അച്ഛന്‍ കൊണ്ടുവന്ന പുസ്തകങ്ങൾ പലതും ഞാന്‍ വായിക്കാന്‍ നന്നേ പണിപ്പെട്ടുവെങ്കിലും അതില്‍ ചില നോവലുകള്‍ എന്നെ ഒരുപാട് അത്ഭുതപ്പെടുത്തി… അങ്ങനെയാണ് ഞാന്‍ അത് എഴുതിയ ആളുടെ പേര് ശ്രദ്ധിക്കുന്നത്..
“സുധാ മേനോന്‍”
അത്യന്തം രസകരമായിരുന്ന, എന്റെ വേനല്‍ അവധികളെ അന്നേ പിടിച്ചു കുലുക്കിയ ആ നോവലുകളെയും കൂടെ അവ എഴുതിയ എഴുത്തുകാരിയും ഞാന്‍ എന്റെ മനസ്സില്‍ കുറിച്ചിട്ടു…
പുസ്തക വായനയും, ബന്ധു വീടുകളിലേക്ക് ചില്ലറ സര്‍ക്കീട്ടുകളും കഴിഞ്ഞപ്പോള്‍ ഏപ്രില്‍ മാസം ഒരു വിധം തീരാറായിരുന്നു…
അന്നൊരു ദിവസം സ്കൂളിലെ വേനല്‍ക്കാല കോഴ്സുകള്‍ കഴിഞ്ഞു അച്ഛന്‍ വീട്ടിലെത്തിയ ദിവസം എന്നോടു പറഞ്ഞു…
“അപ്പൂ… നീയല്ലേ നിനക്കാ എഴുത്ത്കാരിടെ പുസ്തകങ്ങള്‍ ഇഷ്ടമായി എന്ന് പറഞ്ഞത്, എന്താ അവരടെ പേര്..?”
“സുധാ മേനോന്‍…”
“എന്നാലെ അവര് ഇവിടെ അടുത്ത ദിവസം വരുന്നുണ്ട്… എസ്റ്റേയിറ്റ് വക ആ പഴയ ബംഗ്ലാവില്ലേ.. അവടെയാണത്രേ താമാസിക്കുന്നത്… ഇന്ന് സ്കൂളിന്നു വരണ വഴി അതിന്റെ വാച്ച്മാന്‍ ആ കൃഷ്ണനാണ് പറഞ്ഞത്….”
“എന്തിനാ അച്ഛ അവരിവിടെ വരണത്??”
“എന്തോ മലയോരമെഖലയുടെ കഥയെന്തോ എഴുതാനാണ്… നിനക്ക് പറ്റുകയാണെങ്കില്‍ അവരെ കാണാം…
എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു…
എന്നെ ഇത്രയധികം അത്ഭുതപ്പെടുത്തിയ ആ നോവലുകള്‍ എഴുതിയ ആളെ കാണുകാന്നു പറയുന്നത് തന്നെ ഒരു ഭാഗ്യമല്ലേ.. ഞാന്‍ അമ്മയോടും പറഞ്ഞു…
“അമ്മെ, അവരിവിടെ എസ്റ്റയിറ്റില് വരുന്നുണ്ട്ന്നു അച്ഛന്‍ പറഞ്ഞു.. അമ്മ ജോലിക്ക് പോവുമ്പോ എന്നെ ഒന്ന് പരിചയപ്പെടുത്തുവോ..”
“എന്തിനാപ്പോ നീയവരെ കാണണത്..”
“വെറുതെ.. ഒരു മോഹം തോന്നി… വെറുതെ ഒന്ന്‍ കാണാനാണ്…”