‘’ട്ർർർർ’’ ബെല്ല് നീട്ടിമുഴങ്ങി. ഇന്റർവെല്ലായി. ഞാൻ വേഗം ക്ലാസ്സിന് പുറത്തിറങ്ങി. അവളെ നോക്കി നിന്നു. എന്നെ കണ്ട് അവൾ എന്റെയടുത്തേക്ക് തന്നെ വന്നു. ഞാൻ എന്തെങ്കിലും പറയാൻ വാ തുറക്കുന്നതിന് മുമ്പേ തന്നെ അവൾ ചോദിച്ചു:
“ഹരി, ചായ കുടിക്കുന്നോ..?”
“ഹതുശരി.. ഞാനതങ്ങോട്ട് ചോദിക്കാൻ വരുവായിരുന്നു..” ഞാനും ചിരിച്ചുകൊണ്ട് പറഞ്ഞു.
ഞങ്ങളൊരുമിച്ച് കാന്റീനിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ എന്നെ തടഞ്ഞുകൊണ്ട് പറഞ്ഞു:
“നമ്മളൊറ്റയ്ക്കല്ല.. ഇവരുമുണ്ട്..” അവൾ പിന്നാലെ വരികയായിരുന്ന അവളുടെ ഗ്യാങിനെ ചൂണ്ടി പറഞ്ഞു.
ഞാനൊന്നാലോചിച്ചു. എല്ലാവരും വരുന്നതിന് എന്തോ ഉദ്ദേശ്യമുണ്ട്. ഇനി നീതു വെള്ളിയാഴ്ച്ചയിലെ സംഭവം വല്ലതും ഇവളുമാരോട് പറഞ്ഞുകാണുമോ? പറയണമെന്നുതന്നെയാണ് എന്റെ ആഗ്രഹം. എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു. ഞാനോരോന്നാലോചിച്ച് കാന്റീനിൽ എത്തി. ഞങ്ങൾ ഒരു ഡെസ്ക്കിന് ചുറ്റുമിരുന്നു. എന്റെ വശത്ത് ഞാനും നീതുവും സോണിയായും. മറുവശത്ത് ലെയ, ആതിരാ, അതുല്യ. ഞാൻ ഓരോ ചായ പറഞ്ഞു. ചായ എത്തി. ഞങ്ങൾ പതിയെ നുണഞ്ഞു കുടിക്കാൻ തുടങ്ങി. ആരുമൊന്നും സംസാരിക്കുന്നില്ല. എന്തെങ്കിലും പറയണമല്ലോ എന്ന് കരുതി ഞാൻ തുടങ്ങി:
“പിന്നെ.. എന്തൊക്കെയുണ്ട്.. ഫെസ്റ്റൊക്കെ എല്ലാവർക്കും എങ്ങനെയുണ്ടായിരുന്നു.? എല്ലാവരും അടിച്ചുപൊളിച്ചോ?” ഞാൻ ചായ ഡെസ്ക്കിൽ വെച്ചുകൊണ്ട് ചോദിച്ചു.
“ഓ.. അടിച്ചുപൊളിച്ചതൊക്കെ നിങ്ങളല്ലേ… നമ്മളെല്ലാമറിഞ്ഞു.” സോണിയായുടെ തുറന്നടിച്ചുള്ള മറുപടി.
ഒരുനിമിഷം ഞാനൊന്ന് തരിച്ചുപോയി. ഉള്ളിൽ നുരഞ്ഞുപൊന്തുന്ന സന്തോഷം അടക്കിപ്പിടിച്ച് ഞാൻ മുഖത്തൊരു ഞെട്ടൽ വരുത്തി. ഞെട്ടലെന്ന് പറഞാൽ ഒരു യെമണ്ടൻ ഞെട്ടൽ. എന്നിട്ട് നീതുവിന്റെ മുഖത്തേക്ക് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യം എന്ന മട്ടിൽ നോക്കി.
എന്റെ ഭാവവ്യത്യാസം കണ്ട് അമ്പരന്ന് അവൾ പതുക്കെ പറഞ്ഞു, “ഞാനെല്ലാം ഇവരോട് പറഞ്ഞാരുന്നു.”
അതുകേട്ട് എങ്ങനെയെന്നറിയില്ല എന്റെ കണ്ണിൽ ഒരു രൗദ്രം ഞാൻ വരുത്തി. കണ്ണുകൾ ചുവന്നു. മൂക്കിന്റെ തുമ്പ് കോപത്താൽ വിറകൊണ്ടു. തൊണ്ട ഇടറിക്കൊണ്ട് ഞാൻ നീതുവിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു, ‘’I trusted you’’ . എന്നിട്ട് മറ്റൊന്നും പറയാതെ ഞാൻ നിലം ചവിട്ടി പൊളിക്കുന്ന മാതിരി കനത്ത കാലടികളോടെ കാന്റീൻ വിട്ട് പുറത്തുപോയി. കാന്റീനിൽ ഉണ്ടായിരുന്ന എല്ലാവരും എന്നെയും അവളുമാരെയും നോക്കി. പോവുന്ന വഴി എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി. ഞാൻ ഉദ്ദേശിച്ച പോലെ തന്നെ കാര്യങ്ങൾ നീങ്ങുന്നു. അവളുമാർ എന്നെയിപ്പൊ അന്തിച്ച് നോക്കുന്നുണ്ടാവും. ഞാൻ അതേ വേഗതയിൽ നടന്നകന്നു.