ചന്ദ്രനിൽ വാസയോഗ്യമായ അന്തരീക്ഷമുള്ള ഹാബിറ്റാറ്റ് ഹബ്ബുകൾ നിർമ്മിച്ച് മനുഷ്യൻ ചന്ദ്രനിൽ താമസം തുടങ്ങിയിട്ട് ഏതാനം ദിവസങ്ങളേ ആയിരുന്നുള്ളൂ.
ചന്ദ്രനിലേക്കുള്ള സ്പേസ്ഫ്ലൈറ്റിന്റെ അടിവശത്ത് രാമനെ കുത്തിനിർത്തി ചോര കുടിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊതുകുകൾ..
അതേ സമയം ഫ്ലൈറ്റിന്റെ അടിയിൽ രാമനെ ഫിറ്റു ചെയ്തിരിക്കുന്നതറിയാതെ ഫ്ലൈറ്റ് പൈലറ്റ് ക്യാപ്റ്റൻ കായംകുളം തങ്കപ്പൻ ഫ്ലൈറ്റ് സ്റ്റാർട്ട് ചെയ്തു. കാറ്റിൽ കൊതുകുകൾ പറന്നു പോയെങ്കിലും രാമൻ അള്ളിപ്പിടിച്ചിരുന്നു..
അങ്ങനെ ആദ്യത്തെ ഗോളാന്തരകള്ളവണ്ടി കയറ്റക്കാരനായി രാമൻ നായർ ചരിത്രത്തിലിടം പിടിച്ചു..!
അങ്ങനെ ചന്ദ്രനിലെത്തിയ രാമൻ ലോകത്തെവിടെയുമുള്ള രാമൻ നായർമാർ ചെയ്യുന്നതു പോലെ ചായക്കട തുടങ്ങി ചായക്കട രാമേട്ടനായി മാറി. ഇന്നേവരെ ഒരു രാമേട്ടനും ചായക്കട നടത്തി ഗതിപിടിച്ചിട്ടില്ല എന്ന പാരമ്പര്യ സത്യം ഈ രാമൻ നായരും തിരുത്തിയില്ല…
ഒന്നര നൂറ്റാണ്ടിനു മുമ്പു തുടങ്ങിയ ആ ചായക്കട തലമുറകൾ കൈമാറി ചന്തുവിന്റെ അച്ഛന്റെ കയ്യിലെത്തിയപ്പോഴേക്കും വെറും തട്ടുകടയായി അധോഗതി പ്രാപിച്ചിരുന്നു..
തട്ടുകടയിൽ നിന്നും പുട്ടും കടലയും മുട്ടയും ഒക്കെ തട്ടാൻ ഇഷ്ടം പോലെ മല്ലൂസ് ഉണ്ടായിരുന്നെങ്കിലും നൂറ്റാണ്ടുകളായി ആചരിക്കപ്പെട്ടിരുന്ന ‘ ‘ചായക്കടയിൽ പറ്റു കുറിക്കൽ’ എന്ന ആചാരം മൂലം ചന്തുവിന്റെ അച്ഛന് കടം കയറി വട്ടായി…
ഒരു ദിവസം ചന്ദ്രന്റെ ഭ്രമണപഥത്തിനരികിലൂടെ പാഞ്ഞു പോയ ഉൽക്കയ്ക്കു മുമ്പിൽ ശിരസ്സു സമർപ്പിച്ചു ദിവംഗതനായി…
അങ്ങനെ തട്ടുകട ചന്തുവിന്റെ തലയിലായി…
മായം ചേർക്കൽ നിയമവിധേയമായതു കൊണ്ട് ചായച്ചണ്ടിയിൽ ചേർക്കാനുള്ള ചായം, മറ്റ് ഭക്ഷണ സാധനങ്ങളിൽ ചേർക്കാനുള്ള മായം മുതലായവ വാങ്ങാനായി കൊത്ചിയിലെത്തിയതായിരുന്നു ചന്തു…
ഇരുപത്തിരണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ശരീരം മറയ്ക്കാനുള്ള സംവിധാനം എന്നതിൽ നിന്നും ശരീരം പ്രദർശിപ്പിക്കാനുള്ള രീതി എന്ന നിലയിലേക്ക് വസ്ത്രധാരണം മാറിയിരുന്നു…