ഒരു നേർത്തക്കാറ്റിൻ മർമ്മരഗീതം
Oru Nertha Kattin Marmarageetham
രചന : വിനു വിനീഷ്
കോരിച്ചൊരിയുന്ന മഴ.
മഴനീർത്തുള്ളികൾ ഇലകളെപുൽകി മണ്ണിൽവന്ന് ആനന്ദനൃത്തമാടുന്നത് തന്റെ അഞ്ജനമിഴികൾ കൗതുകത്തോടെ നോക്കിനിന്നു.
കൊലുസുകൾ കിലുങ്ങുന്ന ശബ്ദത്തിലുള്ള അവരുടെ കുസൃതികൾ കണ്ട് അവളറിയാതൊന്നുപുഞ്ചിരിച്ചു.
പുഞ്ചിരിയിൽ അവളുടെ നുണക്കുഴികവിൾ കൊഞ്ഞനം കുത്തി.
മഴ ക്രമാതീതമായി കുറഞ്ഞുവന്നു.
“മഴ കുറഞ്ഞെന്നുതോന്നുന്നു പോണോ…
അല്ലേ വേണ്ട പനിപിടിച്ചാൽ ഞാൻതന്നെ സഹിക്കണം..”
ബസ്സ് വെയ്റ്റിംഗ് ഷെഡിന്റെ പുറത്തേക്ക് തന്റെ നീളമുള്ള കൈകൾ നീട്ടി മഴയുടെ ശക്തികുറഞ്ഞോ എന്ന് അവൾ പരീക്ഷിച്ചു.
ആസ്പറ്റോസ്കൊണ്ട് മേഞ്ഞഷെഡിന്റെ ഇടയിലൂടെ ഒരുമഴത്തുള്ളി അവളുടെ നെറ്റിയിൽ ചെന്ന് പതിച്ചു,
ചെറുപുഞ്ചിരിയോടെ അവളത് മെല്ലെ തുടച്ചുനീക്കി.
കുറഞ്ഞെന്നുകരുതിയ മഴ പൂർവ്വാധികം ശക്തിയോട് കൂടി തിമിർത്തു പെയ്തു.
കാർമേഘങ്ങളാൽ ചുറ്റിലും ഇരുട്ട് വന്നുമൂടി.
പെട്ടന്നൊരു ബൈക്ക് ബസ്സ് വെയ്റ്റിങ് ഷെഡിന്റെ അടുത്ത് വന്നുനിന്നു.
ഇൻസൈഡ് ചെയ്‌ത് ആകാശനീലയിൽ കറുപ്പ് ലൈൻ കൊണ്ട് ഡിസൈൻ ചെയ്ത ഷർട്ടും, കറുപ്പ് പാന്റുംമിട്ട് ഒരു ചെറുപ്പക്കാരൻ ഹെൽമെറ്റ് ധരിച്ച് വൈറ്റിങ് ഷെഡിലേക്ക് കയറിനിന്നു.
“ഹോ..നശിച്ചമഴകാരണം ഒരു സ്ഥലത്തേക്കും പോകാൻ കഴിയുന്നില്ലല്ലോ ദൈവമേ…”
ഹെൽമെറ്റ് ഊരി അയാൾ തന്റെ ബാഗിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളെ കൈകൊണ്ട് തട്ടിത്തെറിപ്പിച്ചുകൊണ്ട് പറഞ്ഞു.
ആർത്തുപെയ്യുന്ന മഴയെ ശപിച്ചുകൊണ്ട് അയാൾ എന്തൊക്കെയോ പിറുപിറുത്തു.
ഇതെല്ലാം കണ്ട് ഉള്ളിലൊന്നു ചിരിച്ചു ദീപ.
ദീപ.
കഷ്ട്ടപ്പെട്ട് പഠിച്ച് തരക്കേടില്ലാത്തൊരു ജോലിനേടി, അധികം തടിയില്ലാത്ത മെലിഞ്ഞ് വെളുത്ത ശരീരം,
ഇടത് മൂക്കിനെ ഭംഗികൂട്ടി വെള്ളക്കല്ല് പതിച്ച മൂക്കുത്തി മൂടിക്കെട്ടിയ അന്തരീക്ഷത്തിലും തിളങ്ങുന്നുണ്ടായിരുന്നു.
