കുളിച്ച് കയറിയപ്പോൾ ഏടത്തി പൊങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ.. ഏട്ടൻ ഈ ചെക്കനെയും കൊണ്ട് പോവൂ.. ഞാൻ കുളിച്ചിട്ടു വരണ്ട്.. ഏടത്തി പറഞ്ഞു.
മാധവിയ്ക്ക് നീ വന്നതിനു ശേഷം നല്ല മാറ്റംണ്ട്. ഇല്ലെങ്കിൽ മോളെ കാണാൻ പോയിട്ട് വന്നാൽ പിന്നെ രണ്ടാഴ്ച ഒരു മൂകത ആയിരിക്കും. ഇപ്പോ കണ്ടില്യേ നല്ല ഉത്സാഹത്തിലാണ്. ഏട്ടൻ നടന്നുകൊണ്ട് പറഞ്ഞു.
ഏട്ടാ.. എനിക്ക് ആരുമില്ല… ഞാൻ പറഞ്ഞു…
ഏട്ടൻ പെട്ടെന്ന് നിന്നു. എന്റെ കൈയിൽ അമർത്തിപ്പിടിച്ചു. നിനക്ക് മാധവിയേടത്തിയും ശങ്കരേട്ടനും ഉണ്ട്. എപ്പോഴും. എന്റെ ഒരു നിർണ്ണയം.. ആളോളെപ്പറ്റി, സാധാരണ അങ്ങനെ പിഴയ്ക്കാറില്ല. നീ വാ. ഈറൻ ഉടുത്ത് പനി പിടിക്കണ്ട.
ഞാൻ പലതും ആലോചിച്ച് ആ മെലിഞ്ഞുനീണ്ട മനുഷ്യന്റെ ഒപ്പം നടന്നു.
ഏടത്തി വന്നു. എന്റെ തലയിൽ മേടി. നൊന്തു…
കഞ്ഞിയും, തേങ്ങ ചിരവിയതും, കോവയ്ക്കാ ഉപ്പേരിയും, ചുട്ട പപ്പടവും മൂക്കുമുട്ടെ അടിച്ചു. ഏടത്തി കഞ്ഞിയുടെ കൂടെ ധാരാളം സ്നേഹവും വിളമ്പി…
ഉറങ്ങി.. ഇവിടെ വന്നിട്ട് എപ്പോഴും നന്നായി ഉറങ്ങാൻ പറ്റി… ഇത് ആലോചിച്ച് ഇടയ്ക്ക് ഉണർന്നു.. പിന്നെയും സുഖമായി ഉറങ്ങി..