..തികച്ചും അപരിചിതത്വം… മനസ്സ് അസ്വസ്ഥവും… ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള മനസുപോലുമില്ല..
മരുഭൂമിയിലെ മഴപോലെ ആകെ ആശ്വാസം അവളുടെ മെസ്സേജുകൾ മാത്രമായിരുന്നു.. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ അവളെ അനുസരിച്ചുകൊണ്ടിരുന്നു..
തിരികെ നാട്ടിലെത്തി… ഒരു കൊച്ചു ബിസിനസ്, വീട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ..!! ജീവിതം മാറിത്തുടങ്ങി.. എന്‍റെ ഓരോ ദിവസവും തുടങ്ങുന്നത് അവളിൽ നിന്നായി മാറി..
ഉറക്കമില്ലാത്ത രാത്രികൾ… കഥകൾ പറഞ്ഞുപറഞ്ഞു മടുക്കാതെ..അവസാനിപ്പിക്കാൻ മടിച്ച ഫോൺ കാളുകൾ… വാട്ട്സപ്പിന്റെ ലോകത്ത് നിലക്കാത്ത മെസ്സേജുകൾ… എന്‍റെ ഫോൺ നിറയെ അവളുടെ ചിത്രങ്ങൾ…
…. ദിവസങ്ങൾ ആഴ്ചകളായും ആഴ്ചകൾ മാസങ്ങളായും മാസങ്ങൾ വര്ഷങ്ങളായും പരിണമിക്കുന്നത് എത്ര വേഗത്തിലാണ്…
പുതിയ കോളേജ്… പുതിയ അന്തരീക്ഷം…വിശേഷങ്ങൾ പങ്കുവയ്ക്കാൻ പതിവുപോലെ അവൾ വിളിച്ചു… സ്കൂൾ ജീവിതത്തിന്റെ അസ്വാതന്ത്ര്യത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയ ആഹ്ലാദം.. !!
കോളേജ് ബസിൽ നിന്നും…ലഞ്ച് ബ്രേക്കിനും… ക്ലാസ് കഴിഞ്ഞുവരുമ്പോഴും ഫോൺവിളികൾ തുടർന്നു… ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയാൽ ഫോൺ കട്ട് ചെയ്യാതെ അവളുടെ അനുജനോട് വഴക്കിടുന്നതും ഉമ്മ ശാസിക്കുന്നതും അവളെനിക്കു കേൾപ്പിച്ചു… ശേഷം മുറിയിലെത്തുന്നതും.. രാത്രിയിൽ പുതപ്പിനടിയിൽ നിന്നു പതിയെ സംസാരിക്കുന്നതും എല്ലാം കൗതുകത്തോടെയും ആനന്ദത്തോടെയും ഞാൻ ആസ്വദിച്ചുകൊണ്ടിരുന്നു..
.. പക്ഷെ… ഒരിക്കൽ പോലും അരുതാത്തതൊന്നും അവളോ ഞാനോ സംസാരിച്ചില്ല… ഉറങ്ങാൻ മറന്നുപോയ രാവുകൾ പോലും ഞങ്ങളിൽ ഒരു കളങ്കവും സൃഷ്ടിച്ചതുമില്ല…
ഇടയ്ക്കെപ്പോഴോ എന്‍റെ വീട്ടുകാർ വിവാഹാലോചന തുടങ്ങി…
അതു ഞാൻ അവളുമായി പങ്കുവെച്ചു..
“ഐഷു… ഞാൻ നിന്നെ പ്രണയിച്ചിരുന്നോ എന്നെനിക്കറിയില്ല.. വീട്ടുകാർ വിവാഹമാലോചിക്കുന്നു.. ജീവിതത്തിൽ മറ്റൊരാൾ വന്നാൽ ഈ സൗഹൃദം അയാൾക്ക് ഉൾകൊള്ളാൻ പറ്റുമോ എന്നുറപ്പില്ല.. നിന്‍റെ സൗഹൃദം നഷ്ടപ്പെടുത്താനും എനിക്കു കഴിയില്ല..
തെറ്റായാലും ശരിയായാലും മരണം വരെ സുഹൃത്തുക്കളായിരിക്കാൻ നമുക്ക് വിവാഹമെന്ന മാർഗം സ്വീകരിച്ചാലോ..!!! ”
“പ്രവീൺ … നമ്മൾ ഫ്രണ്ട്സല്ലേ…!! എന്റെയുള്ളിൽ മറ്റെന്തെങ്കിലുമുണ്ടോ എന്നറിയാനാണോ പ്രവീൺ കള്ളം പറയുന്നത്.. !!? പ്രവീണിന് വിവാഹപ്രായമായെന്നു എനിക്കു തോന്നുന്നില്ല.. മാത്രമല്ല..പഠനം കഴിയാതെ വിവാഹത്തെക്കുറിച്ചു വീട്ടുകാർ ചിന്തിക്കുക പോലുമില്ല.. “