കിനാവ് പോലെ 10
Kinavu Pole Part 10 | Author : Fireblade | Previous Part
കമന്റ് അയച്ച എല്ലാവർക്കും മറുപടി കൊടുക്കാനും ശ്രമിച്ചിട്ടുണ്ട് , വിട്ടുപോയവരുണ്ടെങ്കിൽ ക്ഷമിക്കുക…
ചെറിയ മാറ്റങ്ങളോടെതന്നെയാണ് ഈ ഭാഗവും എഴുതിയിട്ടുള്ളത് , ഇഷ്ടപ്പെടുമെന്ന വിശ്വാസത്തോടെ സമർപ്പിക്കുന്നു ….
കിനാവ് പോലെ 10
അച്ഛനെ കണ്ടപ്പോൾ അമ്മു ഒന്ന് പരുങ്ങി , ആ നിൽപ്പിലുള്ള ബുദ്ധിമുട്ട് കൊണ്ടാകാം…പിന്നെ എന്റെ കൈയ്യിനോട് ചേർന്നു നിന്നു….ഞാൻ അവളുമായി അവസാനസ്റ്റെപ് കേറുമ്പോളേക്കും അച്ഛൻ ഞങ്ങൾക്കടുത്തേക്ക് ഇങ്ങോട്ട് വന്നു ……
” അവിടെ പോയിട്ട് എന്ത് ചെയ്യാനാ….നമുക്ക് കുറച്ചു സമയം ഇവിടിരിക്കാം…”
പുള്ളി ഞങ്ങളെ രണ്ടിനേം പിടിച്ചുകൊണ്ടു പറഞ്ഞു…പിന്നെ സ്റ്റെപ്പിറങ്ങി താഴെ പോയി ദേഹം കഴുകി വൃത്തിയാക്കാൻ തുടങ്ങി ..ഞാൻ അമ്മുവിനേം കൊണ്ട് വീണ്ടും നടുവിലുള്ള സ്റ്റെപ്പിൽ വന്നിരുന്നു….അച്ഛൻ കഴുകി കഴിഞ്ഞു മുകളിൽ കേറി ഞങ്ങൾക്ക് താഴെയുള്ള സ്റ്റെപ്പിൽ അമ്മുവിന് അടുത്തായി ഇരുന്നു …
” കൊറച്ചു ദിവസായിട്ട് ഒരു വിവരോം ഇല്ലാരുന്നല്ലോ…! ഒരാൾക്ക് ഇവിടെ ഭക്ഷണോം വേണ്ട , സംസാരോം ഇല്ല , പഠിക്കേം വേണ്ട , അച്ഛനും വേണ്ട അമ്മേം വേണ്ട ഇനീപ്പോ എന്തെങ്കിലും ചോദിച്ചാൽ തന്നെ ദേഷ്യം ….ആലോചിച്ചു ആലോചിച്ചു പ്രാന്താവുമോ എന്നൊക്കെ ഞങ്ങൾ കരുതി …..ലേ കുട്ട്യേ …? ”
അച്ഛൻ അമ്മുവിനെ തട്ടി എന്നോട് പറഞ്ഞു ……ആദ്യമേ കണ്ണ് നിറച്ചു ഇരിക്കുകയായിരുന്ന അവളാണെങ്കിൽ ഞങ്ങൾ ചിരിച്ചു നോക്കുക കൂടി കണ്ടതോടെ കണ്ണിൽ നിന്നും കണ്ണീർ കുടു കൂടാ ഒഴുകാൻ തുടങ്ങി….കരയാതിരിക്കാൻ വേണ്ടിയാകണം തല താഴ്ത്തിപ്പിടിച്ചു ചുണ്ട് കടിച്ചുപിടിച്ചിരുന്നു …..
അത് കണ്ടപ്പോൾ ഞങ്ങൾക്ക് രണ്ടാൾക്കും വല്ലാണ്ടായി ….ചേർത്തുപിടിക്കാൻ ആഗ്രഹമുണ്ടെങ്കിലും അച്ഛൻ ഉള്ളതുകൊണ്ട് ഞാൻ മെനക്കെട്ടില്ല , എന്നാൽ അത് കണ്ടു അച്ഛൻ അവളോട് ചേർന്നിരുന്നു ….