മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1
Mazhavil Ninnu Parannirangiya Nakshathram Part 1 | Author : Smitha
“ഡിവിഷന്‍ നമ്പര്‍ പതിനാല്…”
അകലേക്ക് നീണ്ടു പോയി മഞ്ഞിന്‍റെ ആവരണത്തിലേക്ക് മറയുന്ന കോണിഫെറസ് മരങ്ങള്‍ നിറഞ്ഞ മലകളുടെ പശ്ചാത്തലത്തില്‍, പച്ച ബോര്‍ഡില്‍ വെള്ള അക്ഷരത്തില്‍ എഴുതിയത് സാന്ദ്ര പതിയെ വായിച്ചു. പിന്നെ അവള്‍ വെളിയിലേക്ക് നോക്കി.
“ആരെയും കാണുന്നില്ലല്ലോ…”
അവള്‍ നെറ്റി ചുളിച്ചു.
എറിക്കും ജഗ്ഗുവും രവീണയും ഫിലിപ്പുമൊക്കെ നേരത്തെ എത്തിക്കാണുമെന്നാണ് താന്‍ കരുതിയത്.
ബിര്‍ച്ചും മേപ്പിളും നിറഞ്ഞ നിബിഡവനത്തിന്‍റെ അതിരിലെ കനത്ത ഏകാന്തതയില്‍ ഇളനിലാവ് പരക്കാന്‍ തുടങ്ങി. ജാക്വിസ് കാര്‍റ്റിയര്‍ പര്‍വ്വതത്തില്‍ നിന്ന് നേര്‍ത്ത മഞ്ഞും ഡാഫഡില്‍ പൂക്കളുടെ മണമുള്ള കാറ്റും ചുറ്റും നിറഞ്ഞപ്പോള്‍ അവള്‍ നെവില്‍ സ്റ്റീഫനെപ്പറ്റിയോര്‍ത്തു.
ഗ്രീക്ക് ശില്‍പ്പത്തില്‍ കാണുന്നത്ര ഭംഗിയുള്ള മുഖം.
നീല നിറമുള്ള, വിടര്‍ന്ന കണ്ണുകള്‍.
ചേര്‍ന്നിരിക്കുന്ന, ചുംബിച്ചമര്‍ത്താന്‍ കൊതി തോന്നിപ്പിക്കുന്ന ചുണ്ടുകളുടെ ചുവപ്പ്.
അന്ന് തന്‍റെ വീടിന്‍റെയടുത്തുള്ള മാസങ്ങളായി ഒഴിഞ്ഞു കിടന്ന വില്‍ഫ്രഡ് തോംസണ്‍ അങ്കിളിന്‍റെ വീട്ടില്‍ താമസിക്കുകയായിരുന്നു അവനും മമ്മിയും. അന്ന്, ആകാശമാകെ, ചുവന്ന മേഘങ്ങള്‍, മേപ്പിള്‍ മരങ്ങള്‍ നിറഞ്ഞ ജാക്വിസ് കാര്‍ട്ടിയര്‍ മൌണ്ടന് മേല്‍ നിലാസ്പര്‍ശമേല്‍ക്കാന്‍ കാത്തുകിടക്കുമ്പോള്‍, താന്‍ വീടിന്‍റെ പിമ്പിലെ പൂളില്‍ ബിക്കിനിയുമുടുത്ത് നീന്തുകയായിരുന്നു. അപ്പോഴാണ് വല്ലാതെ കൊതിപ്പിക്കുന്ന മണം കാറ്റ് കൊണ്ടുവന്നത്. അതിന്‍റെ മണം അത്രമേല്‍ വശ്യമായതിനാല്‍ താന്‍ പൂളില്‍ നിന്നും കയറി ദേഹത്ത് ഒരു റോബ് എടുത്തു ചുറ്റി വീടിന്‍റെ മുന്‍ഭാഗത്തേക്ക് ചെന്നു. അപ്പോള്‍ റോഡിനപ്പുറത്ത്, സ്ലോപ്പിനു മേല്‍, വില്‍ഫ്രഡ് തോംസണ്‍ അങ്കിളിന്‍റെ വീടിന് മുമ്പില്‍ ഒരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നത് കണ്ടത്.
ഒറ്റ നോട്ടത്തില്‍ മനസ്സ് തുടിച്ചു.
അത്ര അടുത്തു നിന്നൊന്നുമല്ല അവനെ ആദ്യം കാണുന്നത്. എങ്കിലും അവന്‍റെ സൌന്ദര്യം വ്യക്തമായി താന്‍ കണ്ടു. പതിയെയാണ് അവന്‍റെ അടുത്തേക്ക് ചെന്നതെങ്കിലും മനസ്സ് കുതിക്കുകയായിരുന്നു.
ഹയാസിന്ത് ചെടികള്‍ വളര്‍ന്നു നിന്ന പടര്‍പ്പിനപ്പുറത്ത് ഒരു ഹോസ് പൈപ്പ് കയ്യില്‍ പിടിച്ച് ചെടികള്‍ നനയ്ക്കുകയാണ് അവന്‍ താന്‍ ചെല്ലുമ്പോള്‍.