ഈ സമയം നീതുവും കൂട്ടുകാരും എന്താണ് സംഭവിച്ചതെന്നറിയാതെ നടുങ്ങിപ്പോയിരുന്നു. നീതുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ സോണിയായെ നോക്കിക്കൊണ്ട് പൊട്ടിക്കരഞ്ഞു “എന്തിനാടി നീ ചാടിക്കേറി അങ്ങനെ പറഞ്ഞേ.. അവനെന്നെ വിശ്വസിച്ച് ചെയ്തതാ. ഞാനാരോടും പറയില്ലെന്ന് ആ പാവം കരുതിക്കാണും. അവന്റെ വിശ്വാസമല്ലേടി ഞാൻ തെറ്റിച്ചേ.. അവനിനി എന്നോട് മിണ്ടുവോ..” ഇങ്ങനെയൊക്കെ വിതുമ്പിക്കൊണ്ട് അവൾ അടുത്തിരുന്ന സോണിയായുടെ തോളിലേക്ക് ചാഞ്ഞു. സോണിയയാകട്ടെ തെറ്റ് ചെയ്തവളെപ്പോലെ ഒന്നും മിണ്ടാതിരുന്നു. അവൾ നീതുവിന്റെ തലയിൽ പതുക്കെ തലോടിക്കൊണ്ട് പറഞ്ഞു:
“സാരമില്ലെടി.. എല്ലാവരും നോക്കുന്നു. നമുക്കവനെ പിന്നീട് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാം…”
അപ്പോഴേക്കും ഇന്റർവെൽ കഴിഞ്ഞു. എല്ലാവരും തിരികെ ക്ലാസ്സുകളിലേക്ക് പോയിത്തുടങ്ങി. കണ്ണുകൾ തുടച്ച് നീതുവും പുറകെ മറ്റ് നാല് പേരും തിരികെ ക്ലാസ്സിലേക്ക് കയറി.
ഈ സമയം ഞാൻ അടുത്ത പ്ലാൻ മെനയുകയായിരുന്നു. സ്ത്രീകളുടെ ഈ ദൗർബല്യത്തെ തന്നെ പിടിക്കാൻ ഞാൻ തീരുമാനിച്ചു. സെന്റിമെൻസ്. കണ്ണീർ പരമ്പരകളുടെ അതേ രീതി.
2 ആം പിരിയഡ് തുടങ്ങി. ഞാൻ ആകെ തകർന്നവനെപ്പോലെ മുമ്പിൽ പുസ്തകത്തിലേക്ക് കണ്ണുംനട്ട് ഇരിക്കുവാണ്. ഹോ.. എന്റെ ഒരഭിനയം.. പിന്നിൽനിന്ന് നീതുവും കൂട്ടരും എന്നെ നോക്കുന്നുണ്ടെന്നത് എനിക്കുറപ്പാണ്. മിസ് ക്ലാസ്സ് കുലങ്കുഷമായി എടുക്കുന്നു. ഞാൻ കൃത്യമായി അത് ശ്രദ്ധിക്കുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാത്തവനെപ്പോലെ ഇരുന്നു. മിസ് എന്നെ ശ്രദ്ധിച്ചു.
“ഹരി.. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് നിലവിൽ വന്ന വർഷമേത്?” മിസ് എന്നോട് ചോദിച്ചു. ഞാനൊന്ന് ഞെട്ടി. സാവധാനം എഴുന്നേറ്റ് നിന്നു. 2005 എന്ന ഉത്തരം പറയാൻ എന്റെ നാവ് വെമ്പി. എന്നാൽ ഞാൻ എന്നെ ത്തന്നെ നിയന്ത്രിച്ചു. താഴേക്ക് കണ്ണുംനട്ട് നിൽക്കുന്ന എന്നെ നോക്കി മിസ് ദേഷ്യത്തോടെ പറഞ്ഞു:
“എന്തായിത് ഹരി.. നിനക്കെന്തുപറ്റി? സാധാരണ നീ ഇങ്ങനെയൊന്നുമല്ലല്ലോ? ഞങ്ങളുടെ റാങ്ക് പ്രതീക്ഷയാണ് നീ. അത് തെറ്റിക്കരുത്….’’ മിസ് അങ്ങനെയെന്തൊക്കെയോ പറഞ്ഞു. ഞാൻ എല്ലാം നിന്ന് കേട്ടു. അവസാനം മിസ് ഇരുന്നോളാൻ പറഞ്ഞപ്പോൾ ഞാനിരുന്നു. മിസ് ക്ലാസ് തുടർന്നു.
പെട്ടെന്ന് എവിടെനിന്നോ ഒരു കടലാസ് ചുരുൾ എന്റെ ദേഹത്തേക്ക് വന്നുവീണു. ഞാൻ ചുറ്റും നോക്കിയപ്പോൽ അതാ നീതു. അവളും കൂട്ടുകാരും കണ്ണിൽ നിറച്ചും സോറി എന്ന് പറഞ്ഞ് എന്നെ നോക്കിയിരിക്കുവാണ്. നീതു എന്നോട് “അതൊന്നെടുത്ത് വായിക്ക്യോ..” എന്ന് യാചിക്കുന്നതുപോലെ നോക്കി. ഞാൻ നിലത്ത് നിന്ന് അതെടുത്ത് പതുക്കെ ആരും കാണാതെ വായിച്ചു. അതിലിങ്ങനെയായിരുന്നു: