ഏട്ടൻ എണീറ്റു പോയപ്പോൾ ഞാൻ ആ കൈവെള്ളയിൽ ചുംബിച്ചു… പിന്നെ എന്റെ കണ്ണുകളിൽ ആ കൈകൾ ചേർത്തു പിടിച്ചു.. മുഖം ഉയർത്തി നോക്കിയപ്പോൾ ഏടത്തിയുടെ കണ്ണുകൾ തിളങ്ങുന്നു… നിറഞ്ഞു തുളുമ്പാൻ വെമ്പുന്ന പോലെ.
നീ ഏടത്തിയെ വിട്ടു പോകുമോ? താഴ്ന്ന സ്വരത്തിൽ…
പോയാലും തിരിച്ചു വരും. എന്തു കാര്യത്തിനും, എപ്പോൾ വേണമെങ്കിലും ഞാനുണ്ടാവും.. ഞാൻ പറഞ്ഞു.
ഏടത്തി വലം കൈ എന്റെ നെറുകയിൽ വെച്ചമർത്തി. പിന്നെ കണ്ണു തുടച്ചുകൊണ്ട് സ്ഥലം വിട്ടു.
ശങ്കരേട്ടൻ എന്റെ കൂടെ ദേവിയുടെ വീടു വരെ വന്നു. കേറുന്നില്ലേ? അവർ ഗേറ്റിൽ നിന്നുകൊണ്ട് ഏട്ടനോട് ചോദിച്ചു. കയറണം എന്നുണ്ട്. എന്നാൽ വായനശാലയിൽ വാർഷികത്തിന് മുൻപായി മീറ്റിങ് ഉണ്ട്. ഒഴിവാക്കാൻ പറ്റില്യ. നേരത്തേ കഴിഞ്ഞാൽ തിരിച്ചു പോണ വഴി ഇതിലേ വരാം. ഇന്നിവൻ ചെക്കന് പറഞ്ഞുകൊടുക്കട്ടെ.
ശരി ഏട്ടാ. അവർ പറഞ്ഞു. ഞങ്ങൾ അകത്തേക്ക് കയറി.
ടീച്ചർ സ്കൂളിൽ വന്നവേഷത്തിൽ ആണല്ലോ. ഞാൻ പറഞ്ഞു. വന്ന് കേറീട്ട് പത്തു മിനിറ്റ്. നിയ്യ് ഇരിക്ക്. അവൻ കളിക്കാൻ പോയതാ. വരണ്ട സമയം കഴിഞ്ഞു.
അവർ ഉള്ളിൽ പോയി. ഗേറ്റു കരഞ്ഞു. നോക്കിയപ്പോൾ ചെക്കൻ. മേൽക്കഴുകി വരാം മാഷേ.. ചെക്കൻ അകത്തേക്ക് ഓടി.