ആർദ്രമായ ഇളംങ്കാറ്റിൽ അവളുടെ ഇടതൂർന്ന മുടിയിഴകൾ പാറിക്കളിച്ചു.
“പതിനഞ്ചു മിനുട്ട് കഴിഞ്ഞു മഴക്കൊരു കുറവുല്ല്യാ..അല്ലേ”
മുഖത്ത് പതിച്ച മഴത്തുള്ളികളെ വലംകൈകൊണ്ട് തുടച്ചുനീക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.
ശരിയാണെന്ന ഭാവത്തിൽ ദീപ തലകുലുക്കി..
“ഒരുപാട് നേരായോ കുട്ടി ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്..?”
ദീപക്ക് നേരെ നിന്ന് അയാൾ വീണ്ടുംചോദിച്ചു.
“ഉവ്വ് ചേട്ടാ…ഒരു മണിക്കൂറാകുന്നു…”
“ഹഹഹ….അടിപൊളി. ഇന്നത്തെ ഇന്റർവ്യൂ ഗോവിന്ദാ.”
ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.
“എന്താ…?”
“അല്ല കുട്ടി, ഒരു ഇന്റർവ്യൂ ണ്ടേ,
മഴകാരണം അതും മുടങ്ങി.
കണ്ടില്ലേ ഫയലൊക്കെ നനഞ്ഞു..”
നിരാശയോടെ അയാൾ ദീപയോട് പറഞ്ഞു.
“ഓഹ്… സാരമില്ല…അടുത്ത തവണ നോക്കാം..”
ദീപ അയാളെ സമാധാനിപ്പിച്ചു.
“നോക്കി,നോക്കി ഇതിപ്പോ എനിക്ക് തന്നെ എണ്ണം തെറ്റി.”
“ഓഹ്..അപ്പൊ ഒരു ഹൈ എജ്യൂക്കേറ്റഡ് ആണല്ലേ..”
പുഞ്ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“അതെ…കൊള്ളാല്ലോ ഗടി. എങ്ങനെ മനസിലായി…”
അത്ഭുതത്തോടെ അയാൾ ദീപയെനോക്കി.
“സാധാരണ അങ്ങനെയാണല്ലോ.. പഠിപ്പുള്ളവർക്ക് ഏതു ജോലികിട്ടിയാലും അതുപോരാ, അതിനേക്കാളും വലുത് എന്തോ കിട്ടാനുണ്ട് എന്ന തോന്നലുണ്ടാകും..
അപ്പൊ അന്വേഷിച്ചു കൊണ്ടേയിരിക്കും..”
“ന്റെ കൃഷ്ണാ…സമ്മതിച്ചു…എന്താ തന്റെ പേര്..”
“ദീപ. ഇവിടെ ഇൻ ഡിസൈൻ കമ്പനിയിലെ ഫാഷൻ ഡിസൈനർ ആണ്…”
“ആണോ…ഞാൻ അജു…”
പേരുകേട്ട ഉടനെ അവൾ ഒന്ന് പുഞ്ചിരിച്ചു
“എന്തിനാ ചിരിച്ചേ…”
അയാൾ ഇടത് കൈയാൽനെറുകയിൽ തിരുമ്പികൊണ്ട് ചോദിച്ചു.
” ബാംഗ്ളൂർ ഡേയ്സിലെ ദുൽക്കർ സൽമാനെ ഓർത്തുപോയി..
അതുകൊണ്ട് ചിരിച്ചതാ…”
“ദീപാ….വേണ്ടാട്ടോ….കളിയാക്കുന്നതിലും ഒരു പരുതിയൊക്കെയുണ്ട്…”
അവളുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് അജു പറഞ്ഞു.
“വിട് മാഷേ.. തമാശപറഞ്ഞതല്ലേ…വീട്ടിൽ ആരൊക്കെയുണ്ട് ?..”
” അമ്മ,അനിയത്തി,അച്ഛൻ കഴിഞ്ഞ വർഷം മരിച്ചു. അറ്റാക്കായിരുന്നു.
ഇയ്യാളുടെ വീട്ടിലോ….?”