ലക്ഷ്മി 10
Lakshmi Part 10 | Author : Maathu | Previous Part
എഴുതിയ അത്രയും പോസ്റ്റ് ചെയ്യുന്നു. ഇത്രയും താമസിക്കുന്നതിന്റെ കാരണങ്ങൾ പറയുന്നത് ക്ലിഷേ ആയി പോവുമെന്നതിനാൽ ഉദ്ധരിക്കുന്നില്ല…
അലാറത്തിന്റെ ദുഷ്കരമായ ശബ്ദം കാതുകളിൽ കുത്തി തുളച്ചു കയറുന്നത് കേട്ടിട്ടാണ് ഉറക്കത്തിൽ നിന്ന് വിട്ടത്..
കണ്ണ് തുറക്കാനൊരു മടി..
കൈ കൊണ്ട് ബെഡ്ഡിലൊന്നു പരതി നോക്കി. ദേവു എടുത്തു കൊണ്ട് പോയിട്ടുണ്ട് കണ്ണനെ . അല്ലേൽ അടുത്തുണ്ടായേനെ…
പുളിച്ച കണ്ണുകളെ വലിച്ചു തുറന്നു..
അടുത്തുള്ള ടൈം പീസിന് ഒരറ്റ അടിയങ് വച്ചു കൊടുത്തു.. അതോടെ അതിൽ നിന്ന് വന്നു കൊണ്ടിരുന്ന ചിലമ്പിച്ച ശബ്ദം നിലച്ചു..
ഇന്നിപ്പോ വെള്ളിയാഴ്ച്ച.. ഇന്നും കൂടെ പോയ രണ്ട് ദിവസം ഒഴിവ്..ഹാവൂ..
മോഹനങ്കിൾന്റെ സ്പെഷ്യൽ കൻസിഡെറേഷൻ ആണ് എനിക്ക്.. ഒരു കുട്ടിയുള്ളത് കൊണ്ട് ശനിയും ലീവെടുക്കാന്നുള്ളത്.. അതിന്റെ പുറമെ വേറെയും.. ഒന്ന് സോപ്പിട്ടാൽ വഴുതി പോകുന്ന ആളാണേ..
ബാത്റൂമിലേക്ക് കയറുമ്പോഴാണ് അരികിലുള്ള ബസ്കറ്റിൽ കിച്ചുവിന്റെ ഷർട്ട് കിടക്കുന്നത് കാണുന്നേ.
ഇങ്ങനെ ഒരുത്തൻ ഇവിടുണ്ടായിരുന്നല്ലോന്ന് അപ്പോഴാണ് ഓർത്തത്.. ഇവിടുന്ന് പോയോ അതോ താഴെ ഉണ്ടാകുവോ ആവോ..
കുളിയും കഴിഞ്ഞ് ആ വെള്ള സാരിയും കറുപ്പ് ബ്ലൗസുമിട്ട് പുറത്തിറങ്ങി..
ഒരു കുഞ്ഞു കറുത്ത പൊട്ട് കണ്ണാടിയിൽ നിന്ന് അടർത്തിയെടുത്ത്
പുരികങ്ങൾക്കിടയിലേക്ക് വച്ചു.. അറിയാതെ തന്നെ
ഡ്രോയിൽ കിടക്കുന്ന കണ്മഷിയിലേക്ക് കൈ നീണ്ടു.. പിന്നെ ഒന്നും നോക്കിയില്ല നീട്ടിയങ്ങോട്ട് വരച്ചു.. ആഹാ.. ഐശ്വര്യ റായി വരെ തോറ്റുപോകും ഇപ്പോ എന്റെ മുൻപിൽ.
കണ്ണാടിയുടെ മുന്നിൽ നിന്ന് അങ്ങനെയൊരു പ്രഹസനവും നടത്തി തയോട്ടിറെങ്ങി. ഇന്നെന്തോ ഒരു ഉന്മേഷമൊക്കെ..
താഴെ കാണാത്തത് കൊണ്ട് കിച്ചു പോയിട്ടുണ്ടെന്ന് ഉറപ്പിച്ചു . ഇന്നലത്തെ മഴയിൽ പെഴുതിറങ്ങിയ വെള്ളം ഇപ്പോഴും മരത്തിന്റെ ചില്ലകളിലൂടെ ധാര ധാരയായി ഒഴുകുന്നുണ്ട്..
..ചീവിടുകളുടെ ഒച്ചപ്പാടും തണുത്ത അന്തരീക്ഷവും…ഇപ്പോ മൂടി പുതച്ചുറങ്ങിയാ ഹോ
ദേവു കണ്ണനെയും എടുത്ത് മുറ്റത്തുകൂടെ നടക്കാണ്. അവളവന് കൈ ചൂണ്ടി എന്തെല്ലോ പറഞ്ഞു കൊടുക്കുന്നുണ്ട്.