ഉറപ്പിച്ചു… ഉറക്കം കളഞ്ഞു പെണ്ണിന്റെ മുഖംമൂടിയണിഞ്ഞ ആണിനോട് ചാറ്റ് ചെയ്തു സമയം കളയാനോ.. !! ഹേ..ഞാനില്ല.. ആ സൗഹൃദാപേക്ഷ അംഗീകരിച്ചില്ല..
“ഹായ് അണ്ണാ…!! “… ഒരു മെസ്സേജ്…!!
… അണ്ണനോ…!!! അതു കൊള്ളാല്ലോ…!!
വ്യാജന്മാരുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്… പക്ഷെ ഇത്ര ഭയാനകരമായ വേർഷൻ ആദ്യായിട്ടാണ്…!! ഒന്ന് പരീക്ഷിക്കാമെന്നു കരുതി മറുപടി കൊടുത്തു.
“യാര്…!! ?.. “
“നാൻ ആയിഷ … ഫ്രം തമിഴ്നാട്.!! ഉൻ പ്രൊഫൈൽ നല്ലാർക്കു… അതാ റിക്വസ്റ്റ് പണ്ണേൻ… യേൻ അക്സപ്റ്റ് പണ്ണല..!!? “
“… നട്ടപ്പാതിരക്കു ആളെ പറ്റിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും… വെച്ചിട്ടു പോടാ… “
“എന്ന സൊൾറെൻ… എനക്ക് ഉൻ ലാംഗ്വേജ് പുരിയല… മന്നിച്ചിട്..
ഷാൾ ഐ സ്പീക്ക് ഇൻ ഇംഗ്ലീഷ്… !!? “
…. ഇംഗ്ലീഷ്…!! വല്യപിടിയില്ല… ഫേക്ക് ആണേലും ചാറ്റിനോക്കാം… രണ്ടക്ഷരം അങ്ങനെയെങ്കിലും പഠിക്കാല്ലോ.. !!
ഉള്ള ഇംഗ്ലീഷ് ഒന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ അവളൊരു വ്യാജനല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു…
….. ആയിഷ …ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി…തമിഴ്നാട് സ്വദേശി…
അവളുടെ കസിൻ ഒരു ഫേസ്ബുക് ഐഡി ഉണ്ടാക്കിക്കൊടുത്തു…രാത്രിയിൽ ആരുമറിയാതെ ഉപ്പയുടെ ഫോൺ എടുത്തു ഫേസ്ബുക് തുറന്നുനോക്കിയതാണ്… അതിനിടയ്ക്ക് അവൾക്കു കൗതുകമുണ്ടാക്കിയ എന്തോ ഒന്ന് എന്‍റെ പ്രൊഫൈലിൽ ഉണ്ടായിരുന്നിരിക്കണം.. !!
ഒരു തമാശയ്ക് തുടങ്ങിയ ചാറ്റിംഗ്..
പക്ഷെ അവിടെ ഒരു നല്ല സൗഹൃദം ജനിക്കുകയായിരുന്നു…
അവസരം കിട്ടുമ്പോഴൊക്കെ അവൾ ഉപ്പയുടെ ഫോൺ താത്കാലികമായി മോഷ്ടിച്ചുകൊണ്ടിരുന്നു.. അതോടൊപ്പം ആ സൗഹൃദം വളർന്നു..
ചിലപ്പോഴൊക്കെ ഉപദേശം തേടാവുന്ന ഒരു സഹോദരനായിരുന്നു ഞാൻ അവൾക്കു..