കൃത്യം ഇരുപത്തിയഞ്ചാമത്തെ മണിക്കൂറിൽ പോലീസ് രാമനെ തിരക്കി വീട്ടിലെത്തി.( ഇഐഅതരം കാര്യങ്ങളിൽ നിയമപാലകർ അതീവ ശുഷ്കാന്തി കാണിച്ചിരുന്നു!)
രായ്ക്കുരാമാനം തിരുവല്ലായിൽ നിന്നും മുങ്ങിയ രാമൻ പിന്നെ ‘ കൊത്ചി’ യിലാണ് പൊങ്ങിയത്..
( കൊതുകുകളുടെ ആധിക്യം കാരണം പഴയ കൊച്ചി പേരുമാറി കൊത്ചി ആയിരുന്നു.)
കൊത്ചിയിലെത്തിയ രാമൻ പാർക്കിലെ ബെഞ്ചിൽ കുത്തിയിരുന്നുറങ്ങിപ്പോയി..
പക്ഷേ രാമനറിഞ്ഞു കൂടാത്ത ഒരു കാര്യമുണ്ടായിരുന്നു..
കൊത്ചിയിലെ കൊതുകുകൾ!…
അവറ്റകളുടെ എണ്ണം ആയിരങ്ങളിൽ നിന്നും കോടികളിലേക്കു വർദ്ധിച്ചപ്പോൾ കൊതുകുകളും അസോസിയേഷൻ രൂപീകരിച്ചിരുന്നു..
പണ്ടുകാലങ്ങളിൽ കൊതുകുകൾ രക്തം കുടിച്ചിരുന്ന രീതിയൊക്കെ അസോസിയേഷൻ വന്നതോടെ മാറിയിരുന്നു..!
പണ്ട് ഒറ്റയ്ക്കൊറ്റയ്ക്കു വന്നു കുത്തിയിരുന്ന രീതിയൊക്കെ കൊതുകുകൾ മാറ്റി..
ഒരു ഇരയെ കണ്ടെത്തിയാൽ ഒരു അഞ്ചോ ആറോ ലക്ഷം കൊതുകുകൾ ഒരുമിച്ചിങ്ങു വരിക.. എല്ലാം കൂടി ഇരയെ കൊമ്പുകളിൽ കോർത്തെടുത്ത് സൗകര്യപ്രദമായ ഏതെങ്കിലും സ്ഥലത്തു കൊണ്ടുവച്ചിട്ട് ചോര കുടിക്കുക.. എന്നതായിരുന്നു അപ്പോഴത്തെ രീതി..
തൊണ്ണൂറ്റൊമ്പതു ശതമാനം ഇരകളും ചോരകുടിയെ അതിജീവിച്ചിരുന്നില്ല..
രക്ഷപെട്ട ഒരു ശതമാനം ആൾക്കാരാകട്ടെ വാട്ടർ പ്യൂരിഫയറിലെ ഫിൽറ്റർ ട്യൂബ് പോലെ ദേഹം നിറയെ തുളകളുമായി അവശേഷിച്ചു..
അത്തരക്കാർക്കു പിന്നീട് ഒരിക്കലും വെള്ളത്തിൽ മുങ്ങാൻ കഴിഞ്ഞിരുന്നില്ല.. കാരണം ശരീരത്തിലെ ലക്ഷോപലക്ഷം ദ്വാരങ്ങളിലൂടെ വെള്ളം ചാടും..!
സന്ധ്യയായപ്പോൾ പാർക്കിലിരുന്നുറങ്ങുന്ന രാമനെ കൊതുകുകൾ കണ്ടെത്തി. തടിച്ചു കൂടിയ ലക്ഷക്കണക്കിനു കൊതുകുകൾ രാമനെ കുത്തിയെടുത്ത് പറന്നത് കൊത്ചി എയറോ സ്റ്റേഷനിലേക്കാണ്..