സ്നേഹതീരം
Snehatheeram | Author : Angel
കഴുത്തോളം വെള്ളം.. ആരോ ശക്തമായി താഴേക്ക് വലിച്ചിടുന്നു. തൊണ്ടയിലൂടെ കാറി ചുമച്ചു കൊണ്ട് താഴേക്കിറങ്ങുന്ന വെള്ളം… കൈകാലിട്ടടിക്കുമ്പോൾ
അരികിലെ ചെങ്കൽ ഭിത്തികളിൽ തട്ടി പതഞ്ഞു പൊന്തുന്ന നുര… ഭിത്തിയിൽ കോറിവരഞ്ഞ കൈകളിൽ ചുവന്ന
– ചെങ്കൽച്ചായം…!
ഒരു ശ്വാസത്തിന്റെ തീവ്രമായ നീറ്റലിൽ ഞെട്ടി
പിണഞ്ഞുണർന്നു പോയി… സ്വപ്നം….
എന്തേയിങ്ങനെ ഒന്ന്?? ഇപ്പോഴും തൊണ്ട കാറി ഇരുമ്പുചൊയ
ഉണ്ടോ.. വല്ലാത്തൊരു നീറ്റലും..!
ഇന്നാണ് ജനുവരി മൂന്ന്.. ഇന്നലെ രാത്രി കണ്ണടക്കാനേ സാധിച്ചില്ലായിരുന്നു.. ഉറങ്ങിയതെപ്പോഴായിരുന്നു. ആ സ്വപ്നം.
എപ്പോഴായിരുന്നു മിഴിയിൽ വന്നു പോയത്..?
മൂന്ന്……. ഒറ്റസംഖ്യ..!
വിഭജിക്കുമ്പോൾ തനിച്ചു മാറിനിൽക്കേണ്ട ഒരാത്മാവ് എപ്പോഴും മൂന്നിലുണ്ട്. രണ്ട് പേർ
കൈ കോർത്തു പിടിക്കുമ്പോൾ ഒറ്റക്കാവുന്ന ഒന്ന്…
ഇന്നാണ് എന്റെ അതിഥി എന്നെ തിരഞ്ഞു വരുന്ന ദിവസം..
കാത്തിരുന്നിരുന്നോ ഞാൻ..?
ഉണ്ടാവില്ല. കരക്ക് പിടിച്ചിട്ട മീനിന്റെ പോലെയായിരുന്നു
ഹൃദയം..
പിടഞ്ഞുച്ചാടി, ഒരിറ്റു ജലകണികക്കായി വേപഥു
പൂണ്ട്, പതിയെ പതിയെ യാഥാർത്ഥ്യം അറിഞ്ഞറിഞ്ഞ് ഇടക്കൊരു ഞെട്ടലിൽ ഉണർന്ന് തുള്ളി പിന്നെയും നിശ്ചലമായി
മരണത്തെ ആഗ്രഹിച്ച് നിശബ്ദമായൊരു ഹൃദയം…
സുന്ദരിയാണോ അവൾ.. നിന്നോട് നിർത്താതെ
സംസാരിച്ചിരിക്കാറുണ്ടോ അവൾ… നിങ്ങൾ ഒരുമിച്ച്
ലക്ഷ്യമില്ലാത്ത യാത്രകൾ പോവാറുണ്ടോ..? അവളുടെ കൈവിരലുകളെ ചുംബിക്കാറുണ്ടോ നീ… പെട്ടെന്ന്
പിണങ്ങുകയും എളുപ്പത്തിൽ ഇണങ്ങുകയും ചെയ്യുമോ
അവളും…. ഇനിയുമുണ്ട് ചോദ്യങ്ങൾ.. പക്ഷേ ഇനിയും ചോദ്യമുണ്ടാക്കി സ്വയമെരിയാൻ വയ്യ എനിക്ക്…!