സുജയുടെ കഥ

Posted by

സുജയുടെ കഥ

നാടിനെ കുളിർപ്പിച്ചു കൊണ്ട് വേനൽ മഴയ്ക്ക് ശക്തി കൂടുകയാണ്. കാറ്റും ഉണ്ട്. സുജ ഇരു കൈകളും കുടയുടെ പിടിയിലമർത്തി കൊണ്ട് നടപ്പിന് വേഗത കൂട്ടി. സമയം രാത്രി എട്ടരയോളമായിരിക്കുന്നു. ബാങ്കിൽ വാർഷിക കണക്കെടുപ്പായിരുന്നു. ശ്യാമളേച്ചിയും കൗസല്യയുമൊക്കെ ഇന്ന് ബാങ്കിൽ നിന്നിറങ്ങുമ്പോൾ ഒമ്പതു മണിയെങ്കിലുമാകും. മുതലാളിക്ക് തന്നോടുള്ള സ്നേഹം കൊണ്ട് മാത്രം ഏഴരയ്ക്കെങ്കിലും ഇറങ്ങാൻ പറ്റി. അവളുമാര് തന്നെ പ്രാകിക്കാണുമെന്നു ഉറപ്പാണ്. മുതലാളി കൊണ്ട് വിടാമെന്ന് പറഞ്ഞതാ. അനിയൻ ശ്യാം കാത്തു നിൽക്കുന്നുണ്ടെന്നു പറഞ്ഞു അയാളെ ഒഴിവാക്കി. അവനെ വിളിക്കാനും ശ്രമിച്ചു, മെസ്സേജും അയച്ചു. ഔട്ട് ഓഫ് റേഞ്ച് ആണ്. അവനെന്നും അങ്ങനെ തന്നെയാണല്ലോ. പിന്നെ അച്ഛനെ വിളിച്ചിട്ടു ഒരു കാര്യവുമില്ലെന്നു സുജയ്ക്കു നന്നായി അറിയാം അത് കൊണ്ട് അതിനു മിനക്കെട്ടില്ല. മഴ പെയ്യുമ്പോൾ നാടാകെ സന്തോഷിക്കുമ്പോഴും, തന്റെ വീട് ചോർന്നൊലിക്കുന്നുണ്ടാവും. സുജ മനസ്സിലോർത്തു. നാലഞ്ചു ഓട് മാറണം എന്ന് പറഞ്ഞിട്ട് മാസങ്ങളായി. രണ്ടു കഴുക്കോലും മാറണം. അതിനു വേണ്ടി ശ്യാമിന് ആയിരം രൂപ കൊടുത്തിട്ടു ഒരു മാസത്തോളമായി. ഇത് വരെ അത് നന്നാക്കിയിട്ടില്ല. ഇന്നവൻ വീട്ടിൽ വരട്ടെ, നല്ല രണ്ടെണ്ണം കൊടുക്കണം. സുജ അരിശം കൊണ്ടു. വീടെത്തിയപ്പോൾ ഏറ്റവും ഇളയവൾ സംഗീത ഇറയത്തു തന്നെ ചേച്ചിയെയും കാത്തു കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. കറന്റ് പോയത് കൊണ്ടു മെഴുകു തിരിയും കത്തിച്ചു വച്ച് കാത്തിരിക്കുകയാ പാവം. സംഗീത പ്ലസ് ഒന്നിനാണ്. പഠിക്കാൻ തരക്കേടില്ല. വീട്ടിലെ സാഹചര്യം വച്ച് മിടുക്കിയെന്നു പറയണം. വീട്ടിൽ കേറിയപ്പോഴേ സംഗീത പറഞ്ഞു, ചേച്ചി സൂക്ഷിക്കണം, രണ്ടു മൂന്ന് ചാരിവങ്ങൾ നിരത്തി വച്ചിരിക്കുകയാണ്, അതും കവിഞ്ഞു വെള്ളം മുറിയിലെങ്ങും പരന്നിരിക്കുകയാണ്. ഊഹം തെറ്റിയില്ലെന്നു സുജ മനസ്സിലോർത്തു.

Leave a Reply

Your email address will not be published. Required fields are marked *