിയില്ല. മോന് ഒന്നും പറ്റത്തില്ലന്നേ. രണ്ടു സൂപ്പര്‍ ആണ്മക്കലുണ്ട് ശിവന്. യേശുവിന് ഡയറക്റ്റ് മക്കളില്ലേലും എല്ലാവരെയും മക്കളായി കാണുന്നയാളാ. ഇവര് രണ്ടുപേരും തലക്ക് മുകളില്‍ ഇങ്ങനെ നിക്കുമ്പം എന്നാ പറ്റാനാ. മാഡം ഹാപ്പിയായിരി. അല്ല പിന്നെ!”
“ഓകേ ഷെല്ലി,” ശ്രീദേവി ചോദിച്ചു. “ലൈബ്രറിയിലേക്ക് വരൂ. എനിക്ക് സംസാരിക്കാനുണ്ട്.”
അവളുടെ സ്വരത്തിലെ ആജ്ഞാശക്തി അവനെ അനുസരിപ്പിച്ചു. അവള്‍ മുമ്പിലും അവന്‍ പിമ്പിലുമായി അവര്‍ ലൈബ്രറിയിലേക്ക് നടന്നു.
ഏറ്റവും അങ്ങേയറ്റത്തെ കോണില്‍, പതിയെയുള്ള ശബ്ദം ആര്‍ക്കും ശല്യമാകാത്തിടത്ത് ശ്രീദേവിയിരുന്നു.