അനുരാഗപുഷ്പങ്ങൾ [രുദ്ര]

Posted by

അനുരാഗപുഷ്പങ്ങൾ

Anuragapushpangal | Author : Rudra 

(കുറച്ചു നാളുകൾക്കു ശേഷം വീണ്ടും അമലേട്ടന്റെയും ഇന്ദൂട്ടിയുടെയും കഥയുമായി ഞാൻ വരികയാണ്…. എത്രത്തോളം നന്നാകും എന്നറിയില്ല….’ ഇളംതെന്നൽ പോലെ ‘ യ്ക്ക് നിങ്ങൾ തന്ന സപ്പോർട്ട് ഇതിനും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു….. ആശയപരമായും യുക്തിപരമായുമുള്ള തെറ്റുകുറ്റങ്ങൾ പ്രിയവായനക്കാർ ക്ഷെമിക്കുക…..)

“”””ഈ വാകച്ചുവട്ടിൽ വാടി വീണ പൂക്കളും
എന്റെ കാത്തിരിപ്പിനെയോർത്ത് ചിരിക്കുകയാണ് സഖി…..
എന്നിലൊഴുകുന്ന പ്രണയം
അലയോടുങ്ങാത്ത കടലാണെന്ന് നിന്നെ പോലെ അവയ്ക്കും അറിയില്ലല്ലോ….”””””

 

കാർ പാർക്കിങ്ങിൽ വച്ച് അമൽ ലിഫ്റ്റിനടുത്തേക്ക് നടന്നു…. പതിവ് മുഖങ്ങളും പതിവ് കാഴ്ചകളും ഒന്നിനും മാറ്റമില്ലാത്ത മറ്റൊരു ദിവസം കൂടി കടന്നുപോയിരിക്കുന്നു…. പക്ഷെ എല്ലാത്തിലും ഒരു അപരിചിതത്വം…. ഇതൊന്നും തന്റേതല്ല…. തനിക്കവകാശപെട്ടതല്ല എന്നൊരു തോന്നൽ അവന്റെ ഉള്ളിൽ നിന്നും മുഖത്ത് പ്രീതിധ്വനിച്ചിരുന്നു….. അതെ വിരസതയില്ലേക്ക് പറിച്ചു നട്ടിട്ട് വർഷങ്ങൾ കുറെ ആയിരിക്കുന്നു….
ലിഫ്റ്റ് ഓപ്പൺ ആയപ്പോൾ ഓപ്പോസിറ്റ് ഫ്ലാറ്റിൽ താമസിക്കുന്ന സേട്ട് ഒരു ബൊമ്മയെ പോലെ അതിൽ നിൽക്കുന്നു…. അങ്ങോട്ടോ ഇങ്ങോട്ടോ ഒരു പുഞ്ചിരി ഉണ്ടായില്ല…. അത് പതിവുള്ളതല്ല…. നഗരങ്ങളിലെ തിരക്കിട്ട ജീവിതം…. അത് ഇങ്ങനൊക്കെയാണ്…. ആരും ആരോടും ചിരിക്കാൻ പോലും കൂട്ടാക്കാറില്ല… എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലായിരിക്കും എപ്പോളും…. ഇവിടെ എത്തിയപ്പോൾ ആദ്യമായി ശീലിച്ചതും അത് തന്നെയാണ്…. പുഞ്ചിരി അനാവശ്യമായ വികാരപ്രകടനം എന്നനിലയിലേക്ക് താണു പോയിരിക്കുന്നു….

ഫ്ലാറ്റിന്റെ ഡോർ തുറന്നു…. ബാഗ് ഒരു സൈഡിലേക്ക് ഇട്ടു…. മൊബൈൽ എടുത്ത് അമ്മയെ ഒന്നു വിളിച്ചു…. അച്ഛൻ സംസാരിക്കില്ലെന്ന് വാശിയിൽ തന്നെയാണ്…. അല്ലെങ്കിലും പഴയ പ്രതാപവും വാശിയ്ക്കും മുകളിൽ ആൾക്ക് ഇപ്പോളും ഒന്നുമില്ല…. സ്വന്തം മകൻ പോലും… അമ്മ പഴയതുപോലെ പരിഭവത്തിന്റെ ഭാണ്ഡക്കെട്ട് തുറന്നു…. വിവാഹം എന്ന ബാലികേറാ മല അന്നും മുൻപിൽ ചോദ്യചിഹ്നമായി നിന്നു….

വിവാഹം … കേൾക്കുമ്പോൾ തല പെരുക്കുന്നു…. കാതുകളിൽ ഒരു നനുത്ത പുഞ്ചിരിയും ഉള്ളിൽ അവളുടെ കരിനീല മിഴികളുമാണ് വിവാഹം എന്ന് കേൾക്കുമ്പോൾ ഓടിയെത്തുന്നത്… പിടിച്ചു വാങ്ങുന്ന സ്നേഹത്തിന് യാതൊരു അർത്ഥവും ഉണ്ടാകില്ലന്നുള്ള ഉറപ്പുകൊണ്ടാണ് അവളെ ഉപേക്ഷിക്കേണ്ടി വന്നത്…. ഇന്നും അതിനെയോർത്ത് വിഷമിക്കുന്നു…. ആ ദിവസത്തെ ശപിക്കുന്നു….

സമയമേറെ കഴിഞ്ഞിട്ടും ഉറങ്ങാൻ കഴിയാത്തത് കൊണ്ട് സ്ലീപ്പിങ് പിൽസ് എടുക്കാൻ അവൻ ബെഡിൽ നിന്നും എഴുന്നേറ്റു…. ആ സമയത്താണ് മൊബൈൽ റിങ് ചെയ്തത്…. സ്‌ക്രീനിൽ അരവിന്ദ് എന്ന് തെളിഞ്ഞു വന്നത് കണ്ടപ്പോൾ അവന്റെ ഉള്ളിൽ അറിയാതെ ഒരു പിടച്ചിൽ…. അത്രയും നാൾ കൈമോശം വന്ന പ്രസരിപ്പ് ഒരു നിമിഷം കൊണ്ട് തിരികെ വന്നത് പോലെ….

Leave a Reply

Your email address will not be published. Required fields are marked